ADVERTISEMENT

ചെന്നൈ∙ അവസാനവട്ട ഒരുക്കവും കഴിഞ്ഞു. ഇനി ആഘോഷമാണ്. കാർഷിക സമൃദ്ധിയുടെയും നല്ല നാളെയുടെയും പ്രതീക്ഷയായ പൊങ്കലിന് ഇന്നു തുടക്കം. തുണി, ഗാർഹിക സാമഗ്രികൾ എന്നിവ ഉൾപ്പെടെ പഴയ സാധനങ്ങൾ കത്തിക്കുന്ന ബോഗി പൊങ്കലാണ് ഇന്ന്. തിന്മയിൽ നിന്നും ജീർണിച്ച മനസ്സിൽ നിന്നുമുള്ള അഗ്‌നിശുദ്ധി കൂടിയാണു ബോഗി. നഗരത്തിൽ ഇന്നലെയും തിരക്കിന്റെ പൂരമായിരുന്നു. ഉത്സവകാല ഷോപ്പിങ്ങ് പൂർത്തിയാക്കാനുള്ള പാച്ചിലിലായിരുന്നു പലരും.

എല്ലാ കടകളിലും വലിയ ഓഫറുകളാണു ജനങ്ങളെ സ്വാഗതം ചെയ്തത്. അതിനാൽ ഇന്നലെ രാവിലെ മുതൽ ഗതാഗതക്കുരുക്കും രൂക്ഷമായി. നിബന്ധനകളോടെ കോഴിപ്പോരിന് അനുമതി നൽകിയതോടെ തമിഴക ഗ്രാമങ്ങളിൽ ഇത്തവണ പൊങ്കലിന് ആവേശം കൂടും. ജെല്ലിക്കെട്ടിനൊപ്പം പലയിടത്തും കോഴിപ്പോരും നടക്കും. കോഴികളുടെ കഴുത്തിൽ കത്തിവച്ചു കെട്ടരുത് എന്നതുൾപ്പെടെയുള്ള നിബന്ധനകളോടെയാണ് അനുമതി.

പുകയില്ലാത്ത ബോഗിക്ക് നിർദേശം

∙ വിമാനത്താവളത്തിനടുത്ത് താമസിക്കുന്നവർ ബോഗി പൊങ്കലിനു പഴയ സാധനങ്ങൾ കത്തിക്കരുതെന്ന് അഭ്യർഥിച്ച് ചെന്നൈ വിമാനത്താവള അധികൃതർ. കത്തിക്കുന്നതിലൂടെ അന്തരീക്ഷം പുക നിറയുമെന്നും ഇത് വിമാന സർവീസുകളെ ബാധിക്കുമെന്നും അറിയിച്ചു. കത്തിക്കുന്നതിന്റെ ദൂഷ്യങ്ങൾ വിശദീകരിച്ച് ലഘുലേഖകൾ വിതരണം ചെയ്തു. പുക രൂക്ഷമായതിനാൽ 2018ൽ ഒട്ടേറെ വിമാനങ്ങളുടെ സർവീസ് താറുമാറായിരുന്നു.

‘നാടുവിട്ടവർ അഞ്ച് ലക്ഷം 

∙ പൊങ്കൽ പ്രമാണിച്ചു കഴിഞ്ഞ മൂന്നു ദിവസങ്ങളിൽ നഗരത്തിൽ നിന്നു നാട്ടിലേക്കു ബസുകളിൽ യാത്ര ചെയ്തത് അഞ്ചു ലക്ഷം പേർ. ഇതുവഴി ഗതാഗത വകുപ്പിന്റെ പോക്കറ്റിലെത്തിയത് 10 കോടി രൂപ! പൊങ്കൽ തിരക്ക് കുറയ്ക്കാൻ ചെന്നൈയിൽ നിന്ന് 16,075 സ്പെഷൽ ബസുകളാണു സർക്കാർ ഓടിച്ചത്.  കോയമ്പേട്, മാധവാരം, കെകെ നഗർ, താംബരം, പൂനമല്ലി ബസ് സ്റ്റാൻഡുകളിൽ നിന്നാണു ബസുകൾ പുറപ്പെട്ടത്.  അവധി കഴിഞ്ഞു തിരിച്ചു പോകുന്നതിനായി ചെന്നൈയിൽ നിന്നു നാലായിരത്തിലധികം സ്പെഷൽ ബസുകളാണുള്ളത്.

പൊങ്കലിനു വള്ളംകളി‍

∙ പൊങ്കൽ ആഘോഷം ‘വെള്ളത്തിലാക്കാനുള്ള’ പരിപാടികളിലാണു തമിഴ്നാട് ടൂറിസം ഡവലപ്മെന്റ് കോർപറേഷൻ (ടിടിഡിസി). ഇസിആറിലെ മുട്ടുകാടിലും മുദലിയാർ കുപ്പത്തിലും 16ന് ടിടിഡിസി വള്ളംകളി നടത്തും.  കയാക്ക്, റോവിങ്, പെഡൽ ബോട്ടുകളിലാണു മത്സരം. വിവരങ്ങൾക്ക്: 9176995826, 9176995827.

മലയാളികളുടെ പൊങ്കൽ

∙ ജീവിക്കുന്ന നാട്ടിലെ ആഘോഷങ്ങൾ കെങ്കേമമായി ആഘോഷിക്കാൻ മലയാളികൾ മടിക്കാറില്ല. പൊങ്കലിന്റെ കാര്യത്തിലും കാര്യങ്ങൾ വ്യത്യസ്തമല്ല. പരമ്പരാഗത രീതിയിൽ തന്നെയാണു നഗരത്തിലെ മലയാളികളും പൊങ്കലിനെ വരവേൽക്കുന്നത്.കാർഡ് ഉടമകളായ മലയാളികൾക്കെല്ലാം സർക്കാരിന്റെ പൊങ്കൽ സമ്മാനമായി 1000 രൂപയും കിറ്റും ലഭിച്ചിട്ടുണ്ട്.  പൊങ്കലിനു മുന്നോടിയായുള്ള ഷോപ്പിങ് തന്നെയാണ് ആദ്യ ഘട്ടം. 

തിരക്കേറിയ വസ്ത്ര വ്യാപാര ശാലകളിലും മറ്റുമായി ഒഴുകി നടക്കുന്ന ജനക്കൂട്ടത്തിൽ ഏറെ മലയാളികളെയും കാണാം. പൊങ്കൽ എല്ലാവരുടേതാണെന്നും ആഘോഷങ്ങൾക്കു കുറവില്ലെന്നും റിട്ട. സൈനികൻ ഭരതൻ പറഞ്ഞു. അതിരാവിലെ മുറ്റത്തു കോലം വരയ്ക്കും. പിന്നീട് എല്ലാവരും പുതുവസ്ത്രം അണിയും തുടർന്നു പ്രധാന ആഘോഷമായ പൊങ്കൽ തയാറാക്കും. 

ശർക്കരയും അരിയും എല്ലാം ചേർത്തു തയാറാക്കുന്ന പൊങ്കൽ ഉച്ചഭക്ഷണത്തോടൊപ്പം വിളമ്പും. പൊങ്കൽ മധുരമുള്ളതാക്കാൻ എല്ലാവർക്കും കരിമ്പ് നൽകുമെന്നും കുടുംബാംഗങ്ങളെ സന്ദർശിക്കുമെന്നും ഭരതൻ പറയുന്നു. പാവപ്പെട്ടവരെ സഹായിച്ചും അശരണർക്കു കൈത്താങ്ങായും ഭരതനും കുടുംബവും പൊങ്കലിനെ വേറിട്ടതാക്കുന്നു.

റേഷൻ കിറ്റ് 21 വരെ

∙ റേഷൻ കാർ‍‍ഡ് ഉടമകൾക്കു സർക്കാർ നൽകുന്ന പൊങ്കൽ കിറ്റ് 21 വരെ ലഭിക്കും ന്യായവില കടകളിൽ കിറ്റ് വാങ്ങുന്നതിനായി വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. പലർക്കും ഇനിയും ലഭിക്കാനുണ്ട്. അരി, പഞ്ചസാര, ശർക്കര, കരിമ്പ്, കശുവണ്ടി, ഏലയ്ക്ക എന്നിങ്ങനെയാണു കിറ്റിലുള്ളത്.  1000 രൂപയും ലഭിക്കും. സ്ത്രീകൾക്കു സാരിയും ഇതോടൊപ്പമുണ്ട്.

പൊങ്കലോ പൊങ്കൽ...

∙ പിള്ളേര് പുതിയത് ആണെങ്കിലും പൊങ്കൽ പഴയത് തന്നെ. തമിഴ്നാട്ടിലെ വിവിധ കോളജുകളിലും സ്കൂളുകളിലും കഴിഞ്ഞ ദിവസം പൊങ്കൽ കൊണ്ടാടിയപ്പോൾ പ്രതീക്ഷിച്ചത് ന്യൂജെൻ ആഘോഷങ്ങൾ. എന്നാൽ പഴമക്കാരെ കവച്ചുവയ്ക്കുന്നതായിരുന്ന പലയിടത്തെയും പരമ്പരാഗത രീതിയിലെ ആഘോഷങ്ങൾ. യഥാർഥ മൺകലങ്ങളിൽ പൊങ്കൽ തയാറാക്കിയും ഗ്രാമീണത തുളുമ്പുന്ന വസ്ത്രങ്ങൾ അണിഞ്ഞും ആഘോഷം പൊടിപൊടിച്ചു.

മൺകലങ്ങളിൽ പൊങ്കൽ പുറത്തേക്കു തൂവുമ്പോൾ ആർപ്പു വിളിക്കുന്ന ഗ്രാമീണ ശൈലി കുട്ടികളും ഏറ്റെടുത്ത് ഉച്ചത്തിൽ പറഞ്ഞു....പൊങ്കലോ പൊങ്കൽ. ഒരു കൂട്ടം വിദ്യാർഥികൾ കാളവണ്ടിയിൽ വന്നതും പൊയ്കാൽ നൃത്തം, കരകാട്ടം, കുമ്മിയടി എന്നിവയുടെ ചുവടുകളും കൗതുകമുണർത്തി.

വിമാനത്തിനും ഉയരെ സുവിധ ട്രെയിനുകൾ

∙ സാധാരണ ഉത്സവ സീസണുകളെക്കാൾ മൂന്നിരട്ടി നിരക്ക് ഈടാക്കി സുവിധ ട്രെയിനുകൾ. ചെന്നൈയിൽ നിന്നു മധുര, തൂത്തുക്കുടി, തിരുനെൽവേലി എന്നിവിടങ്ങളിലേക്ക് ഒമ്നി ബസുകളിൽ 1700 രൂപയാണു നിരക്കെങ്കിൽ സുവിധ ട്രെയിനുകളിൽ 3,850 ആണു നിരക്ക്. ഇതേസമയം, തൂത്തുക്കുടിയിലേക്കുള്ള വിമാന നിരക്ക് സുവിധയെക്കാൾ 500 രൂപ കുറവാണ്. സാധാരണ ട്രെയിനുകളിൽ തേർഡ് എസിയിൽ 1.005 രൂപ സ്ലീപ്പറിൽ 385 രൂപയും മാത്രവുമുള്ളപ്പോഴാണു സുവിധയിൽ നിരക്ക് ഇരട്ടിയിലധികമായത്. അവധിക്കായി നാട്ടിലേക്കു ജനങ്ങൾ കൂട്ടത്തോടെ പോകുമ്പോൾ സുവിധ സാധാരണക്കാർക്കു താങ്ങാവുന്നതല്ലെന്നാണു യാഥാർഥ്യം.

ജെല്ലിക്കെട്ടിൽ തോറ്റാൽ സ്ത്രീകൾക്കും ക്ഷീണം

∙ആവേശത്തിന്റെ പൊടി പറത്തുന്ന ജെല്ലിക്കെട്ടുകൾ പൊതുവേ, പുരുഷത്വത്തിന്റെ പ്രതീകമായാണു കാണാറുള്ളത്. മിന്നൽ വേഗത്തിൽ പാഞ്ഞടുക്കുന്ന കാളക്കൂറ്റന്മാരെ മെരുക്കുന്ന കരുത്തൻമാരാണു ജെല്ലിക്കെട്ട് വീരന്മാർ. എന്നാൽ പോര് കാര്യമായിട്ടു തന്നെയാണു സ്ത്രീകൾക്കും. തങ്ങളുടെ കുടുംബത്തിലുള്ളവർ ജയിച്ചാൽ പൊങ്കൽ സന്തോഷം ഇരട്ടിക്കുമെന്നാണ് ഇവർ പറയുന്നത്.

തോറ്റാൽ സങ്കടമാണത്രെ. വിജയത്തിനായുള്ള പ്രാർഥനകൾക്കൊപ്പം ഒന്നു കൂടി, വീരന്മാർക്കു പരുക്കു പറ്റരുതേ.. ജെല്ലിക്കെട്ടിൽ പങ്കെടുക്കാൻ അനുമതി ലഭിച്ചവർക്കുള്ള ബുക്കിങ് മധുരയിൽ ആരംഭിച്ചു. ടോക്കൺ നൽകി ഓരോരുത്തരുടെയും രേഖകൾ പരിശോധിച്ചു. 936 പേർക്കാണ് ഇത്തവണ അനുമതി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com