ADVERTISEMENT

ചെന്നൈ ∙ ഇന്നും  നാളെയും മഴ അൽപം കുറയുമെങ്കിലും ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന ന്യൂനമർദം നഗരത്തിൽ കൂടുതൽ മഴയെത്തിക്കുമെന്ന് മേഖലാ കാലാവസ്ഥാ കേന്ദ്രം. തമിഴ്നാടിന്റെ അന്തരീക്ഷത്തിൽ നിലനിന്ന ചക്രവാതച്ചുഴി പിൻവലിയുന്നതിന്റെ പ്രഭാവത്തിലാണ് ഇന്നലെ നഗരത്തിൽ കനത്ത മഴ പെയ്തത്. ചെന്നൈ അടക്കം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും പുതുച്ചേരിയിലും മിന്നലോടു കൂടിയ മിതമായ മഴ തുടരും. അടുത്ത 24 മണിക്കൂർ നഗരത്തിലും പരിസര പ്രദേശങ്ങളിലും ആകാശം മേഘാവൃത‌മായിരിക്കുമെന്നും മേഖലാ കാലാവസ്ഥാ കേന്ദ്രം അധിക‍ൃതർ പറഞ്ഞു.

ശരാശരിയെക്കാൾ കുറഞ്ഞ മഴ
സംസ്ഥാനത്ത് വടക്കു കിഴക്കൻ കാലവർഷത്തിൽ ഇതുവരെ ലഭിച്ചത് ശരാശരിയിലും 11 ശതമാനം കുറവ് മഴയെന്ന് മേഖലാ കാലാവസ്ഥാ കേന്ദ്രം. ഒക്ടോബർ മുതൽ ഡിസംബർ വരെയാണ് സംസ്ഥാനത്ത് വടക്കു കിഴക്കൻ കാലവർഷം ശക്തമാകുന്നത്. ഒക്ടോബർ ആദ്യം മുതൽ നവംബർ മൂന്നാം വാരം വരെ സംസ്ഥാനത്ത് ലഭിക്കുന്ന ശരാശരി മഴ 331.1 മില്ലിമീറ്ററാണ്. എന്നാൽ ഈ വർഷം ഇതുവരെ ലഭിച്ചത് 294.8 മില്ലിമീറ്റർ മഴ മാത്രമാണെന്ന് കാലാവസ്ഥാ കേന്ദ്രം അധിക‍ൃതർ പറഞ്ഞു. 

ശക്തമായ മഴയ്ക്ക് സാധ്യത
ആൻഡമാൻ കടലിനു തെക്കുഭാഗത്തായി 27ന് രൂപപ്പെടുന്ന ന്യൂനമർദം ബംഗാൾ ഉൾക്കടലിന്റെ വടക്ക് – വടക്കുകിഴക്ക് ദിശയിൽ നീങ്ങി 29ന് തീവ്ര ന്യൂനമർദമായി മാറാൻ സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം അധികൃതർ പറഞ്ഞു. ഇതിന്റെ ഫലമായി ചെന്നൈ അടക്കമുള്ള ജില്ലകളിൽ കനത്ത മഴയ്ക്കു സാധ്യതയുണ്ട്. ഡിസംബർ 1 വരെയുള്ള ദിവസങ്ങളിൽ തമിഴ്നാട്ടിലും പുതുച്ചേരിയിലും വ്യാപകമായി മഴ പെയ്യുമെന്നു കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 

ഡിസംബർ ആദ്യ വാരത്തിൽ വീണ്ടും ന്യൂനമർദം രൂപപ്പെടാൻ അനുയോജ്യമായ സാഹചര്യമാണ് ബംഗാൾ ഉൾക്കടലിൽ നിലനിൽക്കുന്നത്. സമുദ്രത്തിലെ കാറ്റിന്റെ ഗതികളും ഊഷ്മാവും അനുകൂലമായാൽ ചുഴലിക്കാറ്റു രൂപപ്പെടാനുള്ള സാധ്യതയുമുണ്ട്. ഇപ്പോഴത്തെ അവസ്ഥയിൽ ഇതിന്റെ ഗതി നിർണയിക്കുക സാധ്യമല്ലെങ്കിലും ചെന്നൈ അടക്കമുള്ള തീരദേശ പ്രദേശങ്ങൾ ഈ ചുഴലിയുടെ പരിധിക്കുള്ളിൽ വന്നേക്കുമെന്നാണ് വിദഗ്ധാഭിപ്രായം.

കനത്ത മഴയിൽ മുങ്ങി നഗരം
വെള്ളിയാഴ്ച രാത്രി മുതൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ പെയ്തിരുന്നു. പുലർച്ചെ മഴ കൂടുതൽ ശക്തമായി. മിന്നലോടു കൂടിയ അതിശക്തമായ മഴയിൽ താഴ്ന്ന പ്രദേശങ്ങൾ മിക്കതും വെള്ളക്കെട്ടായി മാറി. മെട്രോ റെയിലിന്റെ രണ്ടാം ഘട്ട നിർമാണം നടക്കുന്ന പ്രദേശങ്ങളിൽ രൂപപ്പെട്ട വെള്ളക്കെട്ടിൽ ഗതാഗതം താറുമാറായി. ഗിണ്ടി, വേളാച്ചേരി, ആവഡി, പൂനമല്ലി, തിരുവേർക്കാട്, ചെമ്പരംപാക്കം, കോട്ടൂർപുരം, ടി നഗർ, മൈലാപ്പൂർ, മടിപ്പാക്കം, ആദംപാക്കം തുടങ്ങിയ സ്ഥലങ്ങളിലെല്ലാം അതിശക്തമായ മഴയാണ് അനുഭവപ്പെട്ടത്.

തരമണിയിൽ 45.2 മില്ലിമീറ്ററും മീനമ്പാക്കത്ത് 26 മില്ലിമീറ്ററും പള്ളിക്കരണയിൽ 23.9 മില്ലിമീറ്ററും മഴ രേഖപ്പെടുത്തി. കനത്ത മഴ പെയ്യുമെന്ന മുന്നറിയിപ്പിനെ തുടർന്ന് ചെങ്കൽപെട്ട്, കാഞ്ചീപുരം ജില്ലകളിൽ ശനിയാഴ്ച സ്കൂളുകൾക്ക് അവധിയായിരിക്കുമെന്ന് വെള്ളിയാഴ്ച വൈകിട്ടോടെ പ്രഖ്യാപിച്ചിരുന്നു. പുലർച്ചെ അതിശക്തമായ മഴ പെയ്തതോടെ നഗരത്തിലെ സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com