29 പേരെ കടിച്ച തെരുവുനായ്ക്ക് പേവിഷബാധ
Mail This Article
ചെന്നൈ ∙ റോയപുരത്ത് 29 പേരെ കടിച്ച തെരുവുനായ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. കടിയേറ്റവർക്ക് ആദ്യ ഡോസ് പ്രതിരോധ കുത്തിവയ്പു നടത്തിയതായും അടുത്ത ഡോസ് ഉടൻ നൽകുമെന്നും ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് തെരുവുനായയുടെ ആക്രമണമുണ്ടായത്. ആക്രമണകാരിയായ നായയെ പ്രദേശവാസികൾ തല്ലിക്കൊന്നു. മദ്രാസ് വെറ്ററിനറി കോളജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്.
തെരുവു നായകൾ ആക്രമണകാരികളായാൽ ഉടൻ കോർപറേഷൻ അധികൃതരെ വിവരമറിയിക്കണമെന്ന് ആരോഗ്യ മന്ത്രി എം.സുബ്രഹ്മണ്യൻ നഗരവാസികളോട് ആവശ്യപ്പെട്ടു. തെരുവുനായ്ക്കളെ പിടികൂടുന്ന പ്രവർത്തനങ്ങൾ കോർപറേഷൻ ശക്തമാക്കി. റോയപുരം, ഓൾഡ് വാഷർമാൻപെട്ട് മേഖലകളിൽ നിന്നു പിടികൂടിയ 31 നായ്ക്കളെ നിരീക്ഷിച്ചു വരികയാണെന്നും കോർപറേഷൻ അധികൃതർ പറഞ്ഞു. കടിയേറ്റാൽ 12 മണിക്കൂറിനകം പ്രതിരോധ കുത്തിവയ്പ് എടുക്കണമെന്നാണ് ആരോഗ്യവിദഗ്ധരുടെ നിർദേശം. ഇതുവഴി വൈറസ് ശരീരത്തിൽ പ്രവേശിക്കുന്നത് തടയാൻ സാധിക്കും.