ADVERTISEMENT

ചെന്നൈ ∙ സമ്പൂർണ ‘ഊരടങ്ങ്’ ദിനത്തിൽ വീടുകൾക്കുള്ളിലൊതുങ്ങി ചെന്നൈ നഗരം. ശനിയാഴ്ച രാത്രി 10ന് ആരംഭിച്ച രാത്രികാല കർഫ്യൂവും തുടർന്നു വന്ന ഞായറാഴ്ച ലോക്ഡൗണും ചേർന്നു നഗരത്തിലെ ജനജീവിതത്തെ 31 മണിക്കൂറുകൾ വീടുകളുടെ ചുവരുകൾക്കുള്ളിലേക്കൊതുക്കി. വഴികൾ വിജനമായിരുന്നു. അത്യാവശ്യ ജോലികൾക്കല്ലാതെ പുറത്തേക്കിറങ്ങാൻ ആരും തന്നെ തുനിഞ്ഞില്ല. 

സമ്പൂർണ ലോക്ഡൗൺ ദിനമായ ഞായറാഴ്ച വാഹനങ്ങളൊഴിഞ്ഞ് വിജനമായ ചെന്നൈ സെൻട്രൽ സ്റ്റേഷൻ പരിസരം

അവശ്യ സേവനങ്ങളായ ആശുപത്രികൾ‍, മരുന്നു കടകൾ, പെട്രോൾ പമ്പുകൾ, എടിഎം, ചരക്കു ഗതാഗതം എന്നിവയൊഴികെ മറ്റൊന്നും തന്നെ പ്രവർത്തിച്ചില്ല. ഹോട്ടലുകളിലും മറ്റു ഭക്ഷ്യ വിൽപനശാലകളിലും പാഴ്സൽ ലഭ്യമായിരുന്നു. ഓൺലൈൻ ഭക്ഷ്യ വിതരണവും അനുവദിച്ചിരുന്നു. എംടിസി ബസുകളും മെട്രോ ട്രെയിനും സർവീസുകൾ നടത്തിയില്ല. സബേർബൻ ട്രെയിനുകളും  ദീർഘദൂര വണ്ടികളും സർവീസുകൾ നടത്തിയെങ്കിലും യാത്രക്കാർ നാമമാത്രമായിരുന്നു.

∙ വലഞ്ഞത് ഒറ്റയ്ക്ക് താമസിക്കുന്നവർ

മാൻഷനുകളിലും മറ്റുമായി ഒറ്റയ്ക്കു താമസിക്കുന്ന ആയിരക്കണക്കിനാളുകളാണു നഗരത്തിൽ ഭക്ഷണം കിട്ടാതെ വലഞ്ഞത്. പാഴ്സലുകൾക്കായി ഭക്ഷ്യശാലകൾ തുറന്നിരുന്നെങ്കിലും വാഹനങ്ങൾ ലഭ്യമല്ലാതിരുന്നതിനാൽ അവിടങ്ങളിൽ എത്തിപ്പെടാൻ പലർക്കും കിലോമീറ്ററുകൾ നടക്കേണ്ടി വന്നു. വഴിയോര കച്ചവടക്കാർ കടകൾ തുറക്കാതിരുന്നതിനാൽ മിക്കവർക്കും ലഘുഭക്ഷണങ്ങൾ ഒഴിവാക്കേണ്ടി വന്നു.  യാത്രാസൗകര്യങ്ങൾ ലഭ്യമാക്കാത്തതിനാൽ നഗരത്തിലെ ശുചീകരണ തൊഴിലാളികൾക്കു ജോലിസ്ഥലത്തെത്താൻ  ബുദ്ധിമുട്ട് അനുഭവപ്പെട്ടതായി പരാതിയുയർന്നു. പലരും കിലോമീറ്ററുകൾ നടന്നാണു ജോലിക്കെത്തിയത്. പുലർച്ചെ 6 മണിക്കു ജോലിക്കെത്താൻ യാത്രാ സൗകര്യം ഒരുക്കാമെന്ന് അധികൃതർ വാക്കു നൽകിയിരുന്നെങ്കിലും പാലിച്ചില്ലെന്ന് തൊഴിലാളികൾ പറഞ്ഞു. 

∙ ഒറ്റ ദിവസം: കുടിച്ചു തീർത്തത് 200 കോടി 

സമ്പൂർണ ഞായർ ലോക്ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്നു ശനിയാഴ്ച ടാസ്മാക് കടകളിൽ റെക്കോർഡ് വിൽപന നടന്നതായി അധികൃതർ. 217.96 കോടിയുടെ മദ്യമാണു ശനിയാഴ്ച ഒറ്റ ദിവസം സംസ്ഥാനത്തെ ആറായിരത്തോളം കേന്ദ്രങ്ങളിലൂടെ വിറ്റഴിഞ്ഞത്. പുതുവർഷ ദിനത്തോടനുബന്ധിച്ചു പോലും 147.69 കോടിയുടെ മദ്യ വിൽപന മാത്രമാണ് തമിഴ്നാട്ടിൽ നടന്നത്. വാരാന്ത്യദിനങ്ങളിലെ ശരാശരി മദ്യ വിൽപന 160 മുതൽ 170 കോടി വരെയാണ്. ചെന്നൈ മേഖലയിലാണ് ശനിയാഴ്ച കൂടുതൽ മദ്യ വിൽപന നടന്നത്. 50.04 കോടിയുടെ മദ്യമാണ് ഇവിടെ വിറ്റത്.  മധുര– 43.2 കോടി, തിരുച്ചിറപ്പള്ളി– 42.59 കോടി, കോയമ്പത്തൂർ– 41.28 കോടി., സേലം– 40.85 കോടി എന്നിങ്ങനെയാണ് മറ്റു മേഖലകളിൽ ശനിയാഴ്ച നടന്ന മദ്യവിൽപന

പുതുച്ചേരി അതിർത്തിയിൽ ആകെ ആശയക്കുഴപ്പം

പുതുച്ചേരിയിൽ ലോക്ഡൗൺ ഇല്ലാത്തതിനാൽ പതിവുപോലെ അതിർത്തി കടക്കാനെത്തിയവരെ പൊലീസ് തിരിച്ചയച്ചു. ചിലരെങ്കിലും പൊലീസുമായി വാഗ്വാദത്തിൽ ഏർപ്പെട്ടെങ്കിലും പ്രയോജനമുണ്ടായില്ല. ദീർഘദൂര ട്രെയിനുകളിലും വിമാനത്തിലും നഗരത്തിലെത്തിയവരുടെ  യാത്രയ്ക്കു തടസ്സങ്ങളുണ്ടായില്ല. ചിലയിടങ്ങളിൽ പൊലീസ് പരിശോധനകൾ ഉണ്ടായിരുന്നെങ്കിലും യാത്രാ രേഖകൾ കാണിച്ചതിനെ തുടർന്നു വണ്ടികൾ കടത്തി വിടുകയായിരുന്നു.   

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com