ADVERTISEMENT

ചെന്നൈ∙നിയമസഭാ തിരഞ്ഞെടുപ്പിനു മാസങ്ങൾ ബാക്കി നിൽക്കെ, തമിഴ്നാട് കോൺഗ്രസിനു കരുത്തുപകരാൻ ‘ജെല്ലിക്കെട്ട്’ രാഷ്ട്രീയവുമായി രാഹുൽ ഗാന്ധി. പൊങ്കൽ ദിനമായ 14നു സംസ്ഥാനത്തെത്തുന്ന രാഹുൽ, മധുരയിലെ അവനിയാപുരത്തു നടക്കുന്ന ജെല്ലിക്കെട്ട് മത്സരത്തിനു സാക്ഷിയാകും. ‘രാഹുലിൻ തമിഴ്‍ വണക്കം’ എന്നു പേരിട്ടിരിക്കുന്ന സന്ദർശനത്തിലൂടെ പാർട്ടിയുടെ തിരഞ്ഞെടുപ്പു പ്രചാരണത്തിനു തുടക്കമാകും. ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയും അതേ ദിവസമെത്തുന്നതിനാൽ തമിഴകത്ത് ഇത്തവണ പൊങ്കലിനു രാഷ്ട്രീയച്ചൂട് ഉയരും.

രാവിലെ 11നു മധുരയിലെത്തുന്ന രാഹുൽ ഗാന്ധി 4 മണിക്കൂർ നഗരത്തിൽ ചെലവഴിക്കും. ജെല്ലിക്കെട്ട് കാണുന്നതല്ലാതെ മറ്റു പരിപാടികളൊന്നും തീരുമാനിച്ചിട്ടില്ല. പോരാടുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചാണു കാർഷിക ആഘോഷമായ ജെല്ലിക്കെട്ടിനു രാഹുൽ ഗാന്ധി നേരിട്ടെത്തുന്നതെന്നു തമിഴ്നാട് കോൺഗ്രസ് അധ്യക്ഷൻ കെ.എസ്.അഴഗിരി പറഞ്ഞു.

ഡിഎംകെ മുന്നണിയുടെ ഭാഗമായ കോൺഗ്രസ് കഴിഞ്ഞ തവണ 42 സീറ്റിൽ മത്സരിച്ചെങ്കിലും 8 ഇടത്തു മാത്രമാണു ജയിച്ചത്. ഡിഎംകെ പ്രതിപക്ഷത്തിരിക്കേണ്ടിവന്നതു കോൺഗ്രസിനു കൂടുതൽ സീറ്റു നൽകിയതു കൊണ്ടാണെന്ന വിമർശനവും ഉയർന്നു. എന്നാൽ, കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഉദാര സമീപനം സ്വീകരിച്ച ഡിഎംകെ പുതുച്ചേരിയിലെ ഒന്നുൾപ്പെടെ 10 സീറ്റുകൾ കോൺഗ്രസിനു നൽകി. 9 ഇടത്തു ജയിച്ചു.

ഇത്തവണ മത്സരിക്കാൻ പരമാവധി 20-25 സീറ്റുകൾ നൽകാനാണു സാധ്യത. ബിഹാർ അനുഭവത്തിന്റെ വെളിച്ചത്തിൽ വിലപേശലിനില്ലെന്നു വ്യക്തമാക്കിയെങ്കിലും 30-35 സീറ്റുകളാണു കോൺഗ്രസിന്റെ മനസ്സിൽ. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പ്രചാരണ രംഗത്തു സജീവമാകുമെന്ന ഉറപ്പുണ്ടെങ്കിൽ ഡിഎംകെ അയയുമെന്നാണു കോൺഗ്രസിന്റെ പ്രതീക്ഷ. ഈ മാസാവസാനം രാഹുൽ വീണ്ടും തമിഴ്നാട്ടിൽ പ്രചാരണത്തിനെത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com