മണിക്കൂറുകളോളം നിർത്താതെ പെയ്ത് മഴ; ദുരിതമഴയിൽ മുങ്ങി നഗരം

Mail This Article
ചെന്നൈ ∙ നിർത്താതെ പെയ്യുന്ന മഴയുടെ ദുരിതത്തിൽ വലഞ്ഞു നഗരം. ദിവസവും 3 മണിക്കൂറോളം പെയ്യുന്ന തുടർ മഴ മൂലമുള്ള യാത്രാ ദുരിതത്തിനു പുറമേ കഴിഞ്ഞ ദിവസം പെട്രോൾ പമ്പിന്റെ മേൽക്കൂര തകർന്നു വീണ് ഒരാൾ മരിച്ചതോടെ സുരക്ഷാ ആശങ്കയിലുമാണു നഗരവാസികൾ. ഏതാനും ദിവസം കൂടി മഴ തുടരുമെന്ന മുന്നറിയിപ്പുള്ളതിനാൽ പുറത്തിറങ്ങുമ്പോൾ അതീവ ജാഗ്രത പുലർത്തണം. രാത്രിയിൽ ശക്തമായ ഇടിയും മിന്നലും ഉള്ളതിനാൽ വീട്ടിനകത്തും കരുതൽ വേണം.
മഴക്കാല യാത്ര സൂക്ഷിക്കുക
ഒക്ടോബർ രണ്ടാം വാരമാണു നഗരത്തിൽ മഴക്കാലം ആരംഭിക്കാറുള്ളതെങ്കിലും ഒരാഴ്ചയായി ശക്തമായ മഴയാണു പെയ്യുന്നത്. പെട്ടെന്നുണ്ടാകുന്ന അതിശക്തമായ മഴയും കാറ്റുംവെല്ലുവിളിയാകുന്നുണ്ട്. ഇതിനു പുറമേയാണു കഴിഞ്ഞ ദിവസമുണ്ടായ അപകടം. ശക്തമായ കാറ്റിൽ സെയ്ദാപെട്ടിലുള്ള പെട്രോൾ പമ്പിന്റെ മേൽക്കൂര തകർന്നു വീണ് ജീവനക്കാരന്റെ ദേഹത്തേക്കു തെറിച്ചു വീഴുകയായിരുന്നു.
വരും ദിവസങ്ങളിലും കാറ്റും മഴയും ഉണ്ടാകാൻ സാധ്യതയുണ്ട്. റോഡുകളിൽ വെള്ളം കെട്ടിക്കിടക്കുന്ന സ്ഥലങ്ങളിൽ വൈദ്യുത ലൈനുകൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ പ്രത്യേകം ശ്രദ്ധിക്കണം. മഴക്കാലത്ത് വെള്ളത്തിൽ ലൈനുകൾ കിടക്കുന്ന പ്രശ്നം പരിഹരിച്ചതായി മേയർ ആർ.പ്രിയ അറിയിച്ചിട്ടുണ്ടെങ്കിലും ചിലയിടങ്ങളിൽ ഇപ്പോഴും പ്രശ്നമുണ്ടെന്നു പരാതികൾ ഉയർന്നിട്ടുണ്ട്.