ADVERTISEMENT

ചെന്നൈ ∙ അണ്ണാഡിഎംകെ ജനറൽ സെക്രട്ടറി തിരഞ്ഞെടുപ്പിന് അനുമതി നൽകിയെങ്കിലും ഫലപ്രഖ്യാപനം ഇപ്പോൾ പാടില്ലെന്ന് ഹൈക്കോടതി. തിരഞ്ഞെടുപ്പിനെതിരെ ഒ.പനീർസെൽവം വിഭാഗം നൽകിയ ഹർജിയിലാണ് നിർദേശം. ജൂലൈ 11നു നടന്ന ജനറൽ കൗൺസിൽ യോഗത്തിലെ തീരുമാനങ്ങൾക്കെതിരെ ഒപിഎസ് വിഭാഗം നൽകിയ ഹർജിയും ഈ വിഷയവും കോടതി 22ന് പരിഗണിക്കും. 24നു വിധി പറയും. 

11നു നടന്ന ജനറൽ കൗൺസിൽ യോഗത്തിലാണ് ഒപിഎസിനെയും കൂട്ടരെയും പാർട്ടിയിൽ നിന്ന് എടപ്പാടി കെ.പളനിസാമി വിഭാഗം പുറത്താക്കിയത്. ജനറൽ സെക്രട്ടറി തിരഞ്ഞെടുപ്പിൽ നാമനിർദേശ പത്രികാ സമർപ്പണം ഇന്നലെ ഉച്ചയ്ക്കു 3 വരെയായതിനാൽ ഒപിഎസ് വിഭാഗത്തിന്റെ ആവശ്യപ്രകാരം ഹർജി അടിയന്തരമായി പരിഗണിക്കുകയായിരുന്നു.

 26നു പരിഗണിക്കാനാണ് നേരത്തേ നിശ്ചയിച്ചിരുന്നത്. ജനറൽ കൗൺസിൽ തീരുമാനങ്ങൾക്കെതിരായ കേസ് കോടതിയുടെ പരിഗണനയിലിരിക്കെ തിരക്കിട്ട് തിരഞ്ഞെടുപ്പ് നടത്തുന്നത് എന്തിനാണെന്ന് കോടതി ചോദിച്ചു. വോട്ടർപട്ടിക നേരത്തേ തയാറാക്കിയതാണെന്നും തിരഞ്ഞെടുപ്പ് നടത്താതെ പാർട്ടിക്കു പ്രവർത്തിക്കാനാകില്ലെന്നും എടപ്പാടി വിഭാഗം മറുപടി നൽകി. 

പാർട്ടിയുടെ ആഭ്യന്തര കാര്യങ്ങളിൽ കോടതി ഇടപെടുന്നത് ശരിയല്ലെന്നും പറഞ്ഞു.ഫലപ്രഖ്യാപനം തടഞ്ഞ കോടതി വിധി ഒപിഎസിനു വലിയ ആശ്വാസം നൽകും.  നിലവിൽ എടപ്പാടി കെ.പളനിസാമി മാത്രമാണു നാമനിർദേശ പത്രിക നൽകിയിട്ടുള്ളത്. സൂക്ഷ്മ പരിശോധനയും സ്ഥാനാർഥിയെ പിൻവലിക്കലും അടക്കമുള്ള നടപടിക്രമങ്ങൾ നാളെ പൂർത്തിയാകുന്നതോടെ എടപ്പാടിയെ എതിരില്ലാതെ തിരഞ്ഞെടുക്കാനുള്ള സാധ്യത മുന്നിൽക്കണ്ടാണു ഒപിഎസ് തിരക്കിട്ട് കോടതിയെ സമീപിച്ചത്.

മലക്കം മറിഞ്ഞ് അണ്ണാമലൈ; സഖ്യം കേന്ദ്രം തീരുമാനിക്കും

ചെന്നൈ ∙ അണ്ണാഡിഎംകെ സഖ്യം വിട്ട് ഒറ്റയ്ക്ക് മത്സരിക്കണമെന്ന അഭിപ്രായത്തിൽ നിന്നു മലക്കം മറിഞ്ഞ് ബിജെപി പ്രസിഡന്റ് കെ.അണ്ണാമലൈ. സഖ്യം സംബന്ധിച്ച കാര്യങ്ങൾ ദേശീയ നേതൃത്വം തീരുമാനിക്കും. ദേശീയ നേതാക്കളുമായുള്ള ചർച്ചകളിൽ തന്റെ അഭിപ്രായങ്ങൾ തുടർന്നും അറിയിക്കുമെന്നും അണ്ണാമലൈ പറഞ്ഞു.തമിഴ്നാട്ടിൽ ഒറ്റയ്ക്കു നിന്നാലേ പാർട്ടി വളരൂ എന്നും സഖ്യം സംബന്ധിച്ച് പ്രധാനമന്ത്രി അടക്കമുള്ളവരുമായി ചർച്ച നടത്തുമെന്നും അണ്ണാമലൈ പറഞ്ഞതു പാർട്ടിയിൽ ഭിന്നിപ്പുണ്ടാക്കിയിരുന്നു. 

സഖ്യം ഉപേക്ഷിച്ചില്ലെങ്കിൽ അധ്യക്ഷ പദവി രാജി വയ്ക്കുമെന്നും തുറന്നടിച്ചു. എന്നാൽ മുതിർന്ന നേതാക്കളായ നൈനാർ നാഗേന്ദ്രൻ, വാനതി ശ്രീനിവാസൻ എന്നിവർ ഈ അഭിപ്രായങ്ങളെ പരസ്യമായി തള്ളിപ്പറഞ്ഞത് അണ്ണാമലൈക്ക് ക്ഷീണമായി. തന്റെ നിലപാടുകളെ 50 ശതമാനം പേർ അംഗീകരിച്ചെന്നും ബാക്കിയുള്ളവർ എതിരഭിപ്രായക്കാരാണെന്നും എന്നാൽ നിലപാടുകളിൽ മാറ്റമില്ലെന്നും  അദ്ദേഹം പറഞ്ഞു.പൊലീസ് ജോലിക്കിടെ സമ്പാദിച്ച മുഴുവൻ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ചെലവാക്കിയെന്നും ഇപ്പോൾ കടക്കാരനായെന്നും അണ്ണാമലൈ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com