കേരളത്തിൽ നടന്നതിനു സമാനമായ ആക്രമണം നേരിട്ട് ചെന്നൈ നഗരത്തിലെ ഡോക്ടർ; കത്രികപ്പിടിയിൽ ജീവൻ
Mail This Article
ചെന്നൈ ∙ ചികിത്സയ്ക്കെത്തിച്ചയാൾ കേരളത്തിൽ വനിതാ ഡോക്ടറെ കത്രിക ഉപയോഗിച്ചു കുത്തിക്കൊലപ്പെടുത്തിയതിന്റെ ഞെട്ടൽ മാറും മുൻപ് നഗരത്തിലും ഡോക്ടർക്കു നേരെയും ആക്രമണം. രാജീവ് ഗാന്ധി ജനറൽ ആശുപത്രിയിലെ ഹൗസ് സർജൻ സൂര്യയെയാണു രോഗി കത്രികകൊണ്ട് കഴുത്തിൽ കുത്തിയത്.
ഗുരുതരമായി പരുക്കേറ്റ സൂര്യയെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച പുലർച്ചെയാണു സംഭവം. കരൾ രോഗത്തിനു ചികിത്സയിലായിരുന്ന ബാലാജിയാണു ഡോക്ടറെ ആക്രമിച്ചത്. ഡ്രിപ്പിടാനായി കയ്യിൽ കുത്തിയിരുന്ന സൂചി നീക്കണമെന്ന് ആവശ്യപ്പെട്ട് പുലർച്ചെ 1 മണിയോടെ ബഹളം വച്ച ഇയാൾ സമീപത്തെ മേശയിലുണ്ടായിരുന്ന കത്രിക കൈക്കലാക്കി ഡോക്ടറുടെ കഴുത്തിൽ കുത്തുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
∙ ആളിക്കത്തി പ്രതിഷേധം
സംഭവത്തെ തുടർന്ന് ആശുപത്രിയിലെ ഹൗസ് സർജൻമാരുടെ നേതൃത്വത്തിൽ ആശുപത്രി പരിസരത്ത് പ്രതിഷേധം സംഘടിപ്പിച്ചു. ഇതോടെ ആശുപത്രിയുടെ പ്രവർത്തനം താറുമാറായി. ഔട്ട് പേഷ്യന്റ് വിഭാഗത്തിൽ രോഗികളെ പരിശോധിക്കാൻ ഡോക്ടർമാർ എത്താത്തതിനാൽ നൂറുകണക്കിന് രോഗികൾ ചികിത്സ കിട്ടാതെ വലഞ്ഞു. രാജീവ് ഗാന്ധി ജനറൽ ആശുപത്രി ഡീൻ ഡോ. തേരണി രാജൻ ഹൗസ് സർജൻമാരുമായി നടത്തിയ ചർച്ചയെ തുടർന്നാണ് 2 മണിക്കൂറോളം തുടർന്ന സമരം ഡോക്ടർമാർ അവസാനിപ്പിച്ചത്.
∙ സുരക്ഷ ഉറപ്പാക്കും
ഡ്യൂട്ടിയിലുള്ള ഹൗസ് സർജൻമാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് ഡീൻ ഉറപ്പു നൽകിയതായി അധികൃതർ പറഞ്ഞു. ആരോഗ്യമന്ത്രിയുമായി ചർച്ച നടത്തിയതായും ആശുപത്രിക്കും ഡോക്ടർമാർക്കും സുരക്ഷ ഉറപ്പാക്കാനും ഭാവിയിൽ ഇത്തരം ആക്രമണങ്ങൾ ഉണ്ടാകാതിരിക്കാനുള്ള മുൻകരുതൽ എന്ന നിലയിൽ കൂടുതൽ സുരക്ഷാ ജീവനക്കാരെ നിയോഗിക്കാനും മന്ത്രി നിർദേശം നൽകിയതായി ആശുപത്രി ഡീൻ ഡോ. തേരണി രാജൻ പറഞ്ഞു. ഡോക്ടറെ ആക്രമിച്ച ബാലാജിയെ അറസ്റ്റ് ചെയ്ത് വിവിധ വകുപ്പുകൾ പ്രകാരം കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്.
ആശങ്കയുണ്ട്; വേണം പാനിക് ബട്ടൺ : ഡോ. ആർ.എസ്.അരുൺ, ഉദരരോഗ വിഭാഗം മേധാവി, മദ്രാസ് മെഡിക്കൽ മിഷൻ
"സ്വയരക്ഷ പ്രഥമ പരിഗണനയായി കരുതുന്നവരല്ല ഡോക്ടർമാർ. രോഗികളെ പരിശോധിക്കുകയും ചികിത്സിക്കുകയും ചെയ്യുമ്പോൾ സ്വരക്ഷയെക്കുറിച്ച് ആകുലപ്പെടേണ്ടി വന്നാൽ അത് ചികിത്സയെത്തന്നെ ബാധിക്കും. അതിനാൽ ഡോക്ടർമാർക്കെതിരെ ആക്രമണങ്ങൾ ഉണ്ടാകുന്നതു സംബന്ധിച്ച വാർത്തകൾ ആശങ്കയുണ്ടാക്കുന്നതാണ്.
ഇത്തരം ആക്രമണങ്ങൾക്കു മുതിരുന്ന ആളുകൾ ഏതെങ്കിലും തരത്തിലുള്ള ലഹരിപദാർഥങ്ങളുടെ അടിമകളാകാൻ സാധ്യതയുണ്ട്. രാജീവ് ഗാന്ധി ആശുപത്രിയിൽ ആക്രമണം നടത്തിയ ആളും മദ്യപാനം മൂലം കരൾരോഗ ബാധിതനായ ആളാണെന്നാണ് അറിയാൻ കഴിഞ്ഞത്. ഇത്തരക്കാരെ ചികിത്സിക്കാൻ നിയോഗിക്കപ്പെടുന്ന ഡോക്ടർമാർക്ക് രോഗിയുടെ അവസ്ഥയെക്കുറിച്ച് മുന്നറിയിപ്പു നൽകേണ്ടതുണ്ട്.രോഗികളെ പരിശോധിക്കുന്ന സ്ഥലത്തും രോഗിയുടെ സമീപത്തും ശസ്ത്രക്രിയാ ഉപകരണങ്ങളടക്കം മൂർച്ചയേറിയ വസ്തുക്കൾ ഉണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. അവ അത്തരം നടപടിക്രമങ്ങൾ നടത്തുന്ന സ്ഥലങ്ങളിൽ മാത്രം സൂക്ഷിക്കണം.
ഏറ്റവും പ്രധാനം ‘പാനിക് ബട്ടനുകൾ’ സ്ഥാപിക്കുകയാണ്. പുതിയ സാഹചര്യത്തിൽ, വാർഡുകളിലും രോഗികളെ പരിശോധിക്കുന്ന ഇടങ്ങളിലും എല്ലാം പാനിക് ബട്ടൻ സ്ഥാപിക്കാനുള്ള നടപടികളുണ്ടാകണം. അടിയന്തര സാഹചര്യങ്ങളിൽ ഇവ പ്രവർത്തിപ്പിക്കുന്നതിലൂടെ സുരക്ഷാ ജീവനക്കാരുടെയും ആശുപത്രി അധികൃതരുടെയും ശ്രദ്ധ വളരെപ്പെട്ടെന്ന് സംഭവ സ്ഥലത്തേക്ക് എത്തിക്കാൻ സാധിക്കും.’’