ചെന്നൈ ∙ നാവലൂർ ടോൾ പ്ലാസ പൂട്ടുമെന്ന വാഗ്ദാനം യാഥാർഥ്യമാകാത്തതോടെ കീശ ചോർന്ന് ഓൾഡ് മഹാബലിപുരം റോഡ് (ഒഎംആർ – രാജീവ് ഗാന്ധി ശാല) നിവാസികൾ. രണ്ടാം ഘട്ട മെട്രോ നിർമാണം ഊർജിതമായതോടെ ഒഎംആറിൽ മിക്ക ഭാഗത്തും ബാരിക്കേഡുകൾ സ്ഥാപിച്ച് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതോടെ പ്രദേശം പൂർണമായും ഗതാഗത കുരുക്കിൽ അകപ്പെട്ട അവസ്ഥയാണ്. ജനങ്ങളുടെ അസൗകര്യം കണക്കിലെടുത്ത് ഒഎംആറിൽ നിലവിലുണ്ടായിരുന്ന 5ൽ 4 ടോൾ ബൂത്തുകളും പൂട്ടുകയും ചെയ്തു. എന്നാൽ നാവലൂർ പ്ലാസ മാത്രം പൂട്ടാതിരുന്നതാണ് പ്രദേശവാസികളെ ചൊടിപ്പിക്കുന്നത്.
തിരഞ്ഞെടുപ്പു വാഗ്ദാനവും യാഥാർഥ്യമായില്ല
ഒഎംആറിലെ ടോൾ പിരിവ് അവസാനിപ്പിക്കാൻ നടപടികൾ സ്വീകരിക്കുമെന്നത് 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഡിഎംകെയുടെ വാഗ്ദാനങ്ങളിലൊന്നായിരുന്നു. തിരഞ്ഞെടുപ്പിന് മുൻപുതന്നെ ടോളുകൾക്കെതിരെ ഡിഎംകെയുടെ നേതൃത്വത്തിൽ നിരവധി സമരങ്ങളും സംഘടിപ്പിച്ചിരുന്നു. തമിഴച്ചി തങ്കപാണ്ഡ്യൻ എംപിയും പിന്നീട് എംഎൽഎയായ അരവിന്ദ് രമേഷും സമരത്തിൽ പങ്കെടുക്കുകയും ചെയ്തു. സംസ്ഥാനത്തെ ഭരണകക്ഷിയുടെ എംഎൽഎയും എംപിയും അടക്കമുള്ളവർ അണിനിരന്നിട്ടും ടോൾ പിരിക്കൽ നിർത്താൻ സാധിക്കുന്നില്ലെന്ന പരാതിയും പ്രദേശവാസികൾ ഉയർത്തുന്നു.
ഒഎംആറിന്റെ വടക്കൻ ഭാഗങ്ങളിലെ ടോളുകൾ പ്രവർത്തനം അവസാനിപ്പിച്ചപ്പോൾ അധികൃതർ അറിയിച്ചത്, തെക്കൻ ഭാഗങ്ങളിൽ മെട്രോ നിർമാണം ആരംഭിക്കുന്നതോടെ നാവലൂരിലെ പ്ലാസയും പൂട്ടുമെന്നായിരുന്നു. എന്നാൽ പാതയിലൊട്ടാകെ നിർമാണ പ്രവർത്തനങ്ങൾ ഊർജിതമായിട്ടും നാവലൂർ പ്ലാസ പൂട്ടാൻ നടപടിയില്ലാത്തത് യാത്രക്കാരെ കൊള്ളയടിക്കുന്നതിനു സമമാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.
മുഖ്യമന്ത്രി ഇടപെടുമെന്ന് പ്രതീക്ഷ
നാവലൂർ ടോൾ പ്ലാസയുടെ പ്രവർത്തനം നിർത്തിവയ്ക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഫെഡറേഷൻ ഓഫ് ഒഎംആർ റസിഡന്റ്സ് അസോസിയേഷൻ (എഫ്ഒഎംആർആർഎ) മുഖ്യമന്ത്രിക്കു നിവേദനം നൽകിയിരിക്കുകയാണ്. 3 ലക്ഷത്തിലേറെ ആളുകൾ താമസിക്കുന്ന പ്രദേശത്തെ 40,000 വീടുകളെയും 150 റസിഡന്റ്സ് അസോസിയേഷനുകളെയും പ്രതിനിധീകരിക്കുന്ന സംഘടനയാണ് എഫ്ഒഎംആർആർഎ.
കോർപറേഷനുകൾക്കും മുനിസിപ്പാലിറ്റികൾക്കും 10 കിലോ മീറ്റർ ചുറ്റളവിൽ ടോൾ പ്ലാസകൾ സ്ഥാപിക്കാൻ പാടില്ലെന്ന ദേശീയപാത അതോറിറ്റിയുടെ ചട്ടവും നിവേദനത്തിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
ചെന്നൈ കോർപറേഷൻ പരിധിയിൽ നിന്ന് കേവലം ഒരു കിലോമീറ്റർ മാത്രമാണ് നാവലൂർ ടോൾ പ്ലാസയിലേക്കുള്ള ദൂരം. നഗരത്തിനു ചുറ്റുമായി ചെന്ന സമുദ്രം, നെമിലി, വാനഗരം, സൂറാപ്പെട്ട്, പരാനൂർ എന്നിവിടങ്ങളിലും ഉള്ള ടോൾ പ്ലാസകൾ 10 കിലോമീറ്റർ ദൂരപരിധിക്ക് ഉള്ളിലാണെന്നും നിവേദനത്തിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
ദേശീയപാത അതോറിറ്റിയുടെ കീഴിലുള്ള ഈ ടോൾ പ്ലാസകൾ പൂട്ടണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന പൊതുമരാമത്ത് മന്ത്രി ഇ.വി.വേലു കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയുമായി ചർച്ച നടത്തിയതും അസോസിയേഷൻ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. ദേശീയപാതയിലെ ടോളുകൾ പൂട്ടണമെന്ന് ആവശ്യപ്പെടുമ്പോൾ തന്നെ സംസ്ഥാന നിയന്ത്രണത്തിലുള്ള ടോൾ പ്രവർത്തനം തുടരുന്നത് ഇരട്ടത്താപ്പാണെന്നാണ് പ്രദേശവാസികളുടെ പക്ഷം.
ദുരിതയാത്രയ്ക്ക് അധികച്ചെലവ്
മെട്രോ നിർമാണം ആരംഭിച്ചതോടെ സ്ഥാപിച്ച ബാരിക്കേഡുകൾ 6 വരിപ്പാത 4 വരിയാക്കി ചുരുക്കി. രാവിലെയും വൈകിട്ടും തിരക്കേറിയ സമയത്ത് കടുത്ത ഗതാഗത കുരുക്കാണ് അനുഭവപ്പെടുന്നത്. മറ്റു സമയങ്ങളിലും വളരെ സാവധാനം മാത്രമേ ഈ വഴിയിലൂടെ യാത്ര ചെയ്യാൻ സാധിക്കൂ. റോഡിന്റെ അവസ്ഥയും ദയനീയമാണ്. ചെറിയൊരു മഴ പെയ്താൽ യാത്ര തന്നെ അസാധ്യമാകും.
ഷോളിങ്കനല്ലൂർ മുതൽ നാവലൂർ വരെയുള്ള 7 കിലോമീറ്ററോളം ദൂരം സഞ്ചരിക്കാൻ കാറിന് 33 രൂപയാണ് ഈടാക്കുന്നത്. കിലോമീറ്ററിന് ശരാശരി 5 രൂപയെന്ന നിരക്ക് രാജ്യത്തു തന്നെ ഏറ്റവും വലിയ നിരക്കുകളിൽ ഒന്നാണെന്നാണ് പ്രദേശവാസികളുടെ ആരോപണം. സ്ട്രീറ്റ് ലൈറ്റുകൾ പോലും സ്ഥാപിക്കാത്ത റോഡിലൂടെയുള്ള ദുരിത യാത്രയ്ക്കാണ് ഇത്രയും വലിയ നിരക്ക് നൽകേണ്ടി വരുന്നത്.