ADVERTISEMENT

ചെന്നൈ ∙ രാജ്യത്തെ തലപ്പൊക്കമുള്ള മഹാ നഗരങ്ങളിലെ പ്രധാനിയായ ചെന്നൈ, ഇനി മെട്രോപ്പൊലിറ്റൻ പ്രദേശങ്ങളുടെ വലുപ്പത്തിലും തലയുയർത്തി നിൽക്കും. മെട്രോപ്പൊലിറ്റൻ പ്രദേശങ്ങളുടെ വലുപ്പത്തിൽ ചെന്നൈ മെട്രോപ്പൊലിറ്റൻ പ്രദേശം (സിഎംഎ) മൂന്നാമതെത്തി. സിഎംഎയുടെ വലുപ്പം 1,189 ചതുരശ്ര കിലോമീറ്ററിൽ നിന്ന് 5,904 ചതുരശ്ര കിലോമീറ്ററാക്കി ഉയർത്തുന്നതിന് അനുമതി നൽകി സർക്കാർ നേരത്തേ ഉത്തരവിറക്കിയിരുന്നു.

തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കൽപെട്ട്, റാണിപ്പെട്ട് ജില്ലകളിലെ 1,225 ഗ്രാമങ്ങൾ കൂടി ഇനി സിഎംഎയുടെ ഭാഗമാകും. ബെംഗളൂരു, ഹൈദരാബാദ് എന്നീ നഗര മേഖലകളാണു നിലവിൽ ചെന്നൈയ്ക്കു മുകളിലുള്ളത്. 47 വർഷത്തിനു ശേഷമാണു സിഎംഎ വിസ്തൃതി വർധിപ്പിക്കുന്നത്. 

മാറുന്ന മുഖം

ചെന്നൈ, താംബരം, ആവഡി, കാഞ്ചീപുരം എന്നീ കോർപറേഷനുകളും 14 നഗരസഭകൾ, ഒട്ടേറെ പഞ്ചായത്ത് യൂണിയനുകൾ, വില്ലേജുകൾ എന്നിവയും അടങ്ങിയതാണു പുതുതായി വികസിപ്പിച്ച ചെന്നൈ നഗര പ്രദേശം. ഒന്നര കോടിക്കടുത്തായിരിക്കും ആകെ ജനസംഖ്യ. നഗരത്തിൽ മാത്രം ജീവിക്കുന്നവർ ചെന്നൈയുടെ ഭാഗമെന്ന പ്രതീതിക്കും ഇനി വിരാമമാകും. ചെന്നൈയോടു ചേർന്നു നിൽക്കുന്നവർ, എന്നാൽ പ്രത്യക്ഷത്തിൽ ഭാഗമല്ലാത്തവർ ഇനി മെട്രോപ്പൊലിറ്റൻ പ്രദേശത്തിന്റെ ഭാഗമാകും.

ഇതിനു പുറമേ ആർക്കോണം അടക്കം റാണിപ്പെട്ട് ജില്ലയിലെ ചില ഭാഗങ്ങളും സിഎംഎയുടെ കീഴിൽ വരുന്നുവെന്നത് വികസനത്തിന്റെ പ്രാധാന്യം വർധിപ്പിക്കുന്നു. തിരുവള്ളൂർ ജില്ലയിലെ പൊന്നേരി, ഗുമ്മിടിപൂണ്ടി, ഉത്തുക്കോട്ട, തിരുവള്ളൂർ, തിരുത്തനി, പൂനമല്ലി താലൂക്കുകളിലെ 550 വില്ലേജുകൾ, ആർക്കോണം താലൂക്കിലെ 44 വില്ലേജുകൾ, കാഞ്ചീപുരം ജില്ലയിലെ വാലജാബാദ്, ശ്രീപെരുംപുത്തൂർ, കുണ്ട്രത്തൂർ, കാഞ്ചീപുരം താലൂക്കുകളിലെ 335 വില്ലേജുകൾ, ചെങ്കൽപെട്ട്, ജില്ലയിലെ വണ്ടല്ലൂർ, തിരുക്കളുകുണ്ട്രം, തിരുപ്പോരൂർ, ചെങ്കൽപെട്ട് താലൂക്കുകളിലെ 296 വില്ലേജുകളും പുതുതായി ഉൾപ്പെടും.

എന്താണു നേട്ടം?

കൂടുതൽ ഇടങ്ങൾ ചെന്നൈ മെട്രോപ്പൊലിറ്റൻ പരിധിയിൽ വരുന്നതുകൊണ്ട് സാധാരണ ജനങ്ങളെ എങ്ങനെ സ്വാധീനിക്കുമെന്ന ചർച്ച പല കോണുകളിലും നടക്കുന്നുണ്ട്. ചിട്ടയോടെയും കൃത്യമായ കൂടിയാലോചനകളിലൂടെയും ജനോപകാരപ്രദമായ വികസനം നടപ്പാക്കാൻ കഴിയുമെന്നാണ് അധികൃതർ പറയുന്നത്. ചെന്നൈയെ ബന്ധിപ്പിച്ച് കൂടുതൽ ഗതാഗത മാർഗങ്ങൾ, ജലസംവിധാനം, പരിസ്ഥിതി എന്നിവ സംരക്ഷിക്കുന്നതിനും അവയ്ക്കു കോട്ടം തട്ടാതെ ഉപയോഗിക്കുന്നതിനുള്ള കൃത്യമായ പദ്ധതി എന്നിവയും വിഭാവനം ചെയ്യും. ചെന്നൈയ്ക്കു പുറമേ പലയിടങ്ങളിലായി  ടൗൺഷിപ്പുകളും ഉയരും. തൊഴിലാളികളുടെ സേവന വേതന വ്യവസ്ഥകളിലും മാറ്റം വരും. നഗരം വളരുമ്പോൾ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വേജ് ബോർഡിന് ആസ്പദമായി ഉയർത്തണമെന്നാണു ചട്ടം. 

നാളത്തെ ചെന്നൈയിലേക്ക് ക്യാംപസുകളും

നാളത്തെ ചെന്നൈയെ രൂപപ്പെടുത്തുന്നതിനു ക്യാംപസുകളിലേക്ക് ഇറങ്ങാൻ ചെന്നൈ മെട്രോപ്പൊലിറ്റൻ ഡവലപ്മെന്റ് അതോറിറ്റിയുടെ (സിഎംഡിഎ) തീരുമാനം. വിദ്യാർഥികൾ, അക്കാദമിക വിദഗ്ധർ എന്നിവരുടെ കൂടി ആശയങ്ങൾ ഉൾപ്പെടുത്തിയായിരിക്കും ഭാവി വികസനം നടപ്പാക്കുക. അറിവുകൾ പങ്കുവയ്ക്കുക, നഗരാസൂത്രണത്തിനുള്ള ഗവേഷണം എന്ന രീതിയിൽ മുന്നോട്ടു പോകും. ഇത്തരം രീതിയിലൂടെ മാറുന്ന കാലത്തിനൊപ്പം സഞ്ചരിക്കുന്ന നഗരമായി ചെന്നൈയെ മാറ്റാനാകുമെന്ന് സിഎംഡിഎ വൃത്തങ്ങൾ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com