ചെന്നൈ ∙ ബീച്ചിനും ചെപ്പോക്കിനും ഇടയിൽ ജൂലൈ മുതൽ സബേർബൻ ട്രെയിനുകളുടെ സർവീസ് നിർത്തിവയ്ക്കാനുള്ള തീരുമാനം പിൻവലിച്ച് ദക്ഷിണ റെയിൽവേ. ബീച്ചിൽ നിന്ന് വേളാച്ചേരിയിലേക്കുള്ള സർവീസുകൾ ജൂലൈ മുതൽ ചെപ്പോക്കിൽ നിന്നാണ് ആരംഭിക്കുകയെന്ന് പ്രഖ്യാപിച്ചിരുന്നു. ബീച്ച് – എഗ്‌മൂർ റൂട്ടിൽ നാലാം പാതയുടെ നിർമാണം പൂർത്തിയാക്കാനാണ് നിയന്ത്രണം ഏർപ്പെടുത്താനിരുന്നത്. പതിനായിരക്കണക്കിനു യാത്രക്കാരെ ബാധിക്കുമെന്ന പരാതിയെ തുടർന്നായിരുന്നു പുനരാലോചന.
യാത്രക്കാർക്കു ബുദ്ധിമുട്ടുണ്ടാക്കാത്ത തരത്തിൽ പാതിയിരട്ടിപ്പിക്കൽ പ്രവൃത്തികൾ നടത്തുന്നതിനു പുതിയ പദ്ധതി തയാറാക്കുമെന്ന് ദക്ഷിണ റെയിൽവേ അധികൃതർ പറഞ്ഞു. എംആർടിഎസ് സർവീസുകളെ ബാധിക്കാതെ പദ്ധതി നടപ്പാക്കുന്നതു സംബന്ധിച്ച് വിവിധ തലങ്ങളിലുള്ള കൂടിയാലോചനകളും ആസൂത്രണവും ഉടൻ പൂർത്തിയാകും. 96.70 കോടി രൂപ ചെലവിലാണ് പാതയിരട്ടിപ്പിക്കൽ നടപ്പാക്കുന്നത്.