ADVERTISEMENT

ചെന്നൈ ∙ നഗരത്തിലെ കാലാവസ്ഥയിലുണ്ടാകുന്ന അസാധാരണ മാറ്റങ്ങൾ കുട്ടികളിൽ സാരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നതായി ആരോഗ്യ വിദഗ്ധർ. വൈറസ് ജന്യ രോഗങ്ങൾ ബാധിച്ച് ആശുപത്രികളിലെത്തുന്ന കുട്ടികളുടെ എണ്ണം ഏതാനും ആഴ്ചകളായി കൂടുകയാണ്. എഗ്‌മൂർ കുട്ടികളുടെ ആശുപത്രിയിലും നഗരത്തിലുള്ള മറ്റ് ആശുപത്രികളിലും  പ്രവേശിപ്പിക്കപ്പെടുന്ന മിക്ക കുട്ടികളിലും ശ്വസനേന്ദ്രിയങ്ങളെ ബാധിക്കുന്ന വൈറൽ രോഗങ്ങളാണ് കണ്ടെത്തിയതെന്ന് ആരോഗ്യ പ്രവർത്തകർ പറയുന്നു.

സ്കൂൾക്കുട്ടികളിൽ അണുബാധ വ്യാപകം

കോവിഡിനെ തുടർന്ന് മാസ്ക്, സാനിറ്റൈസർ എന്നിവയുടെ  ഉപയോഗം വ്യാപകമായിരുന്നതിനാൽ കഴിഞ്ഞ വർഷങ്ങളിൽ കുട്ടികളിലെ രോഗവ്യാപനം കുറഞ്ഞിരുന്നു. എന്നാൽ ഈ മുൻകരുതലുകൾ ഇല്ലാതായത് രോഗം ബാധിക്കാനുള്ള സാധ്യതകൾ വർധിപ്പിച്ചു. രോഗബാധിതരായ സഹപാഠികളിൽ നിന്ന് മറ്റു കുട്ടികൾക്കും അണുബാധയുണ്ടാകുന്നു. പനിയും ജലദോഷവും ചുമയുമടക്കമുള്ള ലക്ഷണങ്ങളാണു സ്കൂൾ വിദ്യാർഥികളിൽ വ്യാപകം. ചിലരിൽ ശ്വാസതടസ്സവും ഉണ്ടാകുന്നു. 

മഴയും തണുപ്പും കൂടുന്ന നവംബർ, ഡിസംബർ മാസങ്ങളിലാണ് ജലദോഷമടക്കമുള്ള രോഗങ്ങൾ വ്യാപകമാകുന്നത്. എന്നാൽ ഈ വർഷം ജനുവരി അവസാനിക്കാറായിട്ടും രോഗബാധിതരുടെ എണ്ണം കുറഞ്ഞിട്ടില്ല. രോഗം ഭേദമാകാൻ ഒരാഴ്ചയിലേറെ സമയമെടുക്കുന്നതും ആശങ്കാജനകമാണ്. പനി 4, 5 ദിവസങ്ങൾ കൊണ്ട് കുറയുമെങ്കിലും ജലദോഷവും ചുമയും മാറാൻ ആഴ്ചകളെടുക്കും.

മാസ്കിടാം, കൈ കഴുകാം

തിരക്കേറിയ സ്ഥലങ്ങളിൽ കുട്ടികളെ നിർബന്ധമായും മാസ്ക് ധരിപ്പിക്കണമെന്ന് ആരോഗ്യ വിദഗ്ധർ. സാനിറ്റൈസർ ഉപയോഗവും സോപ്പുപയോഗിച്ചു കൈകൾ കഴുകുന്നതുമടക്കമുള്ള മുൻകരുതൽ സ്വീകരിക്കുന്നത്  രോഗങ്ങളെ പ്രതിരോധിക്കും. പ്രത്യേകിച്ചും പുറത്തുപോയി തിരികെ എത്തുമ്പോഴും മറ്റുള്ളവരുമായി ഇടപഴകേണ്ടി വരുമ്പോഴും സാനിറ്റൈസറോ സോപ്പോ ഉപയോഗിച്ച് കൈകൾ അണുവിമുക്തമാക്കണം.

 

കുട്ടികൾ മാക്സ് ശരിയായി ധരിക്കുന്നെന്ന് ഉറപ്പാക്കണം. മിക്കവരും ഇടയ്ക്കിടെ മാസ്ക് മാറ്റുകയും പിന്നീട് വീണ്ടും ഇടുകയും ചെയ്യുന്നത് രോഗവ്യാപന സാധ്യത കൂട്ടും. പകൽ ചൂടു കൂടുന്നതും രാത്രിയിലും പുലർച്ചെയും താപനില കുറയുന്നതും കുട്ടികളെ കൂടുതൽ ബാധിക്കും. വരണ്ട ചുമ പോലുള്ള രോഗങ്ങൾക്ക് ഇത് കാരണമാകും. ചൂടുലഭിക്കുന്ന വസ്ത്രങ്ങൾ ധരിപ്പിക്കുന്നതും നല്ലതാണ്.

  ഡോ. പി.നാഗരാജ്, ലീഡ് കൺസൽട്ടന്റ്, ലൈഫ്സ്റ്റൈൽ മെഡിസിൻ റീഹാബിലിറ്റേഷൻ 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com