ചെന്നൈ ∙ വർധിക്കുന്ന ജനസംഖ്യയും വ്യവസായവത്ക്കരണവും മൂലം, വേനലിൽ സംസ്ഥാനത്തിന്റെ വൈദ്യുതി ആവശ്യം 19,000 മെഗാവാട്ട് ആയി ഉയരുമെന്ന മുന്നറിയിപ്പുമായി വൈദ്യുതി വകുപ്പ് (ടാൻജെഡ്കോ). കഴിഞ്ഞ വർഷം ഏപ്രിൽ 29ന് രേഖപ്പെടുത്തിയ 17,563 മെഗാവാട്ടാണ് നിലവിലെ റെക്കോർഡ് ഉപഭോഗം.
അതേ ദിവസം, പരമാവധി പ്രതിദിന ഉപഭോഗം 388.078 ദശലക്ഷം യൂണിറ്റായിരുന്നു. തിങ്കളാഴ്ച വരെ സംസ്ഥാനത്തെ വൈദ്യുതി ആവശ്യം 14,252 മെഗാവാട്ടാണ്. ഏറ്റവും ഒടുവിലെ കണക്കനുസരിച്ച് സംസ്ഥാനത്ത് 3.24 കോടി കണക്ഷനുകളുണ്ട്. ഇതു മുൻ സാമ്പത്തിക വർഷത്തേക്കാൾ 8 ലക്ഷം കൂടുതലാണ്. ഈ സാമ്പത്തിക വർഷത്തിൽ ടാൻജെഡ്‌കോ ഏകദേശം 50,000 കാർഷിക വൈദ്യുതി കണക്‌ഷനുകളും കുറഞ്ഞത് 5 ലക്ഷം ഗാർഹിക കണക്‌ഷനുകളും പുതുതായി ചേർത്തു. വേനൽക്കാലത്ത് തടസ്സമില്ലാതെ വൈദ്യുതി വിതരണം ചെയ്യാൻ ഹ്രസ്വകാല പർച്ചേസ് കരാറിലൂടെ വൈദ്യുതി വാങ്ങാനാണു നീക്കം.
2,000 മെഗാവാട്ട് വാങ്ങുന്നതിന് വൈദ്യുതി റെഗുലേറ്ററി കമ്മിഷനിൽ നിന്ന് ഇതിനകം അനുമതി ലഭിച്ചിട്ടുണ്ട്. കൂടാതെ, 800 മെഗാവാട്ട് ഉൽപാദന ശേഷിയുള്ള വടക്കൻ ചെന്നൈ താപവൈദ്യുത നിലയത്തിന്റെ മൂന്നാം ഘട്ടം മാർച്ചിൽ പ്രവർത്തനം ആരംഭിക്കുന്നതും ആവശ്യം നേരിടാൻ സഹായിക്കുമെന്നാണു പ്രതീക്ഷ.