ചെന്നൈ ∙ കലൈഞ്ജർ മകളിർ ഉരുമൈ തിട്ടത്തിന്റെ ഭാഗമായി പ്രതിമാസം 1,000 രൂപ ധനസഹായം ലഭിക്കുന്നവരുടെ അക്കൗണ്ടുകളിൽ നിന്നു ബാങ്കുകൾ പണം പിടിക്കരുതെന്ന് ധനമന്ത്രി തങ്കം തെന്നരസ്. സർക്കാർ വകയായി കഴിഞ്ഞ ദിവസം ലഭിച്ച 1,000 രൂപയിൽ നിന്ന് ബാങ്കിങ് ചാർജ്, വായ്പ എന്നിവയുടെ പേരിൽ ബാങ്കുകൾ പണം പിടിക്കുന്നതായി പരാതികൾ ഉയർന്ന സാഹചര്യത്തിലാണു മുന്നറിയിപ്പ്.പ്രതിമാസ ധനസഹായ പദ്ധതി വഴി ലഭിക്കുന്ന തുകയിൽ ബാങ്കുകൾ കൈ വയ്ക്കാൻ പാടില്ലെന്ന് നേരത്തെ അറിയിച്ചതാണെന്നും എന്നിട്ടും നിർദേശം അവഗണിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു.
സർക്കാരും ബാങ്കുകളും തമ്മിൽ കരാറുണ്ടെന്നും ലംഘിച്ചതായി കണ്ടെത്തിയാൽ തുക മറ്റു ബാങ്കുകളിലേക്കു മാറ്റാൻ നടപടികൾ എടുക്കുമെന്നും പറഞ്ഞു. കേന്ദ്ര ധനമന്ത്രിക്കു കത്തെഴുതുമെന്നും മന്ത്രി അറിയിച്ചു. വിവിധ കാരണങ്ങളാൽ ബാങ്കുകൾ പണം ഈടാക്കിയിട്ടുണ്ടെങ്കിൽ സർക്കാരിന്റെ ഹെൽപ്‌ലൈനിൽ അറിയിക്കുന്നതിന് 1100.