ADVERTISEMENT

ചെന്നൈ ∙ കുട്ടികളിലും മുതിർന്നവരിലും ഒരേപോലെ ടൈഫോയ്ഡ് വ്യാപിക്കുന്നത് ആശങ്കയാകുന്നു. അസുഖം ബാധിച്ച് ആശുപത്രിയിൽ ചികിത്സ തേടുകയും കിടത്തി ചികിത്സയ്ക്കു വിധേയരാകുകയും ചെയ്യുന്ന കുട്ടികളുടെ എണ്ണം വർധിച്ചു. പകർച്ചവ്യാധിയായതിനാൽ കുട്ടികളുമായി ഇടപഴകുന്ന മുതിർന്നവർക്കും രോഗം ബാധിക്കാനുള്ള സാധ്യത കൂടുതലാണ്. ടൈഫോയ്ഡ് അടക്കം വിവിധ രോഗങ്ങൾ വ്യാപിക്കുന്ന സമയമായതിനാൽ അതീവ ജാഗ്രത പുലർത്തണമെന്നും പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്നുമാണ് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്.

എന്താണു ലക്ഷണങ്ങൾ?

കടുത്ത പനി

തലവേദന

വയറു വേദന

ശരീര വേദന

വയറിളക്കം

ഛർദി

തളർച്ച, ക്ഷീണം

വിശപ്പില്ലായ്മ

എങ്ങനെ പ്രതിരോധിക്കാം?

കൈകൾ ഇടയ്ക്കിടെ കഴുകുക

ശുദ്ധജലം മാത്രം കുടിക്കുക

പുറത്തു പോകുമ്പോൾ പഴങ്ങൾ, 

പാകം ചെയ്യാത്ത പച്ചക്കറി 

എന്നിവ കഴിക്കാതിരിക്കുക.

തണുത്ത ഭക്ഷണം കഴിക്കാതിരിക്കുക.

അസ്വസ്ഥതകൾ ശ്രദ്ധിക്കണം

കൂടിയ ശരീര താപനിലയും ഇടവിട്ടുള്ള പനിയും ഛർദിയും വയറിളക്കവും വിശപ്പില്ലായ്മയും ബാധിക്കുന്നവരുടെ എണ്ണം നഗരത്തിൽ കൂടിവരുന്നതായാണ് റിപ്പോർട്ട്. ഈ ലക്ഷണങ്ങളെല്ലാം ഒരുമിച്ച് അനുഭവപ്പെടാത്തതിനാൽ ആരും കാര്യമായി എടുക്കാറില്ല. എന്നാൽ ഇത്തരം ലക്ഷണങ്ങൾ വന്നാൽ ഉടൻ തന്നെ ചികിത്സ തേടണമെന്ന് ഡോക്ടർമാർ പറയുന്നു. കാരണം ഇവയെല്ലാം ടൈഫോയ്ഡിലേക്കു നയിക്കുന്ന ലക്ഷണങ്ങളാണ്. ലക്ഷണങ്ങളുടെ തുടക്കത്തിൽ ചികിത്സ തേടുമ്പോൾ വീട്ടിൽ വിശ്രമിച്ചു മരുന്നു കഴിച്ച് അസുഖം മാറ്റാം. എന്നാൽ വൈകുംതോറും ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വരും. പനി ശക്തമാകുമ്പോൾ 100 ഡിഗ്രി ഫാരൻഹീറ്റ് താപനിലയാണു പലർക്കും അനുഭവപ്പെടുന്നത്.

ബാധിക്കുന്നത് എങ്ങനെ?

സാൽമോനെല്ല ബാക്ടീരിയയാണു ടൈഫോയ്ഡിനു കാരണമാകുന്നത്. ഈ ബാക്ടീരിയയുടെ സാന്നിധ്യമുള്ള വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ് പകരുന്നത്. യാത്ര ചെയ്യുമ്പോഴും പുറത്തു നിന്നു വെള്ളം കുടിക്കുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴുമാണ് പ്രധാനമായും അതിന് സാധ്യത. പാകം ചെയ്തു കഴിക്കുന്ന ഭക്ഷണത്തെ അപേക്ഷിച്ച് പഴങ്ങൾ, പാചകം ചെയ്യാതെ കഴിക്കുന്ന പച്ചക്കറി എന്നിവ പ്രത്യേകം ശ്രദ്ധിക്കണം. കൈകൾ വൃത്തിയായി സൂക്ഷിക്കാത്തവർക്ക് അസുഖം ബാധിക്കാനുള്ള സാധ്യത കൂടുതലാണ്. ഒരാളിൽ നിന്നു മറ്റൊരാളിലേക്ക് വേഗത്തിൽ പകരാനും സാധ്യതയുണ്ട്.

‌ശരീരത്തിൽ പ്രവേശിച്ച് 1–3 ആഴ്ചകൾക്കു ശേഷമാണു രക്തത്തിൽ കലരുക. രക്തത്തിൽ എത്തിക്കഴിഞ്ഞാൽ ശരീരത്തെ പൂർണമായി ബാധിക്കും. വീട്ടിലെ വെള്ളത്തിലോ ഭക്ഷണത്തിലോ സാൽമോനെല്ല ബാക്ടീരിയയുടെ സാന്നിധ്യമുണ്ടെങ്കിൽ കൂട്ടത്തോടെ ടൈഫോയ്ഡ് വരാനുള്ള സാധ്യത കൂടുതലാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com