ADVERTISEMENT

ബെംഗളൂരു∙ കാലവർഷത്തിന് മുന്നേ അടിപ്പാതകളിലെ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള നടപടികൾ  വേണ്ടത്ര ഫലം കാണുന്നില്ല. ഒരു പരിധിക്കപ്പുറം അടിപ്പാതകളിൽ ജലം ഉയർന്നാൽ ബാരിക്കേഡുകൾ സ്ഥാപിച്ച് ഗതാഗതം തടയുകയേ നിലവിൽ നിവൃത്തിയുള്ളൂ.കഴിഞ്ഞ ദിവസത്തെ മഴയിൽ തന്നെ നഗരത്തിലെ പ്രധാന റോഡുകളിലെ അടിപ്പാതകളിൽ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടിരുന്നു. ബിബിഎംപി പരിധിയിലുള്ള  71 അടിപ്പാതകളിൽ 18 എണ്ണം റെയിൽവേ അടിപ്പാതകളാണ്.വെള്ളം ഒലിച്ചുപോകാനുള്ള ഓവുചാലുകളിൽ ചെളി നിറയുന്നതോടെ നിമിഷ നേരം കൊണ്ട് അടിപ്പാതകൾ മുങ്ങും. 

കഴിഞ്ഞ വർഷം മേയ് 21ന് വിധാൻസൗധയ്ക്ക് സമീപം കെആർ സർക്കിൾ അടിപ്പാതയിൽ കാർ മുങ്ങി ഐടി ജീവനക്കാരി മരിച്ചിരുന്നു. ഇതിനു ശേഷമാണ് അടിപ്പാതകളിലെ വെള്ളക്കെട്ട് പ്രശ്നം ശാസ്ത്രീയമായി പരിഹരിക്കാൻ ബിബിഎംപി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിന്റെ (ഐഐഎസ്‌സി) സഹായം തേടിയത്. അടിപ്പാതകളുടെ രൂപഘടന ഉൾപ്പെടെ മാറ്റാനുള്ള നിർദേശം ഐഐഎസ്‌സി നൽകിയിരുന്നെങ്കിലും സ്ഥലമേറ്റെടുപ്പ് ഉൾപ്പെടെ പ്രതിസന്ധിയായതോടെ തുടർ നടപടികൾ ഉണ്ടായില്ല. 

മേൽക്കൂര സ്ഥാപിക്കൽ മുടങ്ങി
സ്ഥിരമായി മുങ്ങുന്ന അടിപ്പാതകളിൽ മേൽക്കൂര സ്ഥാപിക്കാനുള്ള പദ്ധതി ചുരുക്കം ചില സ്ഥലങ്ങളിൽ മാത്രമായി ഒതുങ്ങി. നഗരത്തിലെ വെള്ളക്കെട്ട് രൂക്ഷമായ 4 അടിപ്പാതകളിലാണ് ആദ്യഘട്ടത്തിൽ േമൽക്കൂര സ്ഥാപിക്കാൻ  ബിബിഎംപി നടപടി തുടങ്ങിയത്.  ഇതിൽ കണ്ണിങ് ഹാം റോഡ്–സാങ്കി റോഡ് ജംക്‌ഷനിൽ മാത്രമാണ് മേൽക്കൂര സ്ഥാപിക്കൽ പൂർത്തിയായത്. 

കെആർ സർക്കിൾ, കിനോ തിയറ്റർ, കാവേരി തിയറ്റർ എന്നിവിടങ്ങളിലെ അടിപ്പാതകളിൽ പ്രവൃത്തികൾ ഇനിയും അവശേഷിക്കുകയാണ്. യു ആകൃതിയിൽ നിർമിച്ച അടിപ്പാതകളിൽ വെള്ളം നേരിട്ട് ഉള്ളിലേക്ക് കുത്തിയൊലിക്കുന്നത് തടയാൻ വേണ്ടിയാണ്  മേൽക്കൂര സ്ഥാപിക്കുന്നത്. സിസിടിവി ക്യാമറകൾ സ്ഥാപിക്കുന്നത് പൂർത്തിയായി. സമീപകാലത്ത് നിർമാണം പൂർത്തിയായ ഒക്കലിപുരം സിഗ്‌നൽ രഹിത ഇടനാഴിയുടെ ഭാഗമായ 4 അടിപ്പാതകളിലും വെള്ളക്കെട്ട് പ്രശ്നം രൂക്ഷമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com