ADVERTISEMENT

ബെംഗളൂരു∙ ഭൂമി ഏറ്റെടുക്കുന്നതിലെ സാങ്കേതിക കുരുക്കുകൾ മാറിയതോടെ കെആർ പുരം മെട്രോ – റെയിൽവേ സ്റ്റേഷനുകളെ ബന്ധിപ്പിക്കുന്ന കാൽനട മേൽപാല നിർമാണം പുനരാരംഭിക്കാൻ ബിഎംആർസി. അടുത്തമാസം അവസാനത്തോടെ നിർമാണം  പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ വർഷം നവംബറിൽ ആരംഭിച്ച നിർമാണം പിന്നീട് മുടങ്ങി. ചല്ലഘട്ടെ–വൈറ്റ്ഫീൽഡ് മെട്രോ പാതയും നിർദിഷ്ട കെആർ പുരം–വിമാനത്താവള മെട്രോയും സംഗമിക്കുന്ന കെആർ പുരത്ത് പാലം നിർമിക്കാൻ ദക്ഷിണ പശ്ചിമ റെയിൽവേ സ്ഥലം വിട്ടുനൽകിയിരുന്നു. വിമാനത്താവള പാതയുടെ ഇന്റർചേഞ്ച് സ്റ്റേഷനുമായാണു മേൽപാലം ബന്ധിപ്പിക്കുന്നത്. റെയിൽവേ സ്റ്റേഷൻ ഭാഗത്തെ പാലം നിർമാണം 80 ശതമാനവും പൂർത്തിയായി. ഓൾഡ് മദ്രാസ് റോഡും ബെംഗളൂരു–കോലാർ ദേശീയപാതയും സംഗമിക്കുന്ന കെആർ പുരം ജംക്‌ഷനിൽ തന്നെയാണു മെട്രോ, റെയിൽവേ സ്റ്റേഷനുകളുള്ളത്. തിരക്കേറിയ റോഡ് കടന്നാൽ മാത്രമേ ഇരു സ്റ്റേഷനുകളിലും എത്താൻ കഴിയൂ. വലിയ ലഗേജുകളുമായി റോഡ് കടക്കുമ്പോൾ വാഹനങ്ങൾ ഇടിച്ചുള്ള അപകടങ്ങളും സമീപകാലത്ത് വർധിച്ചിരുന്നു. മലയാളി യാത്രക്കാർ ഏറെ ആശ്രയിക്കുന്ന കെആർ പുരം റെയിൽവേ സ്റ്റേഷൻ അമൃത് ഭാരത് പദ്ധതിയിൽ നവീകരിക്കുന്നതും പുരോഗമിക്കുകയാണ്. 

കെആർ പുരം മെട്രോ സ്റ്റേഷന് ഒരു കവാടം കൂടി 
പർപ്പിൾ ലൈനിലെ തിരക്കേറിയ സ്റ്റേഷനായ കെആർ പുരത്ത് മേൽപാലം കൂടി വരുന്നതോടെ ഒരു പ്രവേശനകവാടം കൂടി പ്രവർത്തന സജ്ജമാകും. ഇതോടെ സ്റ്റേഷനിലെ  ഒന്നാം പ്രവേശന കവാടത്തിലെ തിരക്ക് കുറയും. നിലവിൽ 2 പ്രവേശന കവാടങ്ങളുള്ള സ്റ്റേഷനിൽ റെയിൽവേ സ്റ്റേഷന്റെ എതിർവശത്തുള്ള ഒന്നാം കവാടമാണ് ഭൂരിഭാഗം പേരും ആശ്രയിക്കുന്നത്. ബിഎംടിസിയുടെ ഫീഡർ ബസ് സർവീസുകളും ഇവിടെ നിന്നാണ് പുറപ്പെടുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com