ചെന്നൈ ∙ ഗർഭകാല പരിചരണം മുതൽ ലഘുചികിത്സകൾ വരെ സൗജന്യമായി ലഭ്യമാക്കുന്ന അഞ്ഞൂറോളം നഗര ആരോഗ്യകേന്ദ്രങ്ങൾ ഉടൻ പ്രവർത്തനമാരംഭിക്കും. സംസ്ഥാനത്ത് പ്രധാന നഗരങ്ങളിലായി നിർമിക്കുന്ന 708 നഗര ആരോഗ്യകേന്ദ്രങ്ങളിൽ 200 എണ്ണം ചെന്നൈയിലാണ്. 2021–22 വർഷത്തിൽ നിർമാണം ആരംഭിച്ച 593 ആരോഗ്യകേന്ദ്രങ്ങളിൽ 469 എണ്ണമാണ് ആദ്യഘട്ടത്തിൽ പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കുക.
സ്വകാര്യ ക്ലിനിക്കുകളുടെ പ്രവർത്തനത്തിനു സമാനമായ സേവനങ്ങളാണ് നഗര ആരോഗ്യകേന്ദ്രങ്ങളിൽ ലഭ്യമാക്കുക. ഡൽഹിയിൽ വിജയകരമായി പ്രവർത്തിക്കുന്ന മൊഹല്ല ക്ലിനിക്കുകളുടെ മാതൃകയിലാണ് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നത്. പ്രമേഹം, രക്താതിമർദം തുടങ്ങിയവയ്ക്കുള്ള ചികിത്സയും ലഭ്യമാക്കും. സ്കൂൾ ആരോഗ്യ പ്രവർത്തനങ്ങളുമായി നഗര ആരോഗ്യ കേന്ദ്രങ്ങളെ ബന്ധപ്പെടുത്താനും പദ്ധതിയുണ്ട്.
സമീപ പ്രദേശങ്ങളിലെ സ്കൂൾ വിദ്യാർഥികളുടെ ആരോഗ്യ സംരക്ഷണം അതതു മേഖലയിലെ ആരോഗ്യകേന്ദ്രങ്ങളുടെ ചുമതലയിലേക്കു മാറ്റാനാണ് പദ്ധതി. കുട്ടികൾക്കുള്ള പ്രതിരോധ കുത്തിവയ്പുകളും വൈറ്റമിൻ ഗുളികകളടക്കമുള്ളവയുടെ വിതരണവും ഇതോടെ ആരോഗ്യകേന്ദ്രങ്ങളുടെ ചുമതലയിലാകും.
ആരോഗ്യകേന്ദ്രങ്ങൾ
നഗര ആരോഗ്യ കേന്ദ്രങ്ങളിൽ ഭൂരിഭാഗവും ചെന്നൈയിലാണ്. 200 കേന്ദ്രങ്ങളാണ് തലസ്ഥാനത്ത് ആരംഭിക്കുന്നത്. കോയമ്പത്തൂർ – 72, മധുര – 64, തിരുപ്പൂർ – 39, തിരുച്ചിറപ്പള്ളി – 38, സേലം – 35, ഈറോഡ് – 21 എന്നിങ്ങനെയാണ് മറ്റു പ്രധാന നഗരങ്ങളിലെ ആരോഗ്യകേന്ദ്രങ്ങളുടെ എണ്ണം.
പുതുതായി നിർമിക്കുന്ന കെട്ടിടങ്ങളിലാണ് മിക്കവാറും എല്ലാ ആരോഗ്യ കേന്ദ്രങ്ങളും പ്രവർത്തനം ആരംഭിക്കുന്നത്.കോവിഡ് കാലത്ത് കരാറടിസ്ഥാനത്തിൽ നിയമിക്കുകയും പിന്നീട് പിരിച്ചു വിടുകയും ചെയ്ത ആരോഗ്യ പ്രവർത്തകർക്ക് നഗര ആരോഗ്യകേന്ദ്രങ്ങളിലെ നിയമനങ്ങളിൽ പ്രഥമ പരിഗണന നൽകുമെന്ന് അധികൃതർ പറഞ്ഞു.
സേവനങ്ങളിൽ ഗർഭകാല പരിചരണം വരെ
പനി, ചുമ, ജലദോഷം തുടങ്ങി ഗർഭിണികളുടെ പരിചരണം വരെയുള്ള 12ൽ കൂടുതൽ സേവനങ്ങളാണ് നഗര ആരോഗ്യകേന്ദ്രങ്ങൾ വഴി ലഭ്യമാകുക. രാവിലെ 8 മുതൽ ഉച്ച വരെയും വൈകിട്ട് 4 മുതൽ രാത്രി 8 വരെയും ഇവ പ്രവർത്തിക്കും. ഓരോ ആരോഗ്യകേന്ദ്രത്തിലും ഒരു ഡോക്ടർ, സ്റ്റാഫ് നഴ്സ്, ഹെൽത്ത് ഇൻസ്പെക്ടർ, സഹായി എന്നിവരുണ്ടാകും. ജില്ലാ ഹെൽത്ത് സൊസൈറ്റികൾ വഴിയാണ് ജീവനക്കാരെ നിയമിക്കുക.