ചെന്നൈ ∙ വൈക്കം സത്യഗ്രഹം ശതാബ്ദി ആഘോഷങ്ങളിൽ മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ വിശിഷ്ടാതിഥിയാകും. 603 ദിവസങ്ങൾ നീളുന്ന ആഘോഷം സ്റ്റാലിനും കേരള മുഖ്യമന്ത്രി പിണറായി വിജയനും ചേർന്ന് ഉദ്ഘാടനം ചെയ്യും. പിണറായി വിജയൻ തമിഴിൽ തയാറാക്കിയ കത്തുമായി മന്ത്രി സജി ചെറിയാൻ നേരിട്ടു വീട്ടിലെത്തിയാണു സ്റ്റാലിനെ പരിപാടിയിലേക്കു ക്ഷണിച്ചത്. തുടർന്നു കേരളത്തിന്റെ ഉപഹാരമായി ആറന്മുള കണ്ണാടിയും സമ്മാനിച്ചു. ക്ഷണം സ്വീകരിച്ച സ്റ്റാലിൻ ഏപ്രിൽ ഒന്നിനു നെടുമ്പാശേരിയിൽ പ്രത്യേക വിമാനത്തിലെത്തും.
തുടർന്നു ശതാബ്ദി സമ്മേളനത്തിൽ പങ്കെടുത്തശേഷം അന്ന് കേരളത്തിൽ തങ്ങും. വൈക്കത്തെ പെരിയോർ സ്മാരകവും മ്യൂസിയവും ഉൾപ്പെടെ സന്ദർശിക്കാനും പദ്ധതിയുണ്ട്. ഡിഎംകെ എംപി ടി.ആർ.ബാലുവും ഒപ്പമുണ്ടാകും. പെരിയോർ സ്മാരകത്തിന്റെ നവീകരണം, ഇരു സംസ്ഥാനങ്ങൾ തമ്മിലുള്ള സാംസ്കാരിക വിനിമയപദ്ധതി എന്നിവ സംബന്ധിച്ച നിവേദനവും സ്റ്റാലിനു സജി ചെറിയാൻ കൈമാറി. വൈക്കം കായൽ ബീച്ചിൽ ഒരുക്കുന്ന വേദിയിലാകും ആഘോഷം. ഒരു ലക്ഷത്തോളം പേരെ പങ്കെടുപ്പിക്കാനാണു ശ്രമമെന്നും കൂടിക്കാഴ്ചയ്ക്കു ശേഷം സജി ചെറിയാൻ പറഞ്ഞു. നോർക്ക സ്പെഷൽ ഓഫിസർ അനു പി.ചാക്കോ, മനു സി.പുളിക്കൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.