ADVERTISEMENT

ചെന്നൈ ∙ 30 മാസത്തിനുള്ളിൽ വന്ദേഭാരത് എക്സ്പ്രസിന്റെ സ്ലീപ്പർ ശ്രേണി പുറത്തിറക്കാനുള്ള ശ്രമങ്ങൾ ഊർജിതമാക്കി ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറി (ഐസിഎഫ്). 24 മാസത്തിനുള്ളിൽ സ്ലീപ്പർ വന്ദേഭാരതിന്റെ പ്രാഥമിക മാതൃക (പ്രോട്ടോടൈപ്പ്) പുറത്തിറക്കുമെന്നും റെയിൽവേ മന്ത്രാലയം അനുവദിച്ച 200 വന്ദേഭാരത് സ്ലീപ്പർ കോച്ചുകളിൽ 80 എണ്ണം ചെന്നൈയിൽ നിർമിക്കുമെന്നും ഐസിഎഫ് ജനറൽ മാനേജർ ബി.ജി.മല്യ പറഞ്ഞു. വന്ദേഭാരത് സ്ലീപ്പർ കോച്ചുകളിൽ ഒരു ഫസ്റ്റ് ക്ലാസ് എസി, 3 സെക്കൻഡ് എസി, 11 ത്രീ ടയർ എസി കോച്ചുകൾ എന്നിവ ഉണ്ടായിരിക്കും. 830 പേർക്ക് ഒരു സമയം യാത്ര ചെയ്യാം. 

200 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന ട്രെയിനുകൾ നിർമിക്കാനുള്ള കരാർ തയാറായിട്ടുണ്ട്. അതിനു മുന്നോടിയായി ട്രാക്ക്, സിഗ്നലിങ് സംവിധാനങ്ങൾ മെച്ചപ്പെടണം. നിലവിൽ രാജ്യത്ത് വിബി ട്രെയിൻ സെറ്റുകൾ നിർമിക്കുന്ന ഏക ഫാക്ടറിയായ ഐസിഎഫ് 21-ാം വന്ദേഭാരത് എക്സ്പ്രസ് പുറത്തിറക്കിക്കഴിഞ്ഞു. ജിഎസ്ടി കണക്കാക്കാതെ 108 കോടി രൂപയാണ് ഒരു ട്രെയിൻ സെറ്റിന്റെ നിർമാണ ചെലവ്. മണിക്കൂറിൽ 180 കിലോമീറ്റർ വേഗത വരെ വന്ദേഭാരത് വിജയകരമായി പരീക്ഷിച്ചിട്ടുണ്ടെന്നും നിലവിൽ പരമാവധി 160 കിലോമീറ്റർ വേഗതയിൽ ഓടിക്കാൻ കഴിയുമെന്നും മല്യ പറഞ്ഞു.

ആഗ്ര-ഡൽഹി പാതയിലാണു പരമാവധി വേഗതയിൽ സർവീസ് നടക്കുന്നത്. ഈ സാമ്പത്തിക വർഷം 115 വന്ദേഭാരത് ട്രെയിൻ സെറ്റുകളുടെ ഓർഡർ ലഭിച്ചതിൽ 77 എണ്ണം ഐസിഎഫിനു നിർമിക്കാൻ കഴിയും. 16 കോച്ചുകളുള്ള ഒരു വന്ദേഭാരത് എക്സ്പ്രസ് നിർമിക്കാൻ 2 മാസം സമയമാണു വേണ്ടത്. നിലവിൽ ഉപയോഗിക്കുന്ന 90 ശതമാനത്തോളം ഘടകങ്ങളും ഇന്ത്യയിൽ നിർമിച്ചവയാണ്. ചിപ്പുകളുടെ ദൗർലഭ്യവും ആക്‌സിൽ, ഫോർജ് വീൽ എന്നിവ വിതരണം ചെയ്യുന്നതിലെ കാലതാമസവുമാണ് ഉൽപാദന വേഗതയെ ബാധിക്കുന്നത്. യുക്രെയ്ൻ യുദ്ധമാണ് ഇതിനുള്ള പ്രധാന കാരണം.

ചെന്നൈ ജോലാർപേട്ടയ്ക്കും ആരക്കോണത്തിനും ഇടയിൽ സർവീസ് നടത്തുന്ന ട്രെയിനിനു പകരമായി വന്ദേ ഭാരത് സബേർബനും ഐസിഎഫ് രൂപകൽപന ചെയ്യുന്നുണ്ട്. 15 കോച്ചുകളുള്ള സബേർബൻ ട്രെയിൻ 12 അടി വീതിയുള്ള കോച്ചായിരിക്കും, 6,000 പേർക്ക് യാത്ര ചെയ്യാനുള്ള ശേഷിയുണ്ടാകും. മുംബൈ സബേർബനിൽ പ്രഖ്യാപിച്ചിട്ടുള്ള വന്ദേഭാരത് മെട്രോയുടെ പ്രോട്ടോടൈപ്പും ഐസിഎഫ് രൂപകൽപന ചെയ്യുന്നുണ്ട്. 8 കോച്ചുകളുള്ള മെയിൻലൈൻ ഇലക്ട്രിക്കൽ മൾട്ടിപ്പിൾ കോച്ചിന് (ഇഎംയു) പകരമാണു വന്ദേഭാരത് മെട്രോ. ഇതിന്റെ ഒരു ട്രെയിൻ സെറ്റ് ഈ സാമ്പത്തിക വർഷം ഐസിഎഫ് നിർമിക്കും – മല്യ പറഞ്ഞു. 

കല്ലേറ് വിഷമിപ്പിക്കുന്നു:  ജനറൽ മാനേജർ

വന്ദേഭാരത് എക്സ്പ്രസിനു നേരെയുണ്ടാകുന്ന കല്ലേറ് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായും സമൂഹം ഇക്കാര്യത്തിൽ കൂടുതൽ അവബോധമുള്ളവരായി മാറണമെന്നും ഐസിഎഫ് ജനറൽ മാനേജർ ബി.ജി.മല്യ പറഞ്ഞു. വന്ദേഭാരത് എക്സ്പ്രസുകളുടെ വാതിലിനോട് ചേർന്നു സ്ഥാപിക്കുന്ന ക്യാമറകൾ കല്ലേറു നടത്തുന്നവരെ കണ്ടെത്താനും അവരുടെ ദൃശ്യങ്ങൾ പകർത്താനും ശേഷിയുള്ളതാണ്. കുട്ടികൾ അടക്കമുള്ളവരാണ് കൂടുതലും കല്ലേറു നടത്തുന്നതെന്നും ബോധവൽക്കരണം ശക്തമാക്കേണ്ടതുണ്ടെന്നും മല്യ പറഞ്ഞു. കന്നുകാലികളെ ട്രെയിൻ ഇടിക്കുന്ന സംഭവങ്ങളും ദൗർഭാഗ്യകരമാണ്. മൃഗങ്ങളുടെ ഉടമസ്ഥർ ഉത്തരവാദിത്തമില്ലാതെ പെരുമാറുന്നതാണ് ഇതിനു കാരണം. പുതിയ വന്ദേഭാരത് ട്രെയിൻ സെറ്റുകളിൽ കൗ ക്യാച്ചർ പോലെയുള്ള സംവിധാനങ്ങളും ഉൾപ്പെടുത്തുമെന്നും മല്യ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com