ADVERTISEMENT

ചെന്നൈ ∙ ബസിൽ യാത്ര ചെയ്യുന്ന സ്ത്രീകൾക്കു കൂടുതൽ സുരക്ഷ ഉറപ്പാക്കാൻ പുതിയ നടപടികളുമായി സംസ്ഥാന സർക്കാർ. യാത്രക്കാരികൾക്കു നേരെ മോശമായ രീതിയിലുള്ള നോട്ടം, സംസാരം, കണ്ണിറുക്കൽ, പാട്ട് പാടൽ തുടങ്ങിയവയൊന്നും ഇനി പാടില്ല. ഇത്തരത്തിൽ പെരുമാറുന്നവരെ കണ്ടക്ടർമാർ ബസിൽ നിന്ന് ഇറക്കി വിടുകയോ സമീപത്തുള്ള പൊലീസ് സ്റ്റേഷനിൽ ഏൽപിക്കുകയോ ചെയ്യും. ഇതുൾപ്പെടെ ബസുകളിൽ സ്ത്രീ സുരക്ഷ ഉറപ്പാക്കുന്ന പുതിയ നിയമങ്ങളോടെ സംസ്ഥാന മോട്ടർ വാഹന നിയമത്തിൽ ഭേദഗതി വരുത്തി സർക്കാർ ഉത്തരവിട്ടു.

കണ്ണിറുക്കിയാൽ കണ്ണുതുറപ്പിക്കും നിയമം

ബസുകളിൽ ചില പുരുഷന്മാരുടെ ശല്യം സഹിക്കാനാകുന്നില്ലെന്ന ഏറെക്കാലമായുള്ള പരാതിക്ക് അറുതി വരുത്തുകയാണ് പുതിയ ഉത്തരവിലൂടെ സർക്കാർ. അശ്ലീലച്ചുവയോടെയുള്ള നോട്ടം, തുറിച്ചുനോട്ടം, കമന്റടി, സംസാരം എന്നിവ ഉണ്ടായാൽ യാത്രക്കാരനെതിരെ ഉടൻ നടപടി ഉണ്ടാകും. സ്ത്രീകളോട് ഉച്ചത്തിലോ ആക്രോശത്തിലോ സംസാരിക്കുക, അവരെ നോക്കി വിസിൽ അടിക്കുക, ഫോട്ടോ എടുക്കുക, പാട്ട് പാടുക, കണ്ണിറുക്കുക തുടങ്ങിയവയും ഇനി പാടില്ല. ഇത്തരത്തിൽ ചെയ്യുന്ന വ്യക്തികൾക്കു കണ്ടക്ടർ മുന്നറിയിപ്പു നൽ‌കും. എന്നിട്ടും കേൾക്കാത്തവരെ പുറത്താക്കുകയോ പൊലീസിനെ ഏൽപ്പിക്കുകയോ ചെയ്യും. കണ്ടക്ടർമാർക്കാണു ചുമതല. 

വിസിലടിക്കുക, പാട്ടു പാടുക തുടങ്ങി ശാരീരികമായി അലോസരമുണ്ടാക്കാത്ത സാഹചര്യങ്ങളിലൂടെ സ്ത്രീ യാത്രക്കാർ കടന്നുപോകുന്നുണ്ട്. എന്നാൽ പലപ്പോഴും ഇവ മാനസികമായി ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുവെന്ന് യാത്രക്കാരികൾ പറയുന്നു. ഈ സാഹചര്യത്തിൽ പുരുഷന്മാർക്കെന്ന പോലെ സ്ത്രീകൾക്കും പൂർണ സ്വാതന്ത്ര്യത്തോടെ, സുരക്ഷിതമായുള്ള യാത്രാമാർഗം ഒരുക്കുകയാണു സർക്കാർ. പുതിയ നിയമങ്ങൾ സ്ത്രീ സുരക്ഷ വർധിപ്പിക്കാൻ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഗതാഗത വകുപ്പ് വൃത്തങ്ങൾ പറഞ്ഞു. 

പരാതി പുസ്തകം

മറ്റിടങ്ങളിലെന്ന പോലെ ബസുകളിലും പരാതി പുസ്തകം സൂക്ഷിക്കാൻ സർക്കാർ നിർദേശം. ബസുകളിൽ യാത്രക്കാർ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിശോധിക്കുന്നതിനും അന്വേഷിച്ചു നടപടി എടുക്കുന്നതിനും ഇതു സഹായിക്കും. കണ്ടക്ടർ, ഡ്രൈവർ തുടങ്ങിയവരോടു പറയാത്ത പരാതികളുണ്ടെങ്കിൽ അവ കണ്ടെത്താമെന്നും ഗതാഗത വകുപ്പ് പ്രതീക്ഷിക്കുന്നു.

ബസ് എറിഞ്ഞ് തകർത്ത് വിദ്യാർഥികൾ

ബസിൽ ഉച്ചത്തിൽ സംസാരിക്കുകയും പാട്ടു പാടുകയും ചെയ്ത കോളജ് വിദ്യാർഥികളോട് ഇറങ്ങാൻ ഡ്രൈവർ ആവശ്യപ്പെട്ടതിൽ പ്രകോപിതരായ വിദ്യാർഥികൾ ബസിന്റെ ചില്ല് എറിഞ്ഞു തകർത്തു. ബ്രോഡ്‌വേയിൽ നിന്നു സെയ്ദാപെട്ടിലേക്കുള്ള ബസ് രാവിലെ 9ന് ദേവി തിയറ്ററിനു സമീപത്ത് എത്തിയപ്പോഴായിരുന്നു സംഭവം. പ്രകോപിതരായ വിദ്യാർഥികൾ പുറത്തിറങ്ങി റോഡിൽ കിടന്ന മദ്യക്കുപ്പികൾ എറിഞ്ഞ് ചില്ല് തകർക്കുകയായിരുന്നു. യാത്രക്കാരിൽ ആർക്കും പരുക്കേറ്റില്ല. മറ്റൊരു സംഭവത്തിൽ റെട്ടേരി സിഗ്‌നലിനു സമീപം ഇരുചക്ര വാഹന യാത്രക്കാരൻ ചില്ല് കല്ലെറിഞ്ഞു തകർത്തു. റെഡ്ഹിൽസിൽ നിന്നു ഗിണ്ടിയിലേക്കു പോകുകയായിരുന്ന ബസ് വഴി നൽകിയില്ലെന്ന കാരണം പറഞ്ഞാണു കല്ലെറിഞ്ഞത്.

തുടരുന്ന അപകട യാത്ര

അധികൃതരുടെ ആവർത്തിച്ചുള്ള മുന്നറിയിപ്പ് അവഗണിച്ച് വിദ്യാർഥികളുടെ അപകട യാത്ര തുടരുന്നു. സബേർബൻ ട്രെയിൻ പുറപ്പെടുന്നതിനു മുൻപായി സ്കൂൾ വിദ്യാർഥിനി ചവിട്ടുപടിക്കു സമീപം നിൽക്കുകയും പുറപ്പെട്ടയുടൻ തറയിൽ ചവിട്ടി മുന്നോട്ടു നീങ്ങുകയു ചെയ്തതിന്റെ വിഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു. വിദ്യാർഥികളുടെ ഇത്തരത്തിലുള്ള അപകട യാത്രയ്ക്കെതിരെ റെയിൽവേയും പൊലീസും പലതവണ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വിദ്യാർഥികളുടെ വീട്ടുകാരെ വരെ കാര്യം അറിയിച്ചെങ്കിലും ഇത്തരം സംഭവങ്ങൾ തുടരുകയാണ്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com