ADVERTISEMENT

ചെന്നൈ∙ മികച്ച പ്രകടനത്തോടെ തലയുയർത്തി കോൺഗ്രസ്, രണ്ടിലത്തണലിൽ താമര വിരിയിച്ചു ബിജെപി, സ്വന്തം ചിഹ്നത്തിൽ കരുത്തു കാട്ടി വിസികെ, നോട്ടയ്ക്കു പിന്നിൽ പോയി തകർന്നടിഞ്ഞു ഡിഎംഡികെ. നിയമസഭാ തിരഞ്ഞെടുപ്പു വിധി ചില പാർട്ടികൾക്കു സമ്മാനിച്ചതു സന്തോഷം. മറ്റു ചിലർക്കു തിരിച്ചടിയുടെ കണ്ണീർ. നിയമസഭാ തിരഞ്ഞെടുപ്പു വിവിധ പാർട്ടികൾക്ക് എങ്ങനെ:

തിരിച്ചെത്തി ചുവപ്പ് 

സിപിഎം മത്സരിച്ചത് : 6 (25)
ജയം : 2 (0)

സിപിഐ
മത്സരിച്ചത് : 6 (25)
ജയം : 2 (0)

അഞ്ചു വർഷത്തെ ഇടവേളയ്ക്കു ശേഷം ഇടതുപക്ഷത്തിനു തമിഴ്നാട് നിയമസഭയിൽ പ്രാതിനിധ്യം. ഡിഎംകെ സഖ്യത്തിൽ സിപിഎമ്മും സിപിഐയും രണ്ടു സീറ്റു വീതം ജയിച്ചു. തളി മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥിയെ അര ലക്ഷത്തിലേറെ വോട്ടുകൾക്കാണു സിപിഐ തോൽപിച്ചത്. 

പ്രതിഛായ മാറ്റി വിസികെ

മത്സരിച്ചത് : 6 (25)
ജയം : 4 (0)

ദലിത് പാർട്ടിയെന്ന പ്രതിഛായയിൽ നിന്നു പുറത്തുവരാൻ ശ്രമിക്കുന്ന വിസികെക്കു കരുത്തേകുന്നതാണു തിരഞ്ഞെടുപ്പു ഫലം. ആറിടത്ത് മത്സരിച്ച പാർട്ടി 4 ജയിച്ചു. ഇതിൽ രണ്ടെണ്ണം ജനറൽ സീറ്റുകളാണ്.പിഎംകെയുമായി നേരിട്ടു പൊരുതിയ തിരുപ്പോരൂലിലെ വിജയം പാർട്ടിക്കു വൻ നേട്ടമായി. പാർട്ടി ഭരണ മുന്നണിയുടെ ഭാഗമാകുന്നതു ഇതാദ്യമായാണ്. 

നേട്ടം കൊയ്ത് എംഡിഎംകെ

മത്സരിച്ചത് : 6
ജയം : 4

ഡിഎംകെ ചിഹ്നത്തിൽ 6 സീറ്റുകളിൽ  മത്സരിച്ച വൈകോയുടെ എംഡിഎംകെ 4 സീറ്റ് വിജയിച്ചു. സമീപകാല ചരിത്രത്തിൽ പാർട്ടിയുടെ മികച്ച പ്രകടനം. മധുര സൗത്ത്, വാസുദേവനല്ലൂർ, സാത്തൂർ, അരിയാലൂർ സീറ്റുകളിലാണു പാർട്ടിയുടെ ജയം. 

തിളക്കമില്ലാതെ പിഎംകെ

മത്സരിച്ചത് : 23
ജയം : 5

5 വർഷത്തെ ഇടവേളയ്ക്കു ശേഷം നിയമസഭാ പ്രാതിനിധ്യം ലഭിച്ചെങ്കിലും നിറം മങ്ങി പിഎംകെ. 23 സീറ്റിൽ അഞ്ചിടത്താണു വിജയം. വണ്ണിയർ സമുദായത്തിനു പ്രത്യേക സംവരണം ഏർപ്പെടുത്തിയതിനു ശേഷം നടന്ന തിരഞ്ഞെടുപ്പിൽ പാർട്ടി ഇതിലും മികച്ച പ്രകടനം പ്രതീക്ഷിച്ചിരുന്നു. കഴിഞ്ഞ തവണ ഒറ്റയ്ക്കു മത്സരിച്ചു അഞ്ചു ശതമാനത്തിലേറെ വോട്ടു നേടിയ പാർട്ടിയുടെ വോട്ടു വിഹിതവും കുറഞ്ഞു. 

നോട്ടയ്ക്കും പിന്നിൽ
ഡിഎംഡികെ

മത്സരിച്ചത് : 60
ജയം : 0

2006 നിയമസഭാ തിരഞ്ഞെടുപ്പിൽ രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിച്ചു അരങ്ങേറിയ ഡിഎംഡികെയുടെ ഭാവി പ്രതിസന്ധിയിലാക്കുന്നതാണു ഇന്നലത്തെ തിരഞ്ഞെടുപ്പു ഫലം. ടി.ടി.വി.ദിനകരന്റെ അമ്മ മക്കൾ നീതി മയ്യവുമായി സഖ്യത്തിൽ 60 സീറ്റുകളിൽ മത്സരിച്ച പാർട്ടി വോട്ടു വിഹിതത്തിൽ നോട്ടയ്ക്കും പിന്നിലായി. വിരുദാചലത്തിൽ മത്സരിച്ച പാർട്ടി ട്രഷറർ പ്രേമലതയുൾപ്പെടെ എല്ലാ സ്ഥാനാർഥികൾക്കും കെട്ടിവച്ച തുക നഷ്ടമാകും.ആദ്യ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്കു മത്സരിച്ച് 8% വോട്ടും ഒരു സീറ്റും ലഭിച്ച പാർട്ടി 2011ൽ 29 സീറ്റു നേടി പ്രതിപക്ഷ നേതൃ സ്ഥാനം സ്വന്തമാക്കി. 

ശൂന്യരായി മു‌സ്‌ലിം​ ലീഗ്

മൂന്നു സീറ്റുകളിൽ മത്സരിച്ച മുസ്‍ലിം ലീഗിനു സമ്പൂർണ പരാജയം. സിറ്റിങ് സീറ്റായ കടയനല്ലൂരിലുൾപ്പെടെ പാർട്ടി തോറ്റു. മറ്റൊരു മുസ്‍ലിം കക്ഷിയായ മനിതനേയ ജനനായക കക്ഷി ഒരു സീറ്റു നേടി. പാർട്ടി നേതാവ് ജവാഹിറുള്ള പാപനാശത്തു വിജയിച്ചു. ദിനകരന്റെ സഖ്യത്തിൽ മൂന്നു സീറ്റിൽ മത്സരിച്ച ഉവൈസിയുടെ എഐഎംഐഎമ്മിനു ചലനമുണ്ടാക്കാനായില്ല.

തലയെടുപ്പോടെ കോൺഗ്രസ് 

മത്സരിച്ചത് : 25 (41)
ജയിച്ചത് : 18 (25)

മാന്യമായ സീറ്റിനു വേണ്ടി ഡിഎംകെക്കു മുന്നിൽ നാണം കെടേണ്ടിവന്ന കോൺഗ്രസ് ഫലം പുറത്തുവന്നതോടെ തലയുയർത്തി നിവർന്നു നിൽക്കുന്നു. മത്സരിച്ച 25 സീറ്റിൽ 18 ഇടത്തു ജയിച്ച പാർട്ടിയുടെ സ്ട്രൈക്ക് റേറ്റ് 72%. ബിജെപിയുമായി നേരിട്ടു മത്സരിച്ച അഞ്ചിൽ നാലിടത്ത് തകർപ്പൻ വിജയം നേടിയതു ഫലത്തെ കൂടുതൽ മധുരമുള്ളതാക്കുന്നു. സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നും കോൺഗ്രസിനു എംഎൽഎമാരുണ്ട്. പാർട്ടിയുടെ ശക്തി കേന്ദ്രമായ കന്യാകുമാരി ബെൽറ്റിൽ മത്സരിച്ച സീറ്റുകളെല്ലാം ജയിച്ചു. കന്യാകുമാരി ലോക്സഭാ തിരഞ്ഞെടുപ്പിലെ തകർപ്പൻ വിജയം തിളക്കമാർന്ന നേട്ടത്തിനു മകുടം ചാർത്തുന്നതായി. 2006നു ശേഷമുള്ള കോൺഗ്രസിന്റെ മികച്ച പ്രകടനമാണിത്. അന്നു 34 സീറ്റു നേടിയിരുന്നു. 

രണ്ടു പതിറ്റാണ്ടിന് ശേഷം താമര

മത്സരിച്ച സീറ്റ് : 20 (204)
ജയിച്ചത് : 4 (0)

ബിജെപി ബന്ധം അണ്ണാഡിഎംകെയ്ക്കു ഭാരമായോയെന്ന ചർച്ച തമിഴക രാഷ്്ട്രീയത്തിൽ ഏറെക്കാലം നിലനിൽക്കും. എന്നാൽ, സഖ്യം ബിജെപിക്കു നല്ല ഗുണം ചെയ്തുവെന്നു തിരഞ്ഞെടുപ്പു ഫലത്തിൽ വ്യക്തം. 2 പതിറ്റാണ്ടിനു ശേഷം നിയമസഭയിൽ  ബിജെപി പ്രാതിനിധ്യം നേടി. പുതിയ സഭയിൽ ബിജെപിക്കു 4 എംഎൽഎമാരുണ്ടാകും. 2001ൽ ഡിഎംകെ സഖ്യത്തിന്റെ ഭാഗമായി നടത്തിയതിനു സമാനമായ പ്രകടനം. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com