ADVERTISEMENT

ചെന്നൈ ∙ മഴക്കാലത്തിനു മുൻപ് നഗരത്തിലെ റോഡുകളുടെ അറ്റകുറ്റപ്പണി പൂർത്തിയാക്കാൻ ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡ് (സിഎംആർഎൽ). ആർക്കോട്ട് റോഡിലെ പണി ഒരാഴ്ചയ്ക്കുള്ളിൽ പൂർത്തിയാക്കുമെന്ന് സിഎംആർഎൽ അധിക‍ൃതർ പറഞ്ഞു. നഗരത്തിലെ പ്രധാന റോഡുകളിലൊന്നായ ആർക്കോട്ട് റോഡിൽ 2021ൽ ആരംഭിച്ച മെട്രോ പാത നിർമാണത്തിന് വലിയ രീതിയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. 

ആർക്കോട്ട് റോഡിൽ 9 കിലോമീറ്ററിലേറെ ദൈർഘ്യത്തിൽ, പോരൂർ മുതൽ കോടമ്പാക്കം വരെയുള്ള പാത നിർമാണത്തിന് മിക്കയിടങ്ങളും വൺവേയാക്കി. റോഡിന്റെ പകുതിയിലേറെയും ബാരിക്കേഡിന് മറച്ചാണ് ഭൂഗർഭ പാതയുടെ നിർമാണം പുരോഗമിക്കുന്നത്. ഇതിനാൽ, മഴ പെയ്യുമ്പോൾ മിക്കയിടങ്ങളിലും വെള്ളക്കെട്ടുകൾ രൂപപ്പെടുന്നു. പാത നിർമാണം നടക്കുന്ന സ്ഥലങ്ങളിൽ അഴുക്കുചാലുകൾ തടസ്സപ്പെടുന്നതിനാൽ ചിലയിടങ്ങളിൽ മലിനജലം റോഡിലൂടെ ഒഴുകുന്നുണ്ട്.  റോഡിലെ വെള്ളക്കെട്ടും മലിനജലം ഒഴുകുന്നതും നിമിത്തം ഇവിടങ്ങളിൽ ടാർ ഇളകി വലിയ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. കനത്ത മഴയിൽ പൂർണമായി തകർന്ന റോഡിലൂടെ ദുരിതയാത്ര നടത്തുന്ന നഗരവാസികൾക്ക് ആശ്വാസമാകുകയാണ് അറ്റകുറ്റപ്പണി പൂർത്തിയാക്കാനുള്ള നടപടി.

കുഴികളടയ്ക്കാൻ കോർപറേഷൻ

നഗരത്തിലെ 532 ഇടങ്ങളിൽ റോഡുകളിലെ കുഴികളടയ്ക്കാൻ തീവ്ര ശ്രമവുമായി ചെന്നൈ കോർപറേഷൻ രംഗത്തിറങ്ങി. ആവശ്യമായ വലിയ യന്ത്രങ്ങളും ഉപകരണങ്ങളും എത്തിക്കാൻ ട്രാഫിക് പൊലീസിന്റെ അനുമതി തേടി. നഗരത്തിൽ വലിയ തോതിൽ കുഴികൾ രൂപപ്പെടുകയും റോഡുകൾ പൂർണമായി തകരുകയും ചെയ്ത 532 ഇടങ്ങൾ കണ്ടെത്തി. റോഡുകൾ പൂർണമായി തകർന്ന ഇടങ്ങൾ റീടാർ ചെയ്യാനും കുഴികൾ അടയ്ക്കാനും നടപടി ആരംഭിച്ചു. രണ്ടാഴ്ചയ്ക്കുള്ളിൽ പ്രവൃത്തി പൂർത്തിയാക്കാൻ കരാറുകാർക്ക് നിർദേശം നൽകി. 

മെട്രോ വാട്ടറിന്റെ മേൽനോട്ടത്തിൽ അഴുക്കുചാൽ നിർമാണവും ശുദ്ധജല പൈപ്പുകൾ സ്ഥാപിക്കലും പൂർത്തിയാക്കിയ 253 റോഡുകളുടെ റീടാറിങ്ങും മഴക്കാലം ആരംഭിക്കുന്നതിനു മുൻപ് പൂർത്തിയാക്കും. രണ്ടാഴ്ച കൊണ്ട് 600 റോഡുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാൻ ഉദ്ദേശിച്ചെങ്കിലും തുടർച്ചയായി പെയ്ത മഴയെ തുടർന്ന് 400 റോഡുകളുടെ പ്രവൃത്തി മാത്രമാണ് പൂർത്തിയായത്. നഗരത്തിൽ അറ്റകുറ്റപ്പണികൾ നടത്താനായി കണ്ടെത്തിയ 3,200 റോഡുകളിൽ 2,247 എണ്ണത്തിന്റെയും റീടാറിങ് കഴിഞ്ഞു.

ഒറ്റദിവസം; 30 റോഡ് റീടാറിങ് 

ഒറ്റദിവസം കൊണ്ട് 30 റോഡുകളുടെ റീടാറിങ് പൂർത്തിയാക്കി കോർപറേഷൻ. മഴക്കാലം ആരംഭിക്കുന്നതിനു മുൻപായി റോഡുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാനുള്ള തീവ്ര ശ്രമത്തിന്റെ ഭാഗമായാണു തിങ്കളാഴ്ച മാത്രം 30 റോഡുകളുടെ ടാറിങ് നടപടികൾ പൂർത്തിയാക്കിയത്. 14 റോഡുകൾ രാത്രിയിലും മറ്റുള്ളവ പകൽ സമയത്തും ടാറിങ് നടത്തുകയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com