ADVERTISEMENT

ചെന്നൈ ∙ നഗരവാസികളുടെ മനസ്സുണർത്തുന്ന, മലയാള രുചിയുള്ള ചൂട് ചായയിൽ കൂട്ടായ്മയുടെ കടുപ്പവും മധുരവുമെല്ലാം പാകത്തിന് അലിഞ്ഞു ചേർന്നു തുടങ്ങിയിട്ട് നാലു പതിറ്റാണ്ട് പിന്നിട്ടു. ചായക്കട ഉടമകളെയും തൊഴിലാളികളെയും ‘ചായക്കട ഉടമസ്ഥ സംഘം’ എന്ന വലിയ വൃക്ഷത്തിന്റെ തണലിൽ ചേർത്തു നിർത്തിയിട്ട് ഇന്നേക്ക് 41 വർഷം. ചെന്നൈയിൽ ചായക്കടയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവരുടെയെല്ലാം കൈകോർക്കുന്ന സംഘടനയാണെങ്കിലും അമരത്തും അണിയറയിലുമെല്ലാം മലയാളികളാണു നിറഞ്ഞു നിൽക്കുന്നത്.

പ്രസിഡന്റ് ടി.അനന്തനും ട്രഷറർ സി.കെ.ദാമോദരനും വർഷങ്ങളായി സംഘടനയുടെ മുഖങ്ങളാണ്. ഇവരെ കൂടാതെ മലയാളികൾക്കു പരിചിതമായ മറ്റനേകം പേരും സംഘടനയുടെ നടത്തിപ്പുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നു. ചെന്നൈയിലെ ചായക്കടകളിൽ മുക്കാൽ ഭാഗവും മലയാളികളുടെ നേതൃത്വത്തിലാണ്. ഒരു കാലത്ത് മലബാറിൽ നിന്നു കുടിയേറുന്ന മലയാളികളുടെ പ്രധാന തൊഴിൽ കേന്ദ്രങ്ങൾ കൂടിയായിരുന്നു ചായക്കടകൾ. സിനിമാ മോഹവും ജോലി സ്വപ്നങ്ങളും പേറിയായിരുന്നു ആദ്യ കാലത്ത് മദ്രാസിലേക്കുള്ള കുടിയേറ്റം. 

സിനിമാ മോഹം പൂവണിയുന്നതു വരെയുള്ള അഭയ കേന്ദ്രമെന്ന നിലയിൽ പലരും ചായക്കടകളിൽ ചേക്കേറി. സീസണിൽ മാത്രമെത്തുന്ന ദേശാടന പക്ഷികളെപ്പോലെ ചിലർ ചിറകടിച്ചു വന്നും പോയുമിരുന്നു.  മറ്റു ചിലർ ചായക്കടയിലെ ജോലിയുമായി മുന്നോട്ടു പോയി. ആദ്യം നിലനിൽപിനുള്ള വരുമാനം കണ്ടെത്തി. പിന്നീട് കുടുംബത്തിനുള്ള അത്താണിയായി മാറി. ഒടുവിൽ ജീവിതത്തിന്റെ നാഡിയായി ഈ വരുമാനം മാറി. ചായക്കടയിൽ നിന്നുള്ള വരുമാനം കൊണ്ട് ജീവിത വിജയം സ്വന്തമാക്കിയവരുടെ കഥകൾ  നഗരത്തിൽ ഒന്നും രണ്ടുമല്ല.

വിളിപ്പുറത്ത് സംഘം

1981ൽ ആണു ചായക്കട ഉടമസ്ഥ സംഘം രൂപീകരിക്കുന്നത്. ഗുണ്ടാ വിളയാട്ടം, നിയമങ്ങളുടെ നൂലാമാലകൾ അടക്കം ചായക്കട മേഖല നേരിട്ട വിവിധ ഭീഷണികളെ ഒറ്റക്കെട്ടായി നേരിടുകയായിരുന്നു ലക്ഷ്യം. ടി.അനന്തനായിരുന്നു സെക്രട്ടറി. ഒട്ടേറെ പ്രശ്നങ്ങളിൽ സംഘത്തിന്റെ ഇടപെടൽ ഉണ്ടായി. ചായക്കടകൾക്കു മേൽ തൂങ്ങിയ വാളായി മാറിയ പൊലീസ് ലൈസൻസ് വ്യവസ്ഥയ്ക്കെതിരെ വലിയ പ്രക്ഷോഭം നടത്തി. തുടർന്ന് ഈ വ്യവസ്ഥ റദ്ദാക്കി. ചുരുക്കം കടകളായിരുന്നു അന്ന് അംഗങ്ങളായി ഉണ്ടായിരുന്നത്. ഇന്ന് രണ്ടായിരത്തിലേറെ അംഗങ്ങൾ. ഉടമകളുടെയും തൊഴിലാളികളുടെയും വിളിപ്പുറത്തുണ്ട് സംഘടന. 

മലയാളത്തിലെ പ്രമുഖ ചിന്തകൻ എം.ഗോവിന്ദൻ സംഘടനയുടെ ആദ്യകാല പ്രചോദകനാണ്.  കഥയുടെ കുലപതി ടി.പത്മനാഭൻ ചായക്കട ഉടമസ്ഥ സംഘത്തെ കുറിച്ച് ഇന്നും സ്നേഹവായ്പോടെ സംസാരിക്കുന്നു. അതേസമയം, ഒട്ടേറെ പ്രതിസന്ധികളിലൂടെയാണ് ചായക്കട മേഖല ഇപ്പോൾ കടന്നു പോകുന്നത്. മലയാളികളുടെ കുത്തകയായിരുന്ന മേഖല  ഉത്തരേന്ത്യക്കാർ കയ്യടക്കി. പുത്തൻ തലമുറ കടകളുടെ കടന്നു വരവോടെ ചായ വിൽപനയുടെ രൂപവും ഭാവവും മാറിയിരിക്കുന്നു. പാൽ, പാചക വാതക സിലിണ്ടർ എന്നിവയുടെ വില അടിക്കടി ഉയരുന്നത് ചായക്കടക്കാരുടെ നടുവൊടിക്കുന്നു. വില ഉയരുന്നതും വാടക അടക്കമുള്ള മറ്റു ചെലവുകൾ ഗണ്യമായി വർധിക്കുന്നതും വലിയ ബുദ്ധിമുട്ടുകളാണ് ഇവർക്കു സൃഷ്ടിക്കുന്നത്.

പൊതുയോഗം ഇന്ന്

വാർഷിക പൊതുയോഗം ഇന്നു വൈകിട്ട് 4ന് മദിരാശി കേരള സമാജം ഹാളിൽ നടക്കും. ചെന്നൈ ഡപ്യൂട്ടി മേയർ മഹേഷ് കുമാർ ഉൾപ്പെടെയുള്ളവർ വിശിഷ്ടാഥിതികളാകും. 2022ൽ 10, 12 ക്ലാസ് പരീക്ഷയിൽ ഉന്നത മാർക്ക് നേടിയ ചായക്കട ഉടമകളുടെയും തൊഴിലാളികളുടെയും മക്കൾക്കുള്ള സ്കോളർഷിപ്പുകൾ ചടങ്ങിൽ വിതരണം ചെയ്യും. 

നൊമ്പരമായി പ്രേംകുമാർ

നാൽപത്തിയൊന്നാം നിറവിന്റെ ആഘോഷത്തിനിടെ നൊമ്പരമായി പ്രേംകുമാർ. തൗസൻഡ് ലൈറ്റ്സിൽ ചായക്കട നടത്തിയിരുന്ന പ്രേംകുമാറിനു കഴിഞ്ഞ ദിവസം ജോലിക്കിടെ ഗുരുതരമായി പൊള്ളലേറ്റിരുന്നു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ മരിച്ചു. പാചക വാതകം ചോർന്നതിനെ തുടർന്നാണ് അപകടമെന്നാണ് നിഗമനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com