ADVERTISEMENT

ചെന്നൈ∙ ജീവിതത്തിനുമപ്പുറത്തേക്കു നീളുന്ന സൗഹൃദമെന്ന പ്രയോഗം മഹാലിംഗത്തിന്റെയും സൈനുൽ ആബിദീന്റെയും കാര്യത്തിൽ അച്ചട്ടായി. അരിയാലൂർ ജില്ലയിലെ ജയകോണ്ടം സ്വദേശികളാണു മഹാലിംഗവും സൈനിൽ ആബിദീനും. സമപ്രായക്കാർ. ചെറുപ്പം മുതൽ ഉറ്റ സുഹൃത്തുക്കൾ. ഇന്നലെ ജയകോണ്ട സർക്കാർ ആശുപത്രിയിൽ ഉച്ചയ്ക്ക് 12നു മഹാലിംഗം മരിച്ചു. കൃത്യം ഒരു മണിക്കൂറിനു ശേഷം സൈനുൽ ആബിദീനും നൻപനൊപ്പം മരണത്തിന്റെ കൈപിടിച്ചു. ജീവിതത്തിലെ സൗഹൃദം മരണത്തിലും കൈവിടാത്ത സുഹൃത്തുക്കളുടെ ഓർമയിൽ തേങ്ങുകയാണു ജയകോണ്ടം.

മതവും ജാതിയുമൊന്നും തടസ്സമില്ലാത്ത വെൺമയുള്ള സൗഹൃദത്തിന്റെ കഥ കൂടിയാണിത്. മഹാലിംഗം ഗ്രാമത്തിലെ ക്ഷേത്ര പൂജാരിയാണ്. ഗ്രാമത്തിൽ തന്നെ ചെറിയ ചായക്കടയും നടത്തുന്നുണ്ട്. മഹാലിംഗപുരത്തിന്റെ അയൽവാസിയാണു സൈനുൽ ആബിദീൻ. അരിമില്ലാണു ജീവിത മാർഗം. മഹാലിംഗപുരം എല്ലാ നിർണായക തീരുമാനങ്ങളും ആദ്യ അറിയിക്കുന്നതു സൈനിൽ ആബിദീനെയായിരുന്നു. മക്കളുടെ വിവാഹമായാലും സാമ്പത്തിക കാര്യങ്ങളായാലും വീട്ടുകാരോടു പോലും ചർച്ച ചെയ്യുന്നതു പിന്നീടാണ്. സൈനുൽ ആബിദീന്റെ കാര്യവും മറ്റൊന്നല്ല. ഇവരുടെ ഗാഢ സൗഹൃദം അടുത്ത തലമുറയിലേക്കും പകർന്നിട്ടുണ്ട്. ഇരുവരുടെയും മക്കൾ അടുത്ത സുഹൃത്തുക്കൾ. ആരോഗ്യ പ്രശ്നങ്ങളെത്തുടർന്നു മഹാലിംഗത്തെയാണു ആദ്യം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

പിന്നീട് സൈനിൽ ആബിദീനും അതേ ആശുപത്രിയിലെത്തി. ചികിത്സ ഫലിക്കാതെ ആദ്യം മഹാലിംഗവും ഒരു മണിക്കൂറിനു ശേഷം സൈനുൽ ആബിദീനും മരിച്ചു. സൗഹൃദത്തിന്റെ ഓർമയായി ഇരുവരും ഒരുമിച്ചു നിൽക്കുന്ന ചിത്രങ്ങൾ ഗ്രാമത്തിൽ നിറഞ്ഞു. നാടു മുഴുവൻ ആദരാഞ്ജലിയർപ്പിക്കാനെത്തി. എല്ലാവർക്കും പറയാനുണ്ടായിരുന്നതു അപൂർവ്വമായ സൗഹൃദത്തിന്റെ കഥ. സൈനിൽ ആബിദീനു ഗ്രാമത്തിലെ ഖബർസ്ഥാനിലും മഹാലിംഗത്തിനു ശ്മശാനത്തിലും അന്ത്യ വിശ്രമമൊരുക്കി. മനുഷ്യർക്കിടയിൽ വേലിക്കെട്ടുകൾ നിറയുന്ന കാലത്ത് ഇവരുടെ സൗഹൃദം പല തലമുറകൾക്കു പ്രചോദനം നൽകുന്ന മാതൃകയായി നിലനിൽക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com