ADVERTISEMENT

ചെന്നൈ ∙ നിരക്കു വർധനയിലൂടെ സംസ്ഥാനത്തെ ജനങ്ങളെ വീണ്ടും ഷോക്കടിപ്പിക്കാൻ ടാൻജെഡ്കോ. വൈദ്യുതി നിരക്ക് വർധിപ്പിക്കണമെന്ന ടാൻജെഡ്കോയുടെ ആവശ്യത്തിനു സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മിഷൻ സമ്മതം മൂളിയ സാഹചര്യത്തിൽ അടുത്ത മാസത്തോടെ നിരക്കുവർധന പ്രാബല്യത്തിലായേക്കും.  ഒരു വർഷത്തിനിടെ രണ്ടാം തവണയാണ്  നിരക്ക് വർധന നടപ്പാക്കുന്നത്.

നടപ്പാക്കുന്നത് കാര്യമായ വർധന?

പുതിയ നിരക്ക് വർധനയുടെ വിശദാംശങ്ങൾ സംബന്ധിച്ച് വരും ദിവസങ്ങളിൽ മാത്രമേ വ്യക്തത ലഭിക്കൂ. എന്നാൽ ടാൻജെഡ്കോ നേരിടുന്ന കനത്ത സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് നിരക്കിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടായേക്കുമെന്നാണു സൂചന. 2026–27 വരെ എല്ലാ വർഷവും ജൂലൈ 1 മുതൽ നിരക്ക് പുതുക്കുന്നതിന് റഗുലേറ്ററി കമ്മിഷൻ ടാൻജെഡ്കോയ്ക്കു കഴിഞ്ഞ വർഷം അനുമതി നൽകിയിരുന്നു.

കഴിഞ്ഞ സെപ്റ്റംബറിലാണ് ടാൻജെഡ്കോ അവസാനമായി നിരക്ക് വർധിപ്പിച്ചത്. 500 യൂണിറ്റ് വരെയുള്ള ഉപയോഗത്തിന് യൂണിറ്റിന് 3 രൂപയെന്നത് 400 യൂണിറ്റ് വരെ 4.50 രൂപയാക്കി ഉയർത്തിയിരുന്നു. 401–500 യൂണിറ്റുകൾക്ക് 6.50 രൂപ, 501–600 യൂണിറ്റുകൾക്ക് 8 രൂപ, 601–800 യൂണിറ്റുകൾക്ക് 9 രൂപ എന്നിങ്ങനെയുമായിരുന്നു വർധന. ഇൻഷുറൻസ് ഫീസ്, ഡവലപ്മെന്റ് ഫീസ്, റജിസ്ട്രേഷൻ ഫീസ്, ഡിപ്പോസിറ്റ് തുടങ്ങിയ നിരക്കുകളും ക്രമാനുഗതമായി വർധിപ്പിച്ചു. ഗാർഹിക കണക്‌ഷനുകൾക്ക് ആദ്യ 100 യൂണിറ്റ് വരെ സൗജന്യം തുടരാൻ തന്നെയായിരുന്നു തീരുമാനം. 

സ്മാർട് മീറ്ററുകൾക്ക് കരാർ ക്ഷണിച്ചു

വൈദ്യുതി സംവിധാനം ആധുനികവൽക്കരിക്കുന്നതിന്റെ ഭാഗമായി സ്മാർട്ട് മീറ്ററുകൾ സ്ഥാപിക്കുന്നതിനുള്ള നടപടികളിലേക്ക് കടന്ന് ടാൻജെഡ്കോ. സ്മാർട്ട് മീറ്റർ സ്ഥാപിക്കുന്നതിനുള്ള കരാർ ക്ഷണിച്ചു. 

താൽപര്യമുള്ളവർക്ക് ഈ മാസാവസാനം മുതൽ അപേക്ഷിച്ചു തുടങ്ങാം. സംസ്ഥാനത്തുടനീളം മീറ്റർ സ്ഥാപിക്കൽ ഒന്നര വർഷം കൊണ്ടു പൂർത്തിയാക്കുകയാണ് വൈദ്യുതി വകുപ്പിന്റെ ലക്ഷ്യം. വീട്ടിൽ സ്ഥാപിക്കുന്ന സ്മാർട്ട് മീറ്ററുകൾ ഉപയോക്താവിന്റെ മൊബൈൽ ഫോൺ വഴി ബന്ധിപ്പിക്കാനും വൈദ്യുതി ഉപയോഗം ഫോണിൽ തന്നെ ദിവസേന നിരീക്ഷിക്കാനും സാധിക്കും. വീട്ടിൽ വന്ന് മീറ്റർ റീഡിങ് നടത്തുന്ന നിലവിലെ രീതിക്കു പകരം ഓട്ടമേറ്റഡ് ബില്ലിങ് സംവിധാനത്തിലേക്കു മാറുകയും ചെയ്യും

ടാൻജെഡ്കോയ്ക്ക് എതിരെ നടപടി

തൊണ്ടയാർപെട്ട് ശനിയമ്മൻ കോവിൽ സ്ട്രീറ്റിൽ പുതുതായി ടാർ ചെയ്ത റോഡ് കുഴിച്ചതിന് ടാൻജെഡ്കോയ്ക്കെതിരെ കോർപറേഷൻ പരാതി നൽകി. ടാറിങ് നടത്തി ഒരു മാസത്തിനകം തന്നെ അടിയന്തര ആവശ്യത്തിനെന്ന പേരിൽ ടാൻജെഡ്കോ കുഴിക്കുകയായിരുന്നു. പ്രദേശവാസികൾക്ക് ഏറെ നേരം വൈദ്യുതി ഇല്ലാത്തതിനെ തുടർന്ന് അറ്റകുറ്റപ്പണികൾക്കു വേണ്ടിയാണു കുഴിച്ചതെന്നാണു ടാൻജെഡ്കോയുടെ വിശദീകരണം. പുതുതായി പണിത റോഡുകൾ ഒരു വർഷത്തിനുള്ളിൽ ടാൻജെഡ്കോ, മെട്രോ വാട്ടർ തുടങ്ങിയവ കുഴിക്കാൻ പാടില്ലെന്നാണു കോർപറേഷന്റെ നിർദേശം.

100 ചാർജിങ് പോയിന്റുകൾ

വൈദ്യുത വാഹനങ്ങൾ ചാർജ് ചെയ്യുന്നതിനായി സംസ്ഥാനത്ത് 100 ചാർജിങ് പോയിന്റുകൾ സ്ഥാപിക്കാൻ വൈദ്യുതി വകുപ്പിന്റെ തീരുമാനം. പാർക്കിങ് സൗകര്യവും ഒരുക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com