ADVERTISEMENT

ചെന്നൈ ∙ സിടിഎംഎ അടക്കമുള്ള പ്രമുഖ മലയാളി സംഘടനകളിൽ പ്രവർത്തിക്കുന്നവരുടെ പേരിൽ വ്യാജ ഫെയ്സ്ബുക് പ്രൊഫൈലുകൾ സൃഷ്ടിച്ചു സഹായമെന്ന പേരിൽ പണം തട്ടാൻ ഇന്നലെയും ശ്രമം. പല മലയാളികൾക്കും പണം നഷ്ടമായതായാണു വിവരം. തട്ടിപ്പു വാർത്തയായതോടെ കൂടുതൽ പേർ ജാഗ്രത പാലിച്ചു തുടങ്ങിയെന്നു മലയാളി സംഘടനാ ഭാരവാഹികൾ പറഞ്ഞു. മലയാളി വാട്സാപ് ഗ്രൂപ്പുകളിലൂടെയും തട്ടിപ്പിനെതിരെ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നുണ്ട്. 

പരാതി ലഭിച്ചാൽ ഇത്തരം സൈബർ തട്ടിപ്പു സംഭവങ്ങളിൽ അന്വേഷണം നടത്തുമെന്നു തമിഴ്നാട് സൈബർ ക്രൈം വിഭാഗം അറിയിച്ചു. ആദ്യഘട്ട ലോക്ഡൗൺ കാലത്ത് ഇത്തരം തട്ടിപ്പുകൾ വ്യാപകമായിരുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള സംഘങ്ങളാണു തട്ടിപ്പു നടത്തിയത്. ജനങ്ങൾക്കിടയിൽ സ്വീകാര്യതയുള്ളവരുടെ അക്കൗണ്ടുകൾ ഹാക്ക് ചെയ്തും തട്ടിപ്പുകൾ നടക്കുന്നുണ്ട്. സ്വന്തം പ്രൊഫൈലുകൾ പ്രൈവസി സെറ്റിങ്സ് ഉപയോഗിച്ചു സുരക്ഷിതമാക്കാൻ ശ്രദ്ധിക്കണമെന്ന് ഐടി വിദഗ്ധർ പറഞ്ഞു. അവധി ആഘോഷിക്കാൻ പോകുന്നു തുടങ്ങിയ പോസ്റ്റുകൾ ഒഴിവാക്കണമെന്നു സൈബർ ക്രൈം ഉദ്യോഗസ്ഥർ പറയുന്നു. നിങ്ങൾ വീട്ടിലില്ലെന്ന് ഉറപ്പിക്കാൻ കുറ്റവാളികളെ ഇതു സഹായിച്ചേക്കാം. 

സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുമ്പോൾ

∙ ഫെയ്സ്ബുക് അടക്കമുള്ള സമൂഹമാധ്യമ അക്കൗണ്ടുകൾ സെക്യൂരിറ്റി സെറ്റിങ്സ് ഉപയോഗിച്ചു സുരക്ഷിതമാക്കണം. ഫോട്ടോ, മറ്റു വിവരങ്ങൾ എന്നിവ കാണാനുള്ള ഓപ്ഷൻ സുഹൃത്തുക്കൾക്കു മാത്രമായി പരിമിതപ്പെടുത്തണം. 

∙ പ്രൊഫൈൽ ഫോട്ടോ ലോക് ചെയ്യാൻ ഫെയ്സ്ബുക്കിൽ സൗകര്യമുണ്ട്. തട്ടിപ്പുകാർ വ്യാജ പ്രൊഫൈൽ ഉണ്ടാക്കാൻ നിങ്ങളുടെ ഫോട്ടോ ഉപയോഗിക്കുന്നതു തടയാം. 

∙ നിലവിലുള്ള സുഹൃത്തുക്കളുടെ പുതിയ പ്രൊഫൈലിൽ നിന്നു റിക്വസ്റ്റ് ലഭിച്ചാൽ ഒറിജിനൽ ആണെന്നു നേരിട്ട് ഉറപ്പുവരുത്തിയ ശേഷം മാത്രം ഫ്രണ്ടായി ആഡ് ചെയ്യാം. 

∙ പരിചയമില്ലാത്തവരിൽ നിന്ന് മെസേജായി ലഭിക്കുന്ന ലിങ്കുകൾ തുറക്കുന്നത് ഒഴിവാക്കണം. പ്രൊഫൈൽ ഹാക്ക് ചെയ്യാൻ ഉപയോഗിക്കുന്ന മാൽവെയർ ആവാം ഇവ. 

∙ സർവേ എന്ന പേരിൽ പ്രചരിക്കുന്ന സംശയാസ്പദമായ ലിങ്കുകൾ തുറക്കുന്നതും ഒഴിവാക്കണം. 

∙പ്രമുഖ വ്യാപാര ശൃംഖലകളുടെ പേരിൽ സൗജന്യ കൂപ്പണുകൾ, ലോട്ടറി  സമ്മാനം തുടങ്ങിയവ വാഗ്ദാനം ചെയ്തുള്ള തട്ടിപ്പുകളോടും ജാഗ്രത വേണം. 

∙സംശയാസ്പദമായ പ്രൊഫൈലുകളോ, ലിങ്കുകളോ, പോസ്റ്റുകളോ ശ്രദ്ധയിൽപെട്ടാൽ ഉടൻ റിപ്പോർട്ട് ബട്ടൺ അമർത്തി സമൂഹമാധ്യമ കമ്പനികളെ വിവരം അറിയിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com