ADVERTISEMENT

ചെന്നൈ ∙ രാജ്യതലസ്ഥാനത്തിന്റെ ഭരണനിർവഹണവുമായി ബന്ധപ്പെട്ടു കേന്ദ്രസർക്കാർ പുറത്തിറക്കിയ ഓർഡിനൻസിനെതിരെ ആംആദ്മി പാർട്ടി നടത്തുന്ന നീക്കങ്ങൾക്ക് ഡിഎംകെ പിന്തുണ.ഡൽഹി സംസ്ഥാന സർക്കാരിന് അനുകൂലമായി സുപ്രീം കോടതി പുറപ്പെടുവിച്ച വിധി നടപ്പാക്കരുതെന്ന ഉദ്ദേശ്യത്തോടെയാണ് കേന്ദ്ര സർക്കാർ അടിയന്തരമായി ഓർഡിനൻസ് കൊണ്ടുവരുന്നതെന്നും ഇതിനെ ഡിഎംകെ ശക്തമായി എതിർക്കുമെന്നും ആംആദ്മി പാർട്ടി ദേശീയ കൺവീനറുമായ അരവിന്ദ് കേജ്‍രിവാൾ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം  മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ പറഞ്ഞു. 

ഡൽഹി മുഖ്യമന്ത്രിക്കും ആം ആദ്മി പാർട്ടിക്കും പ്രതിസന്ധി സൃഷ്ടിക്കാനാണ് മോദിയുടെ തീരുമാനം. ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കുന്നില്ല. ഇതിന് പുറമേ ഡൽഹി ലഫ്. ഗവർണർ മുഖേന പലതരത്തിലുള്ള പീഡനങ്ങളും തുടരുകയാണ്. പാർലമെന്റ് തിരഞ്ഞെടുപ്പിന് വേണ്ടി മാത്രമല്ല, ജനാധിപത്യം സംരക്ഷിക്കാനും ഇൗ കൂട്ടായ്മ തുടരണമെന്നും സ്റ്റാലിൻ പറഞ്ഞു. തമിഴ്നാടിന്റെ പിന്തുണയ്ക്കും സ്വീകരണത്തിനും കേജ്‌രിവാളും ഭഗവന്ത്മാനും നന്ദി അറിയിച്ചു. 

കോൺഗ്രസ് പിന്തുണയ്ക്കുമെന്ന് പ്രതീക്ഷ : കേജ്‌രിവാൾ 

ഓർഡിനൻസിനെതിരെയുള്ള നീക്കത്തെ കോൺഗ്രസ് പിന്തുണയ്ക്കുമെന്നു തനിക്ക് ആത്മവിശ്വാസമുണ്ടെന്നും ജനാധിപത്യവിരുദ്ധ നീക്കത്തെ കോൺഗ്രസ് എതിർക്കുമെന്നു കരുതുന്നതായും അരവിന്ദ് കേജ്‌രിവാൾ പറഞ്ഞു. ഇക്കാര്യത്തിൽ രാഹുൽ ഗാന്ധിയെയും മല്ലികാർജുൻ ഖർഗെയും കാണാൻ സമയം ചോദിച്ചിട്ടുണ്ട്. അവരുടെ മറുപടിക്കായി കാക്കുകയാണിപ്പോൾ. എല്ലാ  പ്രതിപക്ഷ നേതാക്കളും അടുത്ത ഏതാനും ദിവസങ്ങളിൽ യോഗം ചേരുന്നുണ്ട്. ഇതിനേറെ പ്രധാന്യമുണ്ടന്നും കേജ്‌രിവാൾ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com