പകപോക്കലെന്ന് ആരോപണം; മലയാളിയുടെ കട പൂട്ടിച്ചു

chennai-shop-closed
കട പൂട്ടി മുദ്ര വച്ച നിലയിൽ
SHARE

ചെന്നൈ ∙ നിയന്ത്രണം ലംഘിച്ച് കച്ചവടം നടത്തിയെന്ന പരാതിയിൽ മലയാളിയുടെ ചായക്കടയും അതിനോടു ചേർന്ന പെട്ടിക്കടയും കോർപറേഷൻ അധികൃതർ പൂട്ടി മുദ്ര വച്ചു. കടയുടമയുടെ പകപോക്കലിന്റെ ഭാഗമായാണു നടപടിയെന്ന് കച്ചവടക്കാരൻ ആരോപിച്ചു. കോടമ്പാക്കം പവർ ഹൗസിനോടു ചേർന്നു കട നടത്തുന്ന മലപ്പുറം ചങ്ങരംകുളം സ്വദേശി കെ.കൃഷ്ണൻ നടത്തി വന്ന കടയാണ് അധികൃതർ അടപ്പിച്ചത്. കടയിൽ തന്നെ പാചകം ചെയ്ത് താമസിക്കുന്ന ഇദ്ദേഹത്തിന്റെ മരുന്ന് ഉൾപ്പെടെ കടയ്ക്കുള്ളിൽ അകപ്പെട്ടതിനാൽ വലിയ പ്രതിസന്ധിയിലാണ് . നടപടി പിൻവലിക്കുന്നതിനായി കോർപറേഷനെ സമീപിച്ചെങ്കിലും കൃത്യമായ മറുപടി നൽകാതെ തട്ടിക്കളിക്കുന്ന സമീപനമാണ് അധികൃതർ കൈക്കൊള്ളുന്നത്.

ജൂലൈ 18നാണ് സംഭവം. കൃഷ്ണനും കൂടെ ജോലി ചെയ്യുന്ന മകൻ വിനോദും കടയിൽ തന്നെയായിരുന്നു താമസവും ഭക്ഷണവും വയ്ക്കലുമെല്ലാം. ചായക്കടയോടു ചേർന്ന‍ പെട്ടിക്കടയുടെ ഷട്ടർ പാതി തുറന്ന നിലയിലായിരുന്നു. കോർപറേഷനിൽ നിന്നെത്തിയ നാല് ഉദ്യോഗസ്ഥർ ഉന്നത ഉദ്യോഗസ്ഥരുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ കട പൂട്ടുകയാണെന്ന് അറിയിക്കുകയായിരുന്നു.
 ലോക്ഡൗൺ നിയന്ത്രണങ്ങളുള്ളതിനാൽ  4 മാസത്തിനിടെ 11 ദിവസം മാത്രമാണ് കട തുറന്നു പ്രവർത്തിച്ചത്.  

കോർപറേഷൻ നടപടി പിൻവലിക്കാൻ ഒരാഴ്ചയോളമായി ഓഫിസിന്റെ പടികൾ കയറിയിറങ്ങുകയാണ് കൃഷ്ണൻ. എന്നാൽ‌ ഐപിഎസ് ഉദ്യോഗസ്ഥരുടേതുൾപ്പെടെ മുകളിൽ നിന്നുള്ള നിർദേശമാണെന്ന് പറഞ്ഞ് ജീവനക്കാർ കയ്യൊഴിയുന്നു. കട ഒഴിയാൻ ഉടമ നേരത്തേ തന്നെ കൃഷ്ണനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അഡ്വാൻസ് തുക പോലും തിരിച്ചു നൽകാൻ ഉടമ തയാറാകുന്നില്ലെന്ന് കൃഷ്ണൻ പറയുന്നു.

 ഇതിനെ തുടർന്ന് കട ഒഴിയാത്തതിലുള്ള പകപോക്കലാണ് കോർപറേഷന്റെ നടപടിക്കു പിന്നിലെന്ന് കൃഷ്ണൻ ആരോപിച്ചു.ലോക്ഡൗണിനു മുൻപുള്ള തിരക്കേറിയ സമയത്തുള്ള ചിത്രം കാണിച്ച് അധികൃതരെ കബളിപ്പിച്ചെന്നാണ് ആരോപണം. കോടമ്പാക്കത്ത് 50 വർഷമായി ചായക്കട നടത്തുന്ന കൃഷ്ണൻ മുറി ഉണ്ടെങ്കിലും താമസവും ഭക്ഷണവുമെല്ലാം കടയിൽ തന്നെയാണ്. പാചകത്തിനുള്ള സാധനങ്ങൾ, മരുന്ന്, റേഷൻ കാർഡ് ഉൾപ്പെടെ എല്ലാ സാധനങ്ങളും പൂട്ടിയ കടയ്ക്കുള്ളിലാണ്. കഴിഞ്ഞ നാലു മാസമായി കച്ചവടമില്ലാത്തതിനാൽ വലിയ സാമ്പത്തിക പ്രയാസത്തിലുമാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CHENNAI
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA