ADVERTISEMENT

ചെന്നൈ ∙ കേന്ദ്ര ബജറ്റിൽ കാര്യമായൊന്നും ലഭിക്കാത്തതിൽ തമിഴകത്തിനു നിരാശ. മധുര എയിംസ്, സംസ്ഥാനത്തെ അടിസ്ഥാന സൗകര്യ വികസനം, മെട്രോ പദ്ധതികൾ എന്നിങ്ങനെ സംസ്ഥാനം പ്രതീക്ഷയർപ്പിച്ച പലതും ബജറ്റിൽ വെളിച്ചം കണ്ടില്ല. സംസ്ഥാന വളർച്ചയുടെ നട്ടെല്ലായ കാർഷിക മേഖലയെയും ബജറ്റ് പാടേ അവഗണിച്ചു. പുതിയ പദ്ധതികൾ എന്തെങ്കിലും ഉണ്ടാകുമെന്ന കണക്കുകൂട്ടലുകളും തെറ്റി. 

ബജറ്റ് ജനങ്ങളെ കബളിപ്പിക്കുന്നതാണെന്നും സംസ്ഥാനത്തെ ജനങ്ങളെ നിരാശരാക്കിയത് വേദനാജനകമാണെന്നും മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ പറഞ്ഞു. ആദായനികുതി പരിഷ്‌കരണം, പുതിയ നഴ്സിങ് കോളജുകൾ, സംസ്ഥാനങ്ങൾക്ക് പലിശരഹിത വായ്പ തുടങ്ങിയ നിർദേശങ്ങൾ സ്വാഗതാർഹമാണെങ്കിലും ജിഎസ്ടി നഷ്ടപരിഹാരം രണ്ടു വർഷത്തേക്കെങ്കിലും നീട്ടണമെന്ന ആവശ്യം അംഗീകരിക്കാത്തതും തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളെ മാത്രം ലക്ഷ്യമിട്ടാണു വികസന പദ്ധതികളും ധനസഹായവും പ്രഖ്യാപിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊതുഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിനു പഴയ ബസുകൾ മാറ്റി പുതിയ ബസുകൾ വാങ്ങാനുള്ള പദ്ധതി അനുവദിക്കണമെന്നും ആവശ്യപ്പെട്ടു.

ബജറ്റിൽ സംസ്ഥാനത്തോടു വേർതിരിവു കാണിച്ചതായും ലോക്സഭ തിരഞ്ഞെടുപ്പ് മുൻനിർത്തിയുള്ള പ്രഖ്യാപനങ്ങളാണു ധനമന്ത്രി നടത്തിയതെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ആർ.മുത്തരശൻ കുറ്റപ്പെടുത്തി. കർണാടകയിൽ കാർഷിക വികസനത്തിനായി അപ്പർ ഭദ്ര പദ്ധതിക്ക് 5,300 കോടി രൂപ അനുവദിച്ചപ്പോൾ സംസ്ഥാനത്തെ കാർഷിക മേഖലയ്ക്ക് ഒന്നും ലഭിച്ചില്ലെന്ന് കർഷകരും കുറ്റപ്പെടുത്തി.

മധുര എയിംസിന് പണമില്ല; പ്രതിഷേധിച്ച് എംപിമാർ

മധുര എയിംസിനു പണം അനുവദിക്കാത്തതിനെതിരെ സംസ്ഥാനത്തെ എംപിമാർ പ്രതിഷേധിച്ചു. മണിക്കം ടഗോർ, കാർത്തി ചിദംബരം, വിജയ് വസന്ത് അടക്കമുള്ള എംപിമാർ 'എയിംസ്' എന്ന് എഴുതിയ ഇഷ്ടികയുമേന്തി ഗാന്ധി പ്രതിമയ്ക്കു മുന്നിലാണു പ്രതിഷേധിച്ചത്. തമിഴ്നാട്ടിൽ എയിംസ് അനുവദിക്കുമെന്ന് 2015ൽ ആണു പ്രഖ്യാപിച്ചത്. മധുരയിലെ തോപ്പൂരിൽ 2019ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിട്ടെങ്കിലും പിന്നീടു നിർമാണ പ്രവർത്തനങ്ങളൊന്നും തുടങ്ങിയിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com