ADVERTISEMENT

ചെന്നൈ∙മധുര രാജാജി ആശുപത്രിയിൽ മുഖ്യമന്ത്രി എടപ്പാടി പളനിസാമി, ഉപമുഖ്യമന്ത്രി ഒ.പനീർസെൽവം എന്നിവർ ചേർന്നു തമിഴ്നാട്ടിലെ കോവിഡ് വാക്സീൻ യജ്ഞം ഉദ്ഘാടനം ചെയ്തു. തമിഴ്നാട് ഗവൺമെന്റ് ഡോക്ടേഴ്സ് അസോസിയേഷൻ (ടിഎൻജിഡിഎ) പ്രസിഡന്റ് ഡോ.കെ.സെന്തിലാണ് ആദ്യ കുത്തിവയ്പു സ്വീകരിച്ചത്. പ്രതീക്ഷിച്ചതിലും മന്ദഗതിയിലാണ് ആദ്യ ദിനത്തിൽ മരുന്നു വിതരണം നടന്നത്. 16,600 പേർക്ക് വാക്സീൻ നൽകുമെന്നാണ് സർക്കാർ ഇന്നലെ അറിയിച്ചതെങ്കിലും, 2,783 പേർക്കു മാത്രമാണ് വാക്സീൻ നൽകിയത്.

പൊങ്കൽ അവധിയായതിനാൽ നേരത്തേ റജിസ്റ്റർ ചെയ്ത പല ആരോഗ്യ പ്രവർത്തകർക്കും എത്താൻ സാധിക്കാതിരുന്നതാണു കാരണമെന്ന് ആരോഗ്യ സെക്രട്ടറി ജെ.രാധാകൃഷ്ണൻ പറഞ്ഞു. കുത്തിവയ്പ് എടുത്ത ആർക്കും പാർശ്വഫലങ്ങളോ, മറ്റ് പ്രയാസങ്ങളോ അനുഭവപ്പെട്ടില്ല. അതേസമയം പലയിടത്തും കോവിൻ ആപ്ലിക്കേഷൻ കൃത്യമായി പ്രവർത്തിച്ചില്ലെന്നു പരാതിയുണ്ട്. സംസ്ഥാനത്ത് ഏർപ്പെടുത്തിയ 166 കേന്ദ്രങ്ങളിലും വാക്സീൻ വിതരണം നടന്നു. വരും ദിവസങ്ങളിൽ കൂടുതൽ പേർക്കു കുത്തിവയ്പു നൽകുമെന്നു സർക്കാർ അറിയിച്ചു.

2,684 പേർക്ക് കോവിഷീൽഡ് വാക്സിനും, 99 പേർക്ക് കോവാക്സീനുമാണു നൽകിയത്. ചെന്നൈയിൽ ആണ് കൂടുതൽ പേർ കുത്തിവയ്പ് എടുത്തത് (310). ചെന്നൈ, തിരുനെൽവേലി, തിരുച്ചിറപ്പള്ളി, ചെങ്കൽപെട്ട്, തഞ്ചാവൂർ, പുതുക്കോട്ട എന്നിവിടങ്ങളിലായി 600 പേർക്കാണ് ഇന്നലെ കോവാക്സീൻ മരുന്നു നൽകാൻ ഉദ്ദേശിച്ചത്. എന്നാൽ 99 പേർ മാത്രമാണ് സന്നദ്ധരായി എത്തിയത്. ചെന്നൈ(38), തഞ്ചാവൂർ (40), ചെങ്കൽപെട്ട് (20) എന്നിവിടങ്ങളിലാണ് കൂടുതൽ പേർക്കു കോവാക്സീൻ എടുത്തത്.

പുതുക്കോട്ടയിലെ കേന്ദ്രത്തിൽ എത്തിയത് ഒരാൾ മാത്രം. തിരുനെൽവേലിയിലും തിരുച്ചിറപ്പള്ളിയിലും ആരും എത്തിയില്ല. രണ്ടുമാസമായി പ്രചാരത്തിലുള്ള കോവിഷീൽ‍ഡ് വാക്സീൻ സ്വീകരിക്കുന്നതാണ് ഉത്തമമെന്ന് ടിഎൻജിഡിഎ അംഗങ്ങൾക്കു  നിർദേശം നൽകിയിരുന്നു. അതേസമയം ഇരു വാക്സീനുകളും സുരക്ഷിതമാണെന്നു ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ ഉറപ്പു നൽകി.വാക്സീനുകളെ കുറിച്ചുള്ള തെറ്റിദ്ധാരണകളും, ആശങ്കയും അകറ്റാൻ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com