ചെന്നൈ ∙ സ്ത്രീകൾക്കു സാമ്പത്തിക സ്വാതന്ത്ര്യം പ്രധാന കാര്യമാണെന്നും ആർക്കും നശിപ്പിക്കാനാകാത്ത സ്വത്തുക്കളായ വിദ്യാഭ്യാസവും കഴിവും ഉപയോഗിച്ച് സ്വന്തം വ്യക്തിത്വത്തോടു കൂടി ജീവിക്കണമെന്നും മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. വനിതകൾ തൊഴിലവസരങ്ങൾ പ്രയോജനപ്പെടുത്തണമെന്നും പെൺകുട്ടികൾ നന്നായി പഠിച്ച്, ഉന്നത വിദ്യാഭ്യാസം നേടി, യഥാർഥ തൊഴിൽ തിരഞ്ഞെടുക്കണമെന്നും പറഞ്ഞു. വിദ്യാർഥിനികളുടെ ക്ഷേമത്തിനായുള്ള പുതുമൈ പെൺ പദ്ധതിയുടെ രണ്ടാം ഘട്ടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കുടുംബത്തിലെ മോശം സാമ്പത്തിക സ്ഥിതിയെ തുടർന്നു പഠനം നിർത്തുന്നതിന്റെ വക്കിലെത്തിയ 12,000 വിദ്യാർഥിനികൾ പഠനം തുടരുന്നത് പദ്ധതിയുടെ നേട്ടമാണെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടു. 6–12 ക്ലാസുകളിൽ സർക്കാർ സ്കൂളുകളിൽ പഠിച്ച പെൺകുട്ടികൾക്കു തുടർ പഠനത്തിന് പ്രതിമാസം 1,000 രൂപ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കുന്ന പദ്ധതിയാണു പുതുമൈ പെൺ. രണ്ടാം ഘട്ടം ആരംഭിക്കുന്നതിന്റെ ഭാഗമായി വിദ്യാർഥിനികൾക്കു ഡെബിറ്റ് കാർഡുകൾ മുഖ്യമന്ത്രി വിതരണം ചെയ്തു.