ADVERTISEMENT

ചെന്നൈ ∙ വരുമാനം കൂട്ടാൻ സ്ലീപ്പർ കോച്ചുകൾ വെട്ടിക്കുറച്ചതോടെ ദുരിതത്തിലായി മലബാറിലേക്കുള്ള ട്രെയിൻ യാത്രക്കാർ. ചെന്നൈയിൽ നിന്നു മംഗളൂരുവിലേക്കും തിരിച്ചുമുള്ള സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ട്രെയിനിന്റെ (12685/12686) സ്ലീപ്പർ വിഭാഗത്തിലെ മൂന്നു കോച്ചുകളാണു വെട്ടിക്കുറച്ചത്. 

ഇതോടെ 240 സീറ്റുകളാണ് ഒറ്റയടിക്ക് ഇല്ലാതായത്. എസ്11 വരെയുണ്ടായിരുന്ന സ്ലീപ്പർ കോച്ച് വിഭാഗം നിലവിൽ എസ്8 വരെ മാത്രമാണുള്ളത്. സ്ലീപ്പർ കോച്ചുകൾ കുറച്ചതിനു പകരം എസി കോച്ചുകൾ അധികമായി ചേർത്തെങ്കിലും യാത്രാനിരക്ക് ഇരട്ടി നൽകേണ്ടി വരും. ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടു പോകാനാണു മലയാളി സംഘടനകളുടെ തീരുമാനം.

പോക്കറ്റടിച്ച് റെയിൽവേ

സ്ലീപ്പർ കോച്ചുകൾ വെട്ടിക്കുറച്ചതോടെ ഇരട്ടിപ്പണം മുടക്കി നാട്ടിലെത്തേണ്ട അവസ്ഥയിലാണു മലബാറിലേക്കുള്ള യാത്രക്കാർ. സീറ്റുകളുടെ എണ്ണം കുറഞ്ഞതോടെ പലരുടെയും ടിക്കറ്റുകൾ അവസാന നിമിഷം വരെ വെയ്റ്റ് ലിസ്റ്റിലാണ്. നേരത്തേ ഇഷ്ടം പോലെ ടിക്കറ്റുകൾ ലഭിച്ചിരുന്ന സ്ഥാനത്താണ് ഇപ്പോൾ കിട്ടാനില്ലാത്ത സ്ഥിതി. അടിയന്തര ആവശ്യങ്ങൾക്കായി യാത്ര ചെയ്യേണ്ടവർ ടിക്കറ്റ് ഉറപ്പില്ലാത്തതിനാൽ‌ ജനറൽ കോച്ചിലെ തിരക്കിൽ ഞെരിഞ്ഞമർന്നു പോകുകയോ അധിക തുക നൽകി എസി കോച്ച് ടിക്കറ്റെടുക്കുകയോ വേണം. ആവഡിയിൽ സ്റ്റോപ്പ് അനുവദിച്ചതോടെ ട്രെയിനിൽ തിരക്ക് കൂടിയപ്പോഴാണു കോച്ചുകൾ വെട്ടിക്കുറച്ചുള്ള ക്രൂരത. 

മലബാറിനോട് തന്നെ ഇതു വേണോ?

അല്ലെങ്കിൽ തന്നെ ആവശ്യത്തിനു ട്രെയിനില്ല, ഉള്ളതിലാണെങ്കിൽ ഇപ്പോ സീറ്റുമില്ല എന്ന അവസ്ഥയിലാണു മലബാറുകാർ. രണ്ടു ട്രെയിനുകൾ മാത്രമാണ് ഉപകാരപ്രദമായിട്ടുള്ളത്. അതിൽ തന്നെ മംഗളൂരു മെയിലിനെയാണ് ഏറ്റവും കൂടുതൽ പേർ ആശ്രയിക്കുന്നത്. അതുകൊണ്ടു തന്നെ വളരെ നേരത്തെ ബുക്ക് ചെയ്താൽ മാത്രമേ മെയിലിൽ ടിക്കറ്റ് കിട്ടുകയുള്ളൂ. 

പിന്നീടുള്ള ഏക ആശ്രയം വൈകിട്ട് പുറപ്പെടുന്ന സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ആണ്. ആ ട്രെയിനിലാണ് ഇപ്പോൾ മൂന്നു സ്ലീപ്പർ കോച്ചുകൾവെട്ടിക്കുറച്ചത്. വെസ്റ്റ്കോസ്റ്റ്, എഗ്‌മൂർ ട്രെയിനുകൾ ഉണ്ടെങ്കിലും അവയുടെ ടൈംടേബിൾ യാത്രക്കാർക്കു കാര്യമായ പ്രയോജനം ചെയ്യുന്നില്ല. നേരത്തെ വൈകിട്ട് 5നു പുറപ്പെട്ടിരുന്ന സൂപ്പർഫാസ്റ്റ് എക്സ്പ്രസ് പിന്നീട് 4.10 ആക്കിയതോടെ പലർക്കും അതു തിരിച്ചടിയായി മാറിയിരുന്നു. അസമയത്ത് നാട്ടിലെത്തുന്നുവെന്നതാണ് കാരണം. ഈ സമയം പുനഃപരിശോധിക്കാമെന്നും മലയാളികൾക്ക് ഉപകാരപ്രദമായ രീതിയിലേക്കു മാറ്റാമെന്നും ദക്ഷിണ റെയിൽവേ അടുത്തിടെ ഉറപ്പു നൽകിയതിനു പിന്നാലെയാണ് ഇരുട്ടടി.

പ്രതിഷേധത്തിന് എഐകെഎംസിസി

മലബാർ മേഖലയിലുള്ള യാത്രക്കാരോട് റെയിൽവേ കടുത്ത അനീതിയാണു കാണിക്കുന്നതെന്ന് ആരോപിച്ച് ഓൾ ഇന്ത്യ കെഎംസിസി (എഐകെഎംസിസി) രംഗത്തെത്തി.  പുതിയ ട്രെയിൻ അനുവദിക്കുന്നതിനു പകരം ഉള്ള സൗകര്യങ്ങൾ വെട്ടിച്ചുരുക്കിയ നടപടിയിൽ കടുത്ത പ്രതിഷേധം അറിയിക്കുമെന്നും ബന്ധപ്പെട്ടവർക്കു പരാതി നൽകുമെന്നും എഐകെഎംസിസി ചെന്നൈ സെൻട്രൽ കമ്മിറ്റി അറിയിച്ചു. ഇതു സംബന്ധിച്ചുള്ള ആലോചനാ യോഗത്തിൽ കുഞ്ഞിമോൻ ഹാജി, പോക്കർ ഹാജി, എ.ഷംസുദ്ദീൻ, ഇബ്രാഹിം ഹാജി, പി.ടി.എ.സലീം, റഹീം ചാച്ചൽ, യാസർ അറഫാത്ത്, ജലീൽ, യൂനസ് കൊടിഞ്ഞി തുടങ്ങിയവർ പങ്കെടുത്തു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com