ചെന്നൈ ∙ മധുരയിലെ തിരുമംഗലം മുതൽ കൊല്ലം കടമ്പാട്ടുകോണം വരെ നീളുന്ന, 231 കിലോമീറ്റർ ദൈർഘ്യമുള്ള ദേശീയപാത (എൻഎച്ച്-744) വികസനത്തിനു പുതിയ പാരിസ്ഥിതിക അനുമതി ആവശ്യമില്ലെന്നു ദേശീയ ഹരിത ട്രൈബ്യൂണലിന്റെ (എൻജിടി) ദക്ഷിണ മേഖല ബെഞ്ച് ഉത്തരവിട്ടു. പാരിസ്ഥിതിക അനുമതിയില്ലാതെ പുതിയ പാത നിർമിക്കാൻ ദേശീയപാത അതോറിറ്റി (എൻഎച്ച്എഐ) ശ്രമിക്കുന്നതായി ചൂണ്ടിക്കാട്ടി തെങ്കാശി സ്വദേശിനി ആർ.മീരക്കനി നൽകിയ ഹർജി തള്ളിയാണ് ഉത്തരവ്.
നിലവിലുള്ള രാജപാളയം – ചെങ്കോട്ട ദേശീയപാതാ പദ്ധതിയുടെ ഭാഗമായി വരുന്നതാണ് തിരുമംഗലം – കൊല്ലം പാതയെന്ന ദേശീയപാത അതോറിറ്റിയുടെ വാദം എൻജിടി അംഗീകരിച്ചു. രാജപാളയം മുതൽ ചെങ്കോട്ട വരെയുള്ള ഭാഗം കേന്ദ്രസർക്കാർ ഭാരത്‌മാല പരിയോജനയിൽ ഉൾപ്പെടുത്തിയതായി എൻഎച്ച്എഐ വ്യക്തമാക്കി. വിശദമായ പഠനത്തിനു ശേഷം പരിസ്ഥിതിക്ക് കാര്യമായ ആഘാതം ഏൽപിക്കാത്ത അലൈൻമെന്റാണു നിലവിലുള്ളതെന്നും ദേശീയപാത അതോറിറ്റി എൻജിടിയെ അറിയിച്ചു.
അതേ സമയം, പദ്ധതിയുടെ കൊല്ലം ജില്ലയിലെ തെന്മല, ആര്യങ്കാവ് വില്ലേജുകൾ ഒഴികെയുള്ള മേഖലകളിലെ സ്ഥലമേറ്റെടുപ്പു പുരോഗമിക്കുകയാണ്. തെന്മല, ആര്യങ്കാവ് വില്ലേജുകളിൽ ഉൾപ്പെടുന്ന ശെന്തുരുണി വന്യജീവി സങ്കേതവും പദ്ധതിയുടെ ഭാഗമായതിനാലാണ് ഈ മേഖലയിലെ സ്ഥലമേറ്റെടുപ്പു വൈകുന്നത്.