ചെന്നൈ ∙ വൈദ്യുതി കണക്‌ഷൻ ആധാറുമായി ബന്ധിപ്പിച്ചത് പരിശോധിക്കുന്നതിന് ടാൻജെഡ്കോ വെബ്സൈറ്റിൽ പ്രത്യേക സംവിധാനം. ഔദ്യോഗിക വെബ്സൈറ്റിൽ ബില്ലിങ് സർവീസസ് എന്ന വിഭാഗത്തിൽ ക്ലിക്ക് ചെയ്ത് ബിൽ സ്റ്റാറ്റസ് പരിശോധിച്ചാൽ ആധാറുമായി ലിങ്ക് ചെയ്തത് വിജയിച്ചോയെന്ന് അറിയാം. വൈദ്യുതി ബിൽ ഓൺലൈനായി അടയ്ക്കുമ്പോഴും പരിശോധിക്കാം.
ലിങ്ക് ചെയ്ത പലരുടെയും വിവരങ്ങൾ സാങ്കേതിക തകരാർ മൂലം നഷ്ടപ്പെട്ടതിനെ തുടർന്നാണ് ഈ സംവിധാനം ഏർപ്പെടുത്തിയത്. ലിങ്കിങ് വിജയകരമായി പൂർത്തിയാക്കിയെന്ന എസ്എംഎസ് ലഭിച്ചവരുടെയും വിവരങ്ങൾ നഷ്ടപ്പെട്ടതായാണു സൂചന. അതേസമയം, ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയ പരിധി നാളെ അവസാനിക്കാനിരിക്കെ ഇനിയും ലക്ഷക്കണക്കിനു പേർ ഇതു പൂർത്തിയാക്കിയിട്ടില്ല. സമയം വീണ്ടും നീട്ടുമോയെന്ന കാര്യത്തിൽ വൈദ്യുതി വകുപ്പ് സൂചന നൽകിയിട്ടില്ല.