ADVERTISEMENT

ചെന്നൈ∙ പഴി ഏറെ കേട്ടെങ്കിലും ഒടുവിൽ നഗരത്തിനു ബോധ്യം വന്നു തുടങ്ങി. രാജ്യം മുഴുവൻ ലോക്‌ഡൗണിൽ അമർന്നെങ്കിലും നിയന്ത്രണങ്ങൾ പാലിക്കാതെ പലരും പുറത്തിറങ്ങുന്ന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. എന്നാൽ പൊലീസ് നിയന്ത്രണം കർശനമാക്കിയതോടെ നഗരം സ്വയം നിയന്ത്രിച്ചു തുടങ്ങി.

 മെഡിക്കൽ ഷോപ്പുകൾ, പലചരക്കു കടകൾ ഉൾപ്പെടെ പ്രവർത്തനാനുമതിയുള്ള കടകൾക്കു മുന്നിൽ ജനങ്ങൾ നിശ്ചിത അകലം പാലിച്ചു. മാസ്ക് ഉൾപ്പെടെയുള്ള സുരക്ഷാ ഉപകരണങ്ങൾ ധരിച്ചു സമ്പർക്കം കുറച്ചെന്ന് ഉറപ്പിച്ചു. 

ഭൂരിഭാഗം കടകളിലും നിശ്ചിത അകലം പൊലീസ് കൃത്യമായി അടയാളപ്പെടുത്തിയിട്ടുണ്ട്. കടകളിൽ 3 മീറ്റർ അകലം പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ‍ സർക്കാർ കഴിഞ്ഞ ദിവസം കർശന നിർദേശം നൽകിയിരുന്നു. അല്ലാത്ത പക്ഷം പൂട്ടിയിടേണ്ടി വരുമെന്നും മുന്നറിയിപ്പ് നൽകി. നിയമം ലംഘിച്ച 400 കടകൾ അടയ്ക്കാൻ ഉത്തരവിട്ടു.

എന്നാലും ചിലർ...

∙ മുന്നറിയിപ്പ് ആവർത്തിച്ചിട്ടും പാലിക്കാതെ ചിലർ. ക്വാറന്റീനിൽ നിന്നു മുങ്ങിയതുൾപ്പെടെ ലോക്‌‍ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് അനാവശ്യമായി പുറത്തിറങ്ങിയ 1,274 പേർക്കെതിരെ തമിഴ്നാട് പൊലീസ് കേസെടുത്തു. നിരോധന ഉത്തരവ് ലംഘിച്ചതിന് ഐപിസി 144 പ്രകാരം 1252 പേർക്കെതിരെയാണ് കേസ്. 

അപവാദം പ്രചരിപ്പിച്ചതിന് 16 പേർക്കെതിരെ എഫ്ഐആർ. ക്വാറന്റീൻ നിയമം ലംഘിച്ചതിന് 6 പേരെ അറസ്റ്റ് ചെയ്തു. 

പുറത്തിറങ്ങിയവരിൽ ചിലർ പൊലീസുമായി തർക്കിക്കുന്നതും കണ്ടു. പൊലീസ് അനാവശ്യമായി ബുദ്ധിമുട്ടിക്കുന്നെന്ന് പരാതി ഉയർത്തി.

നിയന്ത്രണങ്ങൾ 14 വരെ തുടരും

∙ ലോക്‌ഡൗൺ നിയന്ത്രണങ്ങൾ‍ ഏപ്രിൽ 14 വരെ തുടരും. 

ഇതുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടർമാരുമായി മുഖ്യമന്ത്രി എടപ്പാടി കെ.പളനിസാമി അവലോകന യോഗം നടത്തി. മരുന്ന്, അവശ്യ സാധനങ്ങൾ എന്നിവയുടെ ലഭ്യത ഉറപ്പാക്കാനും കോയമ്പേട് മാർക്കറ്റ് എല്ലാ ദിവസവും തുറന്നു പ്രവർത്തിക്കാനും തീരുമാനിച്ചു. .

മരുന്ന്, അവശ്യ സാധനങ്ങൾ ഉറപ്പാക്കും

∙ പാൽ, പച്ചക്കറി, മരുന്ന് ഉൾപ്പെടെയുള്ള അവശ്യ സാധനങ്ങൾ ലഭിക്കുന്നുവെന്ന് ഉറപ്പാക്കാൻ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരടങ്ങിയ 9 പ്രത്യേക സംഘം നിരീക്ഷണം നടത്തും

∙ എച്ച്ഐവി, ടിബി രോഗികൾക്ക് മരുന്ന് ഉറപ്പാക്കും‌. ഇവർക്കും ഗർഭിണികൾക്കും 2 മാസത്തേക്കുള്ള മരുന്നുകൾ സർക്കാർ ആശുപത്രികൾ നൽകും

ഓൺലൈൻ ഭക്ഷണ നിയന്ത്രണം തുടരും

∙ സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയ ഓൺലൈൻ ഭക്ഷണ വിതരണ കമ്പനികൾക്കുള്ള നിരോധനം തുടരും.

∙ മുതിർന്നവർ, ശാരീരിക ദൗർബല്യങ്ങളുള്ളവർ എന്നിവർക്കു ഭക്ഷണം എത്തിക്കുന്ന സ്വകാര്യ കാറ്ററേഴ്സ്, ടിഫിൻ വിതരണക്കാർ തുടങ്ങിയവർക്കു പതിവു പോലെ പ്രവർത്തിക്കാം. ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള തിരിച്ചറിയൽ കാർഡ് നിർബന്ധം

∙ ബിഗ് ബാസ്കറ്റ്, ഗ്രോഫേഴ്സ്, ഡൻസോ തുടങ്ങിയ ആപ്പുകൾക്ക് ഗ്രോസറി, പച്ചക്കറികൾ വിതരണം ചെയ്യാം.

∙ ഭക്ഷണ ശാലകൾ, പ്രൊവിഷൻ സ്റ്റോഴ്സ് എന്നിവയ്ക്ക് സമയ നിയന്ത്രണമില്ല.

കോയമ്പേട് മാർക്കറ്റ് അടച്ചിടില്ല

∙ കോയമ്പേട് മാർക്കറ്റ് എല്ലാ ദിവസവും പ്രവർത്തിക്കും. ശുചീകരണ പ്രവർത്തനങ്ങൾക്കായി വെള്ളി, ശനി ദിവസങ്ങളിൽ അടച്ചിടുമെന്ന് നേരത്തെ അറിയിച്ചിരുന്നു.

പാൽ വിതരണം 9 വരെ

∙ ആവിൻ, സ്വകാര്യ വിതരണക്കാർ എന്നിവിടങ്ങളിൽ നിന്നുള്ള പാൽ വിതരണം ഇന്നു മുതൽ രാവിലെ 3.30 മുതൽ 9 വരെ മാത്രം; റീട്ടെയിൽ കടകളിൽ ആൾക്കൂട്ടം കൂടുന്നെന്ന പരാതിയിൽ പൊലീസിന്റെ നിർദേശപ്രകാരമാണു തീരുമാനം

∙ തിരക്ക് കുറയ്ക്കുന്നതിനു 9നു മുൻപായി ഒറ്റത്തവണയായി വന്നു പാൽ വാങ്ങാൻ നിർദേശം.‍

∙ പാൽ വിൽപന ഇനി 10,000ലധികം റീട്ടെയിൽ കടകളിൽ മാത്രം. നഗരത്തിലുള്ളത് മൊത്തം അൻപതിനായിരത്തോളം കടകൾ.

ഒരു മാസത്തെ ശമ്പളം സംഭാവന

ചെന്നൈ∙ കോവിഡ് പ്രതിരോധ നടപടികൾക്കായി മുഖ്യമന്ത്രി എടപ്പാടി കെ.പളനിസാമി, ഉപമുഖ്യമന്ത്രി ഒ.പനീർസെൽവം ഉൾപ്പെടെയുള്ള അണ്ണാഡിഎംകെ എംഎൽഎമാരും പാർട്ടി എംപിമാരും‍ ഒരു മാസത്തെ ശമ്പളം സംഭാവന നൽകും. കൂടാതെ എംപി ഫണ്ടിൽ നിന്നു 1 കോടിയും എംഎൽഎ ഫണ്ടിൽ നിന്നു 25 ലക്ഷവും അംഗങ്ങൾ നൽകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com