ADVERTISEMENT

ചെന്നൈ ∙ ചായക്കടകൾക്ക് ആധുനിക മുഖം നൽകിയ കോർപറേറ്റ് ശൃംഖലകൾ നഗരത്തിൽ പുതു തന്ത്രങ്ങളിറക്കുമ്പോഴും കുലുങ്ങിയിട്ടില്ല മലയാളികൾ നടത്തുന്ന ചായക്കടകൾ. കോവിഡ് ഭീഷണി മാറി ജനജീവിതം പഴയ നിലയിലേക്കു മടങ്ങുമ്പോൾ കച്ചവടത്തിന്റെ പുതു ശൈലികളും ആകർഷകങ്ങളായ രൂപകൽപനകളുമായി ചായക്കടകളുടെ പുതുശൃംഖലകൾ നഗരത്തിൽ പലയിടങ്ങളിലും അവതരിച്ചത് കാലങ്ങളായി ഈ രംഗത്തു നിലയുറപ്പിച്ചവരിൽ ആശങ്ക ഉളവാക്കിയിരുന്നു. എന്നാൽ മലയാളി ചായക്കടകൾ നൽകുന്ന രുചിയുടെയും ഗുണത്തിന്റെയും മുന്നിൽ ഇവയ്ക്കു പിടിച്ചു നിൽക്കാനാവില്ലെന്നാണു നഗരത്തിലെ ചായ പ്രേമികളുടെ പക്ഷം. 

∙ കച്ചവടം പിടിക്കാൻ  പുതു രീതികൾ

നഗരത്തിന്റെ മുഖഛായ മാറ്റിക്കൊണ്ടു രൂപപ്പെട്ട ചെന്നൈ മെട്രോയുടെ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിയും നഗരത്തിന്റെ പ്രധാന കേന്ദ്രങ്ങളിലുമായാണു പുതുതലമുറ ചായവിൽപന ശാലകൾ പ്രത്യക്ഷപ്പെട്ടത്. കാലങ്ങളായി പ്രവർത്തിച്ചു പോന്ന ഒട്ടനവധി ചായക്കടകൾ ലോക്ഡൗൺ കാലത്ത് അടച്ചു പൂട്ടിയതും ഇവയുടെ ജനപ്രീതിക്കു കാരണമായി. രൂപഭംഗിയും സ്ഥല സൗകര്യങ്ങളും ഒത്തുവന്നതോടെ നഗര വാസികൾ പലരും ഇവിടങ്ങളിലെ ചായ ഒന്നു രുചിച്ചു നോക്കുവാൻ തയാറാവുകയും ചെയ്തു.

'' മലയാളിയുടെ കടയിലെ ചായയുടെ രുചി അറിഞ്ഞാൽ പിന്നെ മറ്റെവിടെ നിന്നു ചായ കുടിച്ചാലും തൃപ്തി വരില്ല. ദിവസവും രാവിലെയും ഉച്ചയ്ക്കു ശേഷവും ജോലി സ്ഥലത്തിനടുത്തുള്ള ‘ചേട്ടന്റെ’ കടയിലെ ചായ കുടിച്ചില്ലെങ്കിൽ ഉന്മേഷം ലഭിക്കാത്ത അവസ്ഥയാണുള്ളത്.'' ലിയോ നെൽസൺ  ഇലക്ട്രിഷ്യൻ

∙ മലയാളിച്ചായയോളം വരില്ല മറ്റൊന്നും

ഒരിക്കലെങ്കിലും മദിരാശിയിൽ വന്നിട്ടുള്ളവർ നഗരത്തിലെ മലയാളി ചായക്കടയുടെ രുചിയറിയാത്തവരായിരിക്കില്ല. ചെന്നൈ വാസികളാകട്ടെ കാലങ്ങളായി മലയാളി ചായയുടെ രുചി പിടിച്ചു പോയവരുമാണ്. അതിനാൽ തന്നെ കാലങ്ങൾ കൊണ്ട് നഗരത്തിന്റെ മുക്കിലും മൂലയിലുമായി മലയാളികളുടെ ഉടമസ്ഥതയിൽ നടന്നു വരുന്ന ചായക്കടകളെ നഗര വാസികളുടെ ഹൃദയത്തിൽ നിന്ന് അത്രയെളുപ്പത്തിൽ എടുത്തു മാറ്റാനാവില്ലെന്ന് ചെന്നൈ ചായക്കട ഉടമസ്ഥ സംഘം പ്രസിഡന്റ് ടി.അനന്തൻ പറഞ്ഞു.പുതിയ രീതികളുമായി രംഗത്തു വരുന്ന സംരംഭങ്ങൾക്ക് വലിയ തോതിൽ ആളുകളെ ആകർഷിക്കാനാകുന്നുണ്ട് എന്നത് വാസ്തവമാണെന്ന് അനന്തൻ സമ്മതിക്കുന്നു. എന്നാൽ ഇവർക്ക് അധികകാലം ഉപഭോക്താക്കളെ നിലനിർത്താനാവില്ല എന്നാണ് അനന്തന്റെ പക്ഷം. 

വലിയ വാടക കൊടുത്തും കെട്ടിടങ്ങൾ മോടി പിടിപ്പിക്കുന്നതിനായി വൻതുകകൾ ചിലവാക്കിയുമാണ് ഇവർ സംരംഭങ്ങൾ തുടങ്ങുന്നത്. അതിനാൽ തന്നെ ഇവിടങ്ങളിൽ ചായയ്ക്കും മറ്റു ഭക്ഷണ പാനീയങ്ങൾക്കും വിലയും വളരെ കൂടുതലാണ്. നന്നായി നടത്തുന്ന മലയാളികളുടെ കടകളിലെ വിലക്കുറവിനോടും ഗുണമേന്മയോടും പിടിച്ചു നിൽക്കാൻ ഇവർക്കാകില്ലെന്ന് അനന്തൻ പറയുന്നു.

വിട്ടുവീഴ്ചയില്ല; രുചിയിലും ശുചിത്വത്തിലും വൃത്തിയിലും 

കലർപ്പുകളില്ലാതെ നല്ല ചായ കൊടുക്കണമെന്ന് ചായക്കട ഉടമസ്ഥ സംഘം എല്ലാ അംഗങ്ങളോടും നിർദേശിക്കുന്നു. കോവിഡിന്റെ പശ്ചാത്തലത്തിൽ മാസ്ക്കുകളും കൈയുറകളും നിർബന്ധമായും ധരിക്കണം. കടയും പരിസരവും ശുചിത്വമുള്ളതായി സൂക്ഷിക്കണം. തൊഴിലാളികളുടെ വസ്ത്ര ശുചിത്വത്തിലും ഉടമകൾ പ്രത്യേക ശ്രദ്ധ പതിപ്പിക്കണം, ഇങ്ങനെ പോകുന്നു സംഘത്തിന്റെ നിർദേശങ്ങൾ.

മുൻപ് ചായയും പലഹാരങ്ങളും മാത്രമാണ് മിക്ക കടകളിലും വിറ്റിരുന്നതെങ്കിൽ മാറിയ സാഹചര്യത്തിനനുസരിച്ച് മറ്റ് ഭക്ഷണ പാനീയങ്ങളും വിൽക്കാൻ മിക്ക ചായക്കടക്കാരും തുടങ്ങിയതും പുതിയ വെല്ലുവിളികളെ അതിജീവിക്കാൻ സഹായിച്ചു. 35 വർഷമായി നുങ്കംപാക്കത്തു ചായക്കട നടത്തുന്ന കെ.കണ്ണൻ തന്റെ ചെറു കടയിൽ‌ വിവിധ തരം ജ്യൂസുകളും അത്യാവശ്യ സ്റ്റേഷനറി ഉൽപന്നങ്ങളും വിൽക്കുന്നുണ്ട്. ഈ കടയിൽ നിന്നുള്ള വരുമാനം ഒന്നു കൊണ്ടു മാത്രമാണ് ഭാര്യയും രണ്ടു മക്കളുമുള്ള തന്റെ കുടുംബത്തെ ഇത്രയും കാലം പരിപാലിച്ചതെന്ന് കണ്ണൻ പറയുന്നു. എംബിഎ പഠനം പൂർത്തിയാക്കിയ മകനും കണ്ണനെ കച്ചവടത്തിൽ സഹായിക്കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com