ADVERTISEMENT

ചെന്നൈ ∙ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ മേഖല അതിതീവ്ര ന്യൂനമർദവും ചുഴലിക്കാറ്റുമായി മാറുമെന്ന കാലാവസ്ഥാ പ്രവചന ആശങ്കയിൽ നഗരം.  മിഷോങ് എന്നു പേരിട്ടിരിക്കുന്ന ചുഴലിക്കാറ്റിന്റെ സഞ്ചാരഗതി വ്യക്തമായിട്ടില്ലെങ്കിലും ചെന്നൈ അടക്കമുള്ള തമിഴ്നാടിന്റെ വടക്കൻ കടൽത്തീരത്തേക്ക് എത്താനുള്ള സാധ്യത കാലാവസ്ഥാ വിദഗ്ധർ തള്ളിക്കളയുന്നില്ല. ചുഴലിക്കാറ്റ് വടക്കൻ ആന്ധ്ര, ഒഡീഷ തീരത്തേക്കു പോകാനാണു കൂടുതൽ സാധ്യതയെന്ന വിശദീകരണത്തിൽ ആശ്വസിക്കുകയാണു നഗരവാസികൾ.

ന്യൂനമർദ മേഖല രൂപപ്പെട്ടു
ദക്ഷിണ ആൻഡമാൻ കടലിനും ദക്ഷിണ തായ്‌ലൻഡിനും ഇടയിൽ ന്യൂനമർദ മേഖല രൂപപ്പെട്ടതായി മേഖലാ കാലാവസ്ഥാ കേന്ദ്രം അധികൃ‍തർ പറഞ്ഞു. ഇത് കൂടുതൽ ശക്തിപ്പെട്ട് പടിഞ്ഞാറ്, വടക്കു പടിഞ്ഞാറ് ദിശയിൽ നീങ്ങി നാളെയോടെ തീവ്ര ന്യൂനമർദമാകുമെന്നാണു കാലാവസ്ഥാ പ്രവചനം. തീവ്ര ന്യൂനമർദം വീണ്ടും ശക്തിയാർജിച്ച് തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ ഡിസംബർ 1ന് ചുഴലിക്കാറ്റായി മാറും.

ആന്ധ്രപ്രദേശ്, ദക്ഷിണ ഒഡീഷ തീരത്ത് ഡിസംബർ 5ന് തീരം കടക്കാനുള്ള സാധ്യതയാണ് നിലവിൽ കാലാവസ്ഥാ വിദഗ്ധർ കണക്കുകൂട്ടുന്നത്. എന്നാൽ ഗതിമാറാനുള്ള സാധ്യതയും ഉണ്ട്. ഇതു സംഭവിച്ചാൽ ചുഴലി ചെന്നൈ തീരത്തേക്കു തിരിഞ്ഞേക്കുമെന്നു കാലാവസ്ഥാ നിരീക്ഷകർ പറയുന്നു. മിഷോങ് എന്നാണ് മ്യാൻമറിലെ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ചുഴലിക്കാറ്റിന് പേരിട്ടിരിക്കുന്നത്. ഈ വർഷം ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന നാലാമത്തെ ചുഴലിക്കാറ്റായിരിക്കും മിഷോങ്.

ജലസംഭരണികൾ നിറഞ്ഞുകവിഞ്ഞു
സംസ്ഥാനത്ത് വടക്കുകിഴക്കൻ കാലവർഷം ശക്തിപ്രാപിച്ചതോടെ നഗരത്തിൽ പെയ്യുന്ന കനത്ത മഴ ജലസംഭരണികളിലെ ജലനിരപ്പ് ഉയർത്തി. നഗരത്തിലെ ശുദ്ധജല വിതരണത്തിന് പ്രധാനമായും ആശ്രയിക്കുന്ന പുഴൽ, ചെമ്പരമ്പാക്കം, പൂണ്ടി, ചോളവാരം തടാകങ്ങളിലെ ജലനിരപ്പ് പൂർണ സംഭരണ ശേഷിയിലേക്ക് ഉയർന്നതായി ജലവിഭവ വകുപ്പ് അധികൃതർ അറിയിച്ചു. വൃഷ്ടിപ്രദേശങ്ങളിൽ മഴ പെയ്തതോടെ തടാകങ്ങളിലേക്കുള്ള നീരൊഴുക്ക് വർധിച്ചതാണ് ജലനിരപ്പ് ഉയരാൻ കാരണം.

ചെമ്പരമ്പാക്കം തടാകത്തിലേക്ക് സെക്കൻഡിൽ 164 ഘനയടി വെള്ളം വന്നിരുന്നത് മഴ ശക്തി പ്രാപിച്ചതോടെ 532 ഘനയടിയായി ഉയർന്നു. ഇതോടെ 24 അടി ഉയരമുള്ള തടാകത്തിലെ ജലനിരപ്പ് 22.19 അടിയായി ഉയർന്നു. പുഴൽ തടാകത്തിലെ സ്ഥിതിയും സമാനമാണ്. 21.20 അടി ഉയരമുള്ള പുഴൽ തടാകത്തിലെ ജലനിരപ്പ് ഇപ്പോൾ 18.89 അടിയായി. സെക്കൻഡിൽ 281 ഘനയടി വെള്ളമാണ് തടാകത്തിലേക്ക് ഒഴുകിയെത്തുന്നു. 189 ഘനയടി ജലം തടാകത്തിൽ നിന്നു തുറന്നുവിടുന്നുണ്ട്.

35 അടി ഉയരമുള്ള പൂണ്ടി തടാകത്തിലെ ജലനിരപ്പ് 30.62 അടിയിലെത്തി. സെക്കൻഡിൽ 100 ഘനയടി വെള്ളം ഒഴുകിയെത്തുന്ന തടാകത്തിൽ നിന്ന് 162 ഘനയടി വെള്ളം തുറന്നു വിടുന്നതായി അധിക‍ൃതർ പറഞ്ഞു. അടുത്ത ദിവസങ്ങളിൽ മഴ ശക്തി പ്രാപിച്ചാൽ സുരക്ഷ അടക്കമുള്ള കാര്യങ്ങൾ കണക്കിലെടുത്ത് കൂടുതൽ വെള്ളം ജലാശയങ്ങളിൽ നിന്നു തുറന്നു വിടാൻ സാധ്യതയുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com