ദിവസവും 10 ലക്ഷം പെരുവഴിയിൽ; പുതുവഴി തേടാൻ കോർപറേഷൻ

HIGHLIGHTS
  • പാർക്കിങ് ഫീസ് പിരിക്കൽ; പുതിയ കരാറുകാരെ കണ്ടെത്തും
parking
SHARE

ചെന്നൈ ∙ തെരുവുകളിലെ പാർക്കിങ് ഫീസ് വരുമാനം കുത്തനെ ഇടിഞ്ഞതോടെ പുതുവഴികൾ തേടാൻ നിർബന്ധിതരായി ചെന്നൈ കോർപറേഷൻ. പ്രതിദിനം 12 ലക്ഷത്തോളം രൂപ സമാഹരിക്കാൻ സാധിക്കുമെന്നിരിക്കെ കേവലം രണ്ടു ലക്ഷത്തിനടുത്തു മാത്രമാണു കോർപറേഷന്റെ പെട്ടിയിൽ വീഴുന്നത്. മറ്റു നഗരങ്ങൾക്കും മാതൃകയാക്കാവുന്ന ഗംഭീരമായ ആശയം മോശം നടത്തിപ്പുമൂലം ലക്ഷ്യം കാണാതെ പോകുന്നതായാണു നഗരാസൂത്രണ രംഗത്തെ വിദഗ്ധരുടെ വിലയിരുത്തൽ. 

   ആളില്ല നോക്കാൻ 

സ്മാർട് പാർക്കിങ് വെബ്സൈറ്റ് പ്രവർത്തനരഹിതമായതും ഇതിന്റെ ആപ് പ്ലേ സ്റ്റോറിൽ ‍ലഭ്യമല്ലാത്തതും കോർപറേഷന്റെ ഭാഗത്തുനിന്നുള്ള വീഴ്ചകളായാണു കണക്കാക്കപ്പെടുന്നത്. ടിക്കറ്റ് തുക ശേഖരിക്കാൻ ആവശ്യത്തിനു ജീവനക്കാരെ ഏർപ്പെടുത്താത്തതും കാർ പാർക്കിങ്ങിനു മാറ്റിവച്ചിട്ടുള്ള സ്ഥലങ്ങളിൽ ഇരുചക്ര വാഹനങ്ങൾ നിർത്തിയിടുന്നതും വരുമാന നഷ്ടത്തിനു കാരണമാകുന്നു. നിലവിലുള്ള കരാറുകാരുടെ പ്രവർത്തനം കാര്യക്ഷമമല്ലെന്നും ആരോപണമുണ്ട്.

പരിഹാരം തേടാൻ നീക്കം 

നിലവിലുള്ള കരാറുകാരെ മാറ്റി പുതിയ കരാർ വിളിക്കുക, നഗരത്തെ മൂന്നു മേഖലകളായി തിരിച്ചു മൂന്നു മേഖലകളിലും വ്യത്യസ്ത കരാറുകാരെ പാർക്കിങ്ങിന്റെ ചുമതല ഏൽപിക്കുക തുടങ്ങിയവയാണ് കോർപറേഷൻ പരിഗണിക്കുന്ന പരിഹാര നിർദേശങ്ങൾ. പാർക്കിങ് പ്രദേശത്തിന്റെ ചുമതലയുള്ള ആൾ ഇല്ലാതിരുന്നാൽ കരാർ കമ്പനിയിൽ നിന്നു പിഴ ഈടാക്കാനും നീക്കമുണ്ട്. അനധികൃതമായി അമിത നിരക്ക് ഈടാക്കുക, ഉപഭോക്താക്കളോട് അപമര്യാദയായി പെരുമാറുക തുടങ്ങിയവയ്ക്കു ജീവനക്കാരിൽ ‍നിന്ന് 5000 രൂപ പിഴ ഈടാക്കും. പൊതു അവധി ദിവസങ്ങളിൽ പ്രതിദിനം 12 ലക്ഷം രൂപയും സാധാരണ ദിവസങ്ങളിൽ 8 ലക്ഷം രൂപയും വരുമാനമുണ്ടാക്കാനാണു കോർപറേഷൻ ലക്ഷ്യമിടുന്നത്.

   നല്ല ആശയം, മോശം നടത്തിപ്പ് 

അനധികൃതമായി വാഹനങ്ങൾ ‍പാർക്കു ചെയ്യുന്നതു തടയാനും ഇത്തരത്തിൽ നിർത്തിയിടുന്ന വാഹനങ്ങൾ മൂലം ഉണ്ടാകുന്ന ഗതാഗത തടസ്സങ്ങൾ ഒഴിവാക്കാനും ഒപ്പം വരുമാനമാർഗവും എന്ന നിലയിൽ 2018ലാണ് പണമടച്ചുള്ള വഴിയോര പാർക്കിങ് ചെന്നൈ കോർപറേഷൻ ആരംഭിച്ചത്. എന്നാൽ കോർപറേഷനു ലഭ്യമാകേണ്ടിയിരുന്ന കോടിക്കണക്കിനു രൂപയുടെ വരുമാനമാണു ശരിയായ മേൽനോട്ടമില്ലായ്മ മൂലം നഷ്ടമായിക്കൊണ്ടിരിക്കുന്നത്. 

പല സ്ഥലങ്ങളിലും പണം പിരിക്കാൻ ജീവനക്കാരെ നിയോഗിക്കാൻ പോലും കരാറുകാർക്കു സാധിച്ചിട്ടില്ല.അണ്ണാനഗർ, ടി നഗർ, പോണ്ടി ബസാർ, അഡയാർ, കോടമ്പാക്കം, മറീന, ബസന്റ് നഗർ എന്നിവിടങ്ങളിലാണു കോർപറേഷൻ പാതയോര പാർക്കിങ് ഹബ്ബുകൾ സ്ഥാപിച്ചിട്ടുള്ളത്. ഏകദേശം 12,000 വാഹനങ്ങൾ ഇവിടങ്ങളിൽ പാർക്കു ചെയ്യാൻ സാധിക്കുമെങ്കിലും വിവിധ കാരണങ്ങളാൽ 5,300 വാഹനങ്ങൾക്കുള്ള പാർക്കിങ് സ്ഥലങ്ങൾ മാത്രമേ നിലവിൽ കോർപറേഷനു ലഭ്യമാക്കാൻ സാധിക്കുന്നുള്ളൂ. മോശം നടത്തിപ്പും, ബോധവൽക്കരണത്തിന്റെ അഭാവവും നിയമവിരുദ്ധമായ പാർക്കിങ്ങും തുടങ്ങി ഒട്ടേറെ കാരണങ്ങളാണു ചൂണ്ടിക്കാണിക്കപ്പെടുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS