ചെന്നൈ ∙ വനിതാ തടവുകാർക്ക് വിഡിയോ കോൾ വഴി എല്ലാ മാസവും കുടുംബവുമായി സംസാരിക്കുന്നതിനും ഇതുവഴി മാനസിക സമ്മർദം കുറയ്ക്കുന്നതിനുമുള്ള നടപടികളുമായി ജയിൽ വകുപ്പ്. ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങുന്നവർ ഉറ്റവരിൽ നിന്ന് ഒറ്റപ്പെടുന്ന അവസ്ഥ ഒഴിവാക്കുകയാണ് ലക്ഷ്യം. നിലവിൽ മഹാരാഷ്ട്രയിൽ മാത്രമാണ് ഇത്തരം സൗകര്യമുള്ളതെന്നും ജയിൽ വകുപ്പ് അവകാശപ്പെട്ടു.
ജയിലിനപ്പുറവും ജീവിതം
സംസ്ഥാനത്തെ വിവിധ ജയിലുകളിലായി 600ലേറെ വനിതാ തടവുകാരുണ്ട്. ഇവരെ സന്ദർശിക്കാൻ കുടുംബാംഗങ്ങൾ അധികം വരാറില്ല. ഇതു കാരണം തടവുകാർ കടുത്ത മാനസിക സമ്മർദം അനുഭവിക്കുന്നുണ്ട്. ജയിൽ വാസത്തിനിടെ ബന്ധുക്കളെ ഇടയ്ക്കിടെ കാണാൻ സാധിച്ചാൽ സമ്മർദം കുറയ്ക്കാനായേക്കും. പരീക്ഷണാടിസ്ഥാനത്തിലാണ് പദ്ധതി ആദ്യം നടപ്പാക്കുക. പ്രത്യേക മുറിയിൽ സൗകര്യങ്ങൾ ഒരുക്കും. മാസത്തിൽ എത്ര തവണ സംസാരിക്കാം, എത്ര നേരം തുടങ്ങിയ കാര്യങ്ങൾ ഉടൻ തീരുമാനിക്കും.
ഒറ്റപ്പെടൽ മാറ്റാൻ യോഗ
ജയിലിലും പുറത്തിറങ്ങിയ ശേഷവുമുള്ള ഒറ്റപ്പെടൽ ഒഴിവാക്കുന്നതിന് വനിതകൾക്ക് യോഗ പരിശീലനം നൽകുന്നു. പുസ്തകങ്ങൾ വായിക്കാനും സൗകര്യമുണ്ട്. പുറത്തിറങ്ങിയ ശേഷം വരുമാന മാർഗം കണ്ടെത്തുന്നതിനും സ്വന്തം നിലയിൽ ജീവിക്കുന്നതിനും കരകൗശല വിദ്യകൾ പഠിക്കുന്നതിനും അവരവരുടെ കഴിവുകൾ വികസിപ്പിക്കുന്നതിനും അവസരമൊരുക്കുന്നു.
പൊലീസ് ആസ്ഥാനത്ത് വിഡിയോ വാൾ
വനിതാ തടവുകാരുടെ സുരക്ഷ കൂട്ടുന്നതിനും പ്രവൃത്തികൾ മനസ്സിലാക്കുന്നതിനും സംസ്ഥാനത്തെ മുഴുവൻ സെൻട്രൽ ജയിലുകളിൽ നിന്നുമുള്ള തൽസമയ വിഡിയോ നിരീക്ഷിക്കുന്നതിന് എഗ്‌മൂറിലുള്ള ജയിൽ ആസ്ഥാനത്ത് കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ ആരംഭിച്ചു. കേന്ദ്രത്തിലെ വിഡിയോ വാളിൽ മുഴുവൻ സമയവും ദൃശ്യങ്ങൾ ലഭ്യമാകും. നിർമിത ബുദ്ധിയുടെ സഹായത്തോടെ ആധുനിക സൗകര്യങ്ങളോടെയാണു വാളിന്റെ പ്രവർത്തനം. ജയിലുകളിൽ നിന്നുള്ള അപായ സൂചനകൾ കൺട്രോൾ സെന്ററിൽ ഉടൻ ലഭിക്കും.