ADVERTISEMENT

ചെന്നൈ ∙ സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും ചിങ്ങമാസം പിറന്നതോടെ ഓണത്തിനായുള്ള കാത്തിരിപ്പിൽ നഗരം. ചിങ്ങമാസത്തിന് ഇന്ന് തുടക്കമായതോടെ ഇനി 12 ദിനങ്ങൾ മാത്രമാണു തിരുവോണത്തിനു ബാക്കിയുള്ളത്. വരും ദിവസങ്ങളിൽ  ഓണാഘോഷം ഗംഭീരമാക്കാനുള്ള അവസാനഘട്ട ഒരുക്കങ്ങളിലാണ് മലയാളി സംഘടനകൾ. വീട്ടിലെ ഓണം കെങ്കേമമാക്കാനുള്ള തയാറെടുപ്പിനെ കുറിച്ചു വീട്ടമ്മമാർ അടക്കമുള്ളവരും ആലോചിച്ചു തുടങ്ങി. മറുനാട്ടിലെ ഓണം മറക്കാനാകാത്ത അനുഭവമാക്കി മാറ്റാനുള്ള തിരക്കു പിടിച്ച പണികളിലാകും ഇനിയുള്ള ദിവസങ്ങളിൽ ചെന്നൈ മലയാളികൾ.

 ഇനി പൂക്കൾക്കായുള്ള പാച്ചിൽ

2 ദിവസം കഴിഞ്ഞ് അത്തം ആകുന്നതോടെ ഓണക്കാലം അരികിലെത്തി എന്നു പറയാം. ഓണത്തിന്റെ വിളംബരം എന്ന നിലയിൽ ചില മലയാളി സംഘടനകൾ ആഘോഷം ആരംഭിച്ചു. ഓണത്തിനു നാട്ടിൽ പോകാതെ ഇവിടെ തന്നെ കഴിയുന്ന മിക്ക കുടുംബങ്ങളും അത്തം മുതൽ തന്നെ പൂവിടാനുള്ള ഒരുക്കത്തിലാണ്. പാരിസ്, കോയമ്പേട് എന്നിവിടങ്ങളിലെ മാർക്കറ്റുകളിൽ നിന്നാകും മിക്കവരും പൂക്കൾ വാങ്ങുക. മലയാളി സംഘടനകളുടെ ഓണാഘോഷത്തിനു പുറമേ അപ്പാർട്മെന്റുകളിലും വരും ദിവസങ്ങളിൽ ആഘോഷം നടക്കും.

ഓണത്തിനു നാട്ടിലേക്കു പോകുന്നവരെ കൂടി ഉൾപ്പെടുത്തുന്നതിനായി 25നു മുൻപായിട്ടാകും ആഘോഷ പരിപാടി. കേരളീയ വസ്ത്രങ്ങൾ വിൽക്കുന്ന കടകളിൽ വരും ദിവസങ്ങളിൽ മികച്ച കച്ചവടമാണു പ്രതീക്ഷിക്കുന്നത്. കേരള സാരികളും മുണ്ടും അടക്കം വിൽക്കുന്ന മലയാളികൾ നേരിട്ടു നടത്തുന്ന ചില കടകൾ‌ നഗരത്തിലുണ്ട്. കടകളിൽ നിന്നു നേരിട്ടു വിൽക്കുന്നവയും ഓർഡർ അനുസരിച്ച് എത്തിക്കുന്നവരുമുണ്ട്. 

ഓണച്ചന്തയ്ക്ക് ഒരുക്കം

ഓണത്തോടനുബന്ധിച്ച് മലയാളി കൂട്ടായ്മകളുടെ നേതൃത്വത്തിൽ വരും ദിവസങ്ങളിൽ ഓണച്ചന്തകൾ ആരംഭിക്കും. മദിരാശി കേരള സമാജം, ചെന്നൈ മലയാളി കുടുംബശ്രീ, പല്ലാവരം കേരള സമാജം തുടങ്ങിയവയുടെ നേതൃത്വത്തിൽ ചന്ത ഒരുക്കും. വിൽപനയ്ക്ക് ആവശ്യമായ സാധനങ്ങൾ കേരളത്തിൽ നിന്നു നേരിട്ട് എത്തിക്കുന്നതിനായി ചിലർ ഇതിനകം നാട്ടിലേക്കു പോയിട്ടുണ്ട്. കേരള സാരി, വിവിധതരം അച്ചാറുകൾ, കായ വറുത്തത്, പായസത്തിന് ആവശ്യമായ സാധനങ്ങൾ തുടങ്ങിയവയെല്ലാം നാട്ടിൽ നിന്നു നേരിട്ടെത്തിക്കും.

രാമായണ മാസത്തിന് വിട

നഗരത്തിലെ മലയാളി വീടുകളെയും ക്ഷേത്രങ്ങളെയും ഭക്തിസാന്ദ്രമാക്കിയ രാമായണ മാസത്തിന് ഇന്നലെ വിരാമമായി. കർക്കടക മാസം പ്രമാണിച്ച് വീടുകളിലും ക്ഷേത്രങ്ങളിലും രാമായണ പാരായണവും ശ്രീരാമ ചിന്തകളും നിറഞ്ഞു നിന്ന കാലമാണ് കഴിഞ്ഞ ഒരു മാസം നഗരം സാക്ഷ്യം വഹിച്ചത്. ക്ഷേത്രത്തിൽ പ്രമുഖ രാമായണ പണ്ഡിതരുടെ നേതൃത്വത്തിൽ പ്രഭാഷണവും പാരായണവും നടത്തിയിരുന്നു.

കസവണിയിക്കാൻ ചിന്നലപ്പട്ടി

ഓണത്തോടനുബന്ധിച്ച് കേരളീയ വസ്ത്രങ്ങൾ നാട്ടിൽ ചൂടപ്പം പോലെ വിറ്റഴിയുമ്പോൾ നിന്നു തിരിയാൻ പറ്റാത്തത്ര ജോലിത്തിരക്കിലാണ് ഡിണ്ടിഗൽ ജില്ലയിലെ ചിന്നലപ്പട്ടി ഗ്രാമം. കേരളത്തിലേക്കുള്ള കസവു സാരികൾ, കസവു മുണ്ട് തുടങ്ങിയവയുടെ ഓർഡർ വർധിച്ചതാണു കാരണം. ധാരാളം കേരളീയ വസ്ത്രങ്ങൾ തയാറാക്കുന്ന സ്ഥലമാണ് ചിന്നലപ്പട്ടി. സാധാരണ ദിവസങ്ങളിൽ 100–150 സാരികളാണ് ഇവിടെ നിർമിക്കാറുള്ളത്. എന്നാൽ നിലവിൽ 300–500 സാരികളാണ് ദിവസേന നിർമിക്കുന്നത്. വരും ദിവസങ്ങളിൽ ഇനിയും ധാരാളം ഓർഡറുകൾ ലഭിക്കാൻ സാധ്യതയുണ്ടെന്ന് വസ്ത്ര നിർമാണവുമായി ബന്ധപ്പെട്ടവർ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com