ADVERTISEMENT


ചെന്നൈ∙ ‘ഇന്ത്യയിലെ അർബുദ ചികിത്സാ മേഖലയുടെ അമ്മ’യാണ് ഇന്നലെ അന്തരിച്ച അഡയാർ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് ചെയർപഴ്സൻ ഡോ.വി.ശാന്ത. ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിയത് രാജ്യത്തെ ആദ്യ വനിതാ ഡോക്ടർമാരിലൊരാളായ മുത്തുലക്ഷ്മി റെഡ്ഡിയാണെങ്കിലും സ്വന്തം കുഞ്ഞായി വളർത്തിയതും മികവിന്റെ കേന്ദ്രമായി മാറ്റിയെടുത്തതും ശാന്തയാണ്. ഡോ. മുത്തുലക്ഷ്മിയുടെ മകൻ ഡോ. കൃഷ്ണമൂർത്തിയും ഒപ്പമുണ്ടായിരുന്നു.

2 നൊബേൽ സമ്മാന ജേതാക്കളുടെ കുടുംബത്തിൽ നിന്നാണു ഡോ.ശാന്തയുടെ വരവ്. ഡോ.സി.വി.രാമൻ അമ്മയുടെ മുത്തച്ഛനാണ്. എസ്.ചന്ദ്രശേഖർ അമ്മയുടെ അമ്മാവനും. ഇന്റർമീഡിയറ്റ് പാസാകുമ്പോൾ 17 വയസ്സായിരുന്നു. മെഡിക്കൽ പ്രവേശനത്തിനുള്ള പ്രായമെത്താൻ ഒരു വർഷം വീട്ടിലിരുന്നു. മദ്രാസ് മെഡിക്കൽ കോളജിൽ നിന്ന് എംബിബിഎസിനു ശേഷം ഗൈനക്കോളജിയിൽ ഉപരിപഠനം. എന്നാൽ, ഹൗസ് സർജൻസിക്ക് അർബുദ ചികിത്സാ വാർഡിൽ ജോലി ചെയ്തതോടെ, ജീവിതം ആ വഴിക്കു മതിയെന്നായി ചിന്ത.

വിമൻ ആൻഡ് ചിൽഡ്രൻസ് ആശുപത്രിയിൽ ലഭിച്ച സർക്കാർ ജോലി വിട്ട് അഡയാർ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് എത്തിയത് അങ്ങനെയാണ്. ‘കാൻസറിനെന്ത് ആശുപത്രി, അതു വന്നാൽ മരിക്കുമല്ലോ’ എന്നാണ് ആദ്യകാലത്ത് ഒരു മന്ത്രി ചോദിച്ചത്. അവിടെ നിന്നാണ് കാൻസറിനെ തുരത്താൻ പര്യാപ്തമായ എല്ലാ സൗകര്യങ്ങളോടെയും സ്ഥാപനം വളർന്നത്. രാജ്യത്തെ ആദ്യത്തെ ന്യൂക്ലിയർ ഓങ്കോളജി യൂണിറ്റ്, പീഡിയാട്രിക് ഓങ്കോളജി വിഭാഗം, കാൻസർ സ്ക്രീനിങ്ങിനായി പ്രത്യേക സംവിധാനങ്ങൾ, സമഗ്ര കാൻസർ ചികിത്സാ സംവിധാനം എന്നിങ്ങനെ വളർച്ചയുടെ ഓരോ പടവിലും ഡോ. ശാന്ത മുന്നിൽ നിന്നു.

1982ൽ രാജ്യത്തെ ആദ്യത്തെ പിജി ഓങ്കോളജി വിഭാഗം തുടങ്ങിയതും ഇവിടെത്തന്നെ. ഓങ്കോളജിയെ സ്പെഷലൈഡ് വിഭാഗമായി അംഗീകരിപ്പിക്കുന്നതിനും ഡോ.ശാന്തയാണു മുൻകയ്യെടുത്തത്. സന്നദ്ധ ട്രസ്റ്റിനു കീഴിലുള്ള ആശുപത്രിയിൽ 60% പേർക്കു സൗജന്യമായോ കുറഞ്ഞ നിരക്കിലോ ആണു ചികിത്സ. സംഭാവനയാണു പ്രധാന വരുമാനം. ശാന്തയ്ക്കു ലഭിച്ച പുരസ്കാരങ്ങളുടെ തുകയെല്ലാം സ്ഥാപനത്തിനായിരുന്നു.

പ്രായാധിക്യം കാഴ്ചയെ ബാധിച്ചതിനാൽ 15 വർഷം മുൻപ് ശസ്ത്രക്രിയ ചെയ്യുന്നതു നിർത്തിയെങ്കിലും ദിവസവും അവർ രോഗികളെ പരിശോധിച്ചു. ‘ഡോക്ടറമ്മ’യുടെ വാത്സല്യം കലർന്ന സംഭാഷണവും രോഗികൾക്കു മരുന്നായി. രോഗീസേവനത്തിനായി അവർ വിവാഹം വേണ്ടെന്നുവച്ചു. ഇൻസ്റ്റിറ്റ്യൂട്ടിലെ ഒന്നാം നിലയിൽ, എസി പോലുമില്ലാത്ത ഒറ്റമുറി ‘വീട്ടിൽ’ ജീവിച്ചു; 67 വർഷം. ശരിക്കും ‘റസിഡന്റ്’ ഡോക്ടർ. അവസാന യാത്ര പുറപ്പെട്ടതും ഇതേ മുറിയിൽ നിന്ന്.

ആശുപത്രിയിലാകുന്നതിനു മണിക്കൂറുകൾക്കു മുൻപും ഡോക്ടറമ്മ സംസാരിച്ചത് ഇൻസ്റ്റിറ്റ്യൂട്ടിന്റെ വികസനത്തെക്കുറിച്ചായിരുന്നു. ഇൻസ്റ്റിറ്റ്യൂട്ടിൽ പൊതുദർശനത്തിനു ശേഷം ബെസന്റ് നഗർ ശ്മശാനത്തിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ.പളനിസാമി ഉൾപ്പെടെയുള്ളവർ അനുശോചിച്ചു. അർബുദ ചികിത്സയ്ക്കു നൂറു കണക്കിനു ശിഷ്യരെ സംഭാവന ചെയ്ത്, ലക്ഷക്കണക്കിനു രോഗികളുടെ കൺകണ്ട ദൈവമായി നിത്യതയിലേക്കു മടങ്ങുകയാണ് ആ വിശുദ്ധ ജീവിതം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com