ചെന്നൈ ∙ നഗരത്തിലെ ഏറ്റവും തിരക്കേറിയ പാതകളിലൊന്നായ മൗണ്ട് റോഡിൽ പുതിയ മേൽപാതയുടെ നിർമാണത്തിന് ഒരുക്കം തുടങ്ങി. തേനാംപെട്ട് മുതൽ സെയ്ദാപെട്ട് വരെയാണു മേൽപാത നിർമിക്കുക. സംസ്ഥാന ബജറ്റിൽ നിർമാണത്തിനുള്ള തുക നീക്കിവയ്ക്കുമെന്നാണ് വിവരം.
യാത്രയ്ക്ക് വേഗമേറും
ബിസിനസ് ആവശ്യങ്ങൾക്കായും മറ്റും ഏറ്റവും കൂടുതൽ പേർ യാത്ര ചെയ്യുന്ന ഭാഗമാണ് തേനാംപെട്ട്, സെയ്ദാപെട്ട്, നന്ദനം അടക്കമുള്ള പ്രദേശങ്ങൾ ഉൾക്കൊള്ളുന്ന മൗണ്ട് റോഡ്. തേനാംപെട്ട് മുതൽ സെയ്ദാപെട്ട് വരെയുള്ള 3.8 കി.മീ പാതയിൽ ദിവസേന 2 ലക്ഷത്തോളം വാഹനങ്ങളാണു കടന്നു പോകുന്നത്.
തിരക്കേറുമ്പോൾ വാഹനങ്ങൾ ഈ വഴി കടന്നുപോകാൻ 30–35 മിനിറ്റെടുക്കും. 4 പ്രധാന സിഗ്‌നലുകൾ അടക്കം 7 സിഗ്‌നലുകൾ ആണുള്ളത്. മേൽപാത വരുന്നതോടെ കുരുക്കില്ലാതെ തേനാംപെട്ടിൽ നിന്നു സെയ്ദാപെട്ടിലേക്കും തിരിച്ചും ഒറ്റയടിക്കു യാത്ര ചെയ്യാം.ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡിന്റെ (സിഎംആർഎൽ) മേൽനോട്ടത്തിലാകും മഴവെള്ളം വീഴാത്ത രീതിയിലായിരിക്കും മേൽപാത നിർമാണം. രൂപരേഖയ്ക്ക് സിഎംആർഎൽ അനുമതി നൽകിയെന്നാണ് സൂചന.
താംബരം മേൽപാത ഗുരുകുലം സ്കൂൾ വരെ നീട്ടിയേക്കും
ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി താംബരം മേൽപാതയുടെ നീളവും കൂട്ടിയേക്കും. നിലവിലുള്ള മേൽപാത വള്ളുവർ ഗുരുകുലം സ്കൂൾ വരെ നീട്ടാനാണ് ആലോചിക്കുന്നത്. തെക്കൻ ഭാഗങ്ങളിൽ നിന്നുള്ള വാഹനങ്ങളുടെ കവാടമാണു താംബരം മേൽപാത. വാഹനത്തിരക്കിൽ വീർപ്പുമുട്ടുകയാണ് മേൽപാത അവസാനിക്കുന്ന താംബരം റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ്, മാർക്കറ്റ് എന്നിവിടങ്ങളും ഇവയുടെ പരിസരങ്ങളും. ഇതേ തുടർന്നാണു നീട്ടാൻ ആലോചിക്കുന്നത്. സർക്കാരിന്റെ അന്തിമാനുമതി ലഭിക്കുന്നതോടെ പ്രവൃത്തികൾക്കു തുടക്കമാകും.