ADVERTISEMENT

ചെന്നൈ ∙ ജനങ്ങളുടെ നെഞ്ചിലും പോക്കറ്റിലും തീ ആളിക്കത്തിച്ച് പെട്രോളിനു പിന്നാലെ ഡീസൽ വിലയും 100 രൂപ കടന്നു. ലീറ്ററിന് 24 പൈസ വർധിച്ച് 100.25 രൂപയാണിപ്പോൾ ചെന്നൈയിലെ വില. ഇതോടെ പച്ചക്കറി, പലചരക്ക് ഉൾപ്പെടെയുള്ള സാധനങ്ങളുടെയും വില ഉയരുമോ എന്ന ആശങ്കയിലാണ് നഗരവാസികൾ. ആന്ധ്ര, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നും തെക്കൻ, മധ്യ ജില്ലകളിൽ നിന്നുമുള്ള ലോറികളിലാണ് കോയമ്പേട് മാർക്കറ്റിലേക്ക് ദിവസേന സാധനങ്ങൾ എത്തുന്നത്. 

ഡീസൽ വില കുതിക്കുന്നതോടെ നിരക്ക് വർധിപ്പിക്കണമെന്ന ആവശ്യം ലോറി ഉടമകൾ ഉന്നയിച്ചേക്കും. സംസ്ഥാന ചരിത്രത്തിലാദ്യമായാണ് ഡീസൽ വില മൂന്നക്കം തൊടുന്നത്. പാചക വാതക സിലിണ്ടർ, പെട്രോൾ എന്നിവയുടെ വിലവർധനയിൽ തലയ്ക്കടിയേറ്റു നിൽക്കുന്ന ജനത്തിന് ഡീസലിന്റെ വില കൂടി വർധിച്ചതോടെ നട്ടെല്ലൊടിയും. ഇങ്ങനെ പോയാൽ സ്വന്തം വാഹനം കെട്ടിപ്പൂട്ടി വയ്ക്കാൻ അധികകാലം വേണ്ടിവരില്ലെന്നാണ് നഗരവാസികൾ പറയുന്നത്.

ഇങ്ങനെ പേടിച്ചിട്ടില്ല, ഒരിക്കലും

കോവിഡ് കൂടുമ്പോൾ പോലും ഇത്ര ഭയം തോന്നിയില്ല. സമ്പർക്കം പരമാവധി കുറച്ച്, വ്യക്തിശുചിത്വം പാലിച്ച്, ചിട്ടയോടെ ജീവിച്ചാൽ കോവിഡ് വരില്ലെന്നൊരു വിശ്വാസമുണ്ടായിരുന്നു. എന്നാൽ, ഇന്ന് എന്തിന്റെയൊക്കെ വില കൂടി, ഓരോന്നും എത്ര കൂടിയെന്ന പേടിയോടെയാണ് ദിവസവും ഉണരുന്നത്. ജീവിതച്ചെലവിനെക്കുറിച്ച് ഇങ്ങനെ പേടിച്ച് ജീവിച്ച നാളുകൾ മുൻപുണ്ടായിട്ടില്ലെന്നും വില്ലിവാക്കം നിവാസി ഹരീഷ് ക‍ൃഷ്ണൻ പറയുന്നു. 

കോവിഡ് ഒന്നും രണ്ടും തരംഗത്തിന്റെ സമയത്ത് ഏറെ നാൾ വീട്ടിലിരിക്കേണ്ടി വന്നു. സാമ്പത്തികമായി വലിയ പ്രതിസന്ധിയാണു നേരിട്ടത്. ഇപ്പോൾ എല്ലാം ശരിയായി വരുമ്പോഴാണ് ഇന്ധനവില വച്ചടി വച്ചടി കയറുന്നത്. പാചകവാതക വില ആയിരത്തിലേക്കെത്താൻ ഇനി അധിക നാൾ നാൾ വേണ്ടിവരില്ലെന്ന പേടിയുമുണ്ട്. മാർക്കറ്റിങ് ജോലി ആയതിനാൽ യാത്ര ചെയ്യണം. മാസ വരുമാനത്തിന്റെ പകുതിയിലധികവും ഇന്ധനത്തിനായി തീരുകയാണല്ലോ എന്നതാണ് വിഷമം, ഹരീഷ് പറയുന്നു. 

യാത്രാ നിരക്കിൽ 'സർച്ചാർജ്'

ഇന്ധന വിലവർധനയുടെ പേരിൽ നിശ്ചിത നിരക്കിനേക്കാൾ അധിക നിരക്കാണ് ചില ഓൺലൈൻ ഓട്ടോ, ടാക്സി ‍ഡ്രൈവർമാർ ഈടാക്കുന്നത്. 5 മുതൽ 10 രൂപ വരെയാണ് അധികം വാങ്ങുന്നത്. വാഹനത്തിൽ കയറുമ്പോഴായിരിക്കും ഡ്രൈവർമാർ അധിക നിരക്കിന്റെ കാര്യം സൂചിപ്പിക്കുക. ഈ കാരണത്താൽ യാത്ര റദ്ദാക്കിയാലും നഷ്ടം യാത്രക്കാർക്ക് തന്നെയാണ്. റദ്ദാക്കിയതിനുള്ള പണം കൂടി കമ്പനി ഈടാക്കും. ബുക്കിങ് സ്വീകരിക്കുന്നതിനു മുൻപ് ഇക്കാര്യം അറിയിക്കാത്തതിന്റെ പേരിൽ ട്രിപ്ലിക്കേനിലെ മാൻഷനിൽ‌ താമസിക്കുന്ന മലയാളി യുവാവ് ഓൺലൈൻ ഓട്ടോ ഡ്രൈവറുമായി വാക്കുതർക്കത്തിലെത്തിയതും ഈയിടെയാണ്.  

10 മാസത്തിനിടെ കൂടിയത് 21 രൂപ

കഴിഞ്ഞ 10 മാസത്തിനിടെ ചെന്നൈയിൽ ഡീസൽ വില കൂടിയത് ലീറ്ററിന് 21 രൂപ. ലീറ്ററിന് 79.21 രൂപയായിരുന്നു ജനുവരിയിലെ നിരക്ക്. ഏപ്രിലിൽ 85 ആയി ഉയർന്നു. ജൂണിൽ തൊണ്ണൂറും ഓഗസ്റ്റിൽ 95ലും എത്തി. ഈ മാസമാദ്യം 96 രൂപ ആയിരുന്നതാണ് ഇപ്പോൾ സെഞ്ചുറി കടന്നിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com