ADVERTISEMENT

ചെന്നൈ ∙ ആധുനിക സൗകര്യങ്ങളും വികസനവുമൊക്കെ ചെന്നൈയിൽ ഒന്നിനു പിന്നാലെയെത്തുമ്പോൾ നഗരം കൂടുതൽ സ്ത്രീസൗഹൃദം കൂടിയാകണ്ടേ.? സുരക്ഷിതത്വ പ്രശ്നങ്ങൾ അധികമൊന്നും അലട്ടുന്നില്ലെങ്കിലും നഗരം കൂടുതൽ വനിതാ സൗഹൃദമാകണമെന്ന അഭിപ്രായമാണു സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ളവർക്കും. 

വേണം കൂടുതൽ സിസിടിവികൾ: ഷേർലി തോമസ് (ചെന്നൈ കോർപറേഷനിലെ മലയാളി കൗൺസിലർ)

"വനിതകളുടെ സുരക്ഷിതത്വത്തിനായി നഗരത്തിൽ കൂടുതൽ സംവിധാനങ്ങൾ ഒരുക്കേണ്ടതുണ്ട്. ജംക്‌ഷനുകളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കുക എന്നതാണ് ഏറ്റവും പ്രധാനം. നഗരത്തിൽ എല്ലായിടത്തും നിരീക്ഷണ ക്യാമറകൾ വേണം. തങ്ങളുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കപ്പെടുന്നു എന്ന തോന്നലുണ്ടായാൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെടാനുള്ള പ്രവണത കുറയും. ഇത് സ്ത്രീകളുടെ സുരക്ഷിതത്വം വർധിപ്പിക്കും. മാല മോഷണം തുടങ്ങിയവ തടയാനും, സംഭവിച്ചാൽ തന്നെ കുറ്റവാളികളെ പിടികൂടാനും നിരീക്ഷണ ക്യാമറകൾ സഹായകമാകും. അടിയന്തര സഹായത്തിനു ബന്ധപ്പെടാനുള്ള നമ്പറുകളിൽ വിളിച്ചാൽ ഉടനടി സഹായമെത്തിക്കാനുള്ള സംവിധാനം ഒരുക്കാൻ പൊലീസിനു സാധിക്കണം."

ട്രെയിൻ യാത്രയിൽ സുരക്ഷ ഉറപ്പാക്കണം: സിമി സച്ചിൻ‌ (സ്ഥിരം ട്രെയിന്‍ യാത്രക്കാരി– സ്വകാര്യ സ്ഥാപന ഉദ്യോഗസ്ഥ) 

"മുൻപ് സബേർബൻ ട്രെയിനുകളിൽ പൊലീസ് സാന്നിധ്യമുണ്ടായിരുന്നു. ലേഡീസ് കോച്ചിൽ പൊലീസ് ഉദ്യോഗസ്ഥർ സ്ഥിരമായി പരിശോധനകൾ നടത്തിയിരുന്നു. എന്നാൽ ഇപ്പോൾ അതുമില്ല. ഇതുമൂലം കച്ചവടക്കാരും മറ്റും യഥേഷ്ടം കയറുന്നുണ്ട്. തിരക്കില്ലാത്ത സമയങ്ങളിൽ വനിതകൾക്കെതിരെയുള്ള അക്രമങ്ങളും ഫോൺ തട്ടിയെടുക്കൽ തുടങ്ങിയ സംഭവങ്ങളും നടക്കുന്നതായി വാർത്തകൾ വരാറുണ്ട്. പൊലീസ് സാന്നിധ്യമുണ്ടെങ്കിൽ ഇത്തരം അനിഷ്ടസംഭവങ്ങൾ കുറയ്ക്കാൻ കഴിയും. വനിതാ കംപാർട്മെന്റുകൾ ആവശ്യത്തിനില്ലാത്തതും തിരക്കേറിയ സമയങ്ങളിൽ ബുദ്ധിമുട്ടാകുന്നു. ആവഡി– ബീച്ച് റൂട്ടിൽ തിരക്കേറിയ സമയത്ത് 9 ബോഗികളുള്ള ട്രെയിനുകളാണ് ഓടിക്കുന്നത്. ഇതിൽ 2 വനിതാ കംപാർട്മെന്റുകൾ മാത്രമാണുള്ളത്. 12 ബോഗികളുള്ള ട്രെയിൻ ഓടിച്ചാൽ 4 വനിതാ കംപാർട്മെന്റുകൾ ഉള്ളതിനാൽ തിരക്കു കുറയുന്നതിനൊപ്പം സ്ത്രീകളുടെ ബുദ്ധിമുട്ടും കുറയ്ക്കാൻ കഴിയും."

ബോധവൽക്കരണം നൽകണം: ഡോ.ജയ മഹാദേവൻ (ഓൾ ഇന്ത്യ റേഡിയോ അസിസ്റ്റന്റ് ഡയറക്ടർ) 

"മറ്റു സ്ഥലങ്ങളിലുള്ളവരെ അപേക്ഷിച്ച് ചെന്നൈയിലെ പെൺകുട്ടികൾ ആത്മവിശ്വാസം കൂടതലുള്ളവരാണ്. സാമൂഹിക മാധ്യമങ്ങളിലൂടെ വളരെയധികം വിവരങ്ങൾ ഇന്നത്തെ കുട്ടികൾക്ക് ലഭിക്കുന്നു. എന്നാൽ സർക്കാർ സ്കൂളുകളിൽ പഠിക്കുന്ന കുട്ടികൾക്കും ചേരി പ്രദേശങ്ങളിൽ നിന്നു വരുന്നവർക്കുമായി കൂടുതൽ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കണം. കുട്ടികളിൽ ബോധവൽക്കരണം നടത്തുന്നതിലൂടെ മാത്രമേ സ്ത്രീകൾ നേരിടുന്ന പല പ്രശ്നങ്ങളും കുറയ്ക്കാൻ കഴിയുകയുള്ളൂ. സ്ത്രീകൾക്ക് എതിരെയുള്ള അതിക്രമങ്ങളിൽ ‍പൊലീസ് വളരെ ക്രിയാത്മകമായി ഇടപെടുന്നുണ്ട്. സ്ത്രീ സുരക്ഷയ്ക്കായി ഏർപ്പെടുത്തിയിട്ടുള്ള ടോൾഫ്രീ നമ്പറുകൾ വളരെ പ്രയോജനപ്രദമാണ്. ചെന്നൈ നഗരത്തിലെ പൊലീസ് സംവിധാനം സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ ശ്രദ്ധ വയ്ക്കുന്നുണ്ട്." 

കൂടെ നിൽക്കണം, കരുത്തേകണം: സുജ സവിധം (മദ്രാസ് സർവകലാശാല ഗവേഷക)

"സ്ത്രീ എന്ന സ്വത്വത്തിൽ ഏറെ അഭിമാനം തോന്നിയത് ചെന്നൈയിൽ വന്നതിനു ശേഷമാണ്. എല്ലാ മേഖലയിലും സ്ത്രീയുടെ സാന്നിധ്യവും ശക്തിയും ഇവിടെ കാണാം. സൗജന്യ യാത്ര, ചികിത്സ എന്നിവ ഉദാഹരണം. രാത്രി– പകൽ വ്യത്യാസമില്ലാതെ പൊതു ഇടങ്ങൾ സ്വന്തമാക്കാൻ ചെന്നൈയിലെ സത്രീകൾക്കു സാധിക്കുന്നുണ്ട്. തൊഴിലിടങ്ങളിലെ അധ്വാനത്തിനു ശേഷം വഴിയോരക്കടകളിൽ നിന്നും ഇഷ്ടഭക്ഷണം വാങ്ങി സന്തോഷത്തോടെ കഴിക്കുന്ന സ്ത്രീകളെ കാണുമ്പോൾ കേരളത്തിലെ എത്ര മധ്യവയസ്കരായ സ്ത്രീകൾക്കു ജീവിതത്തിൽ എന്നെങ്കിലും ഇത്തരത്തിലുള്ള സന്തോഷമുണ്ടായിട്ടുണ്ടോ എന്ന് ചിന്തിക്കാറുണ്ട്. വനിതാ മുഖ്യമന്ത്രി എന്നത് നമുക്ക് ഇപ്പോഴും ഒരു സ്വപ്നം മാത്രമായിരിക്കെ ശക്തയായ വനിതാ മുഖ്യമന്ത്രി തമിഴ്നാട്ടിൽ ഭരിച്ചതിന്റെ വ്യത്യാസം സമൂഹത്തിൽ വ്യക്തമാണ്. അതിനാൽ സ്ത്രീ ശാക്തീകരണത്തിന് ഉൗന്നൽ നൽകിയുള്ള പദ്ധതികൾ കൂടുതൽ വേണം."

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com