ADVERTISEMENT

ചെന്നൈ ∙ വലിയ പേമാരികളെയും കൊടുങ്കാറ്റിനെയും ചങ്കുറപ്പോടെ നേരിട്ട ചെന്നൈ മക്കൾ ‘മിഷോങി’നെയും മറികടക്കാൻ ഒരുങ്ങിക്കഴിഞ്ഞു. ചുഴലിക്കാറ്റ് കണക്കിലെടുത്ത് മറീന ബീച്ച്, കാശിമേട് തുറമുഖം എന്നിവിടങ്ങളിലേക്കുള്ള പ്രവേശനം പൊലീസ് നിരോധിച്ചു. മറീനയിലേക്കുള്ള എല്ലാ വഴികളും പൊലീസ് ബാരിക്കേഡ് കെട്ടി അടച്ചു. സമീപത്തുള്ള സർവീസ് റോഡിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ നീക്കി. ശക്തമായ പൊലീസ് കാവൽ ഏർപ്പെടുത്തി.

അതീവ ജാഗ്രതയിൽ 4 ജില്ലകൾ
അതിതീവ്ര മഴയ്ക്കു സാധ്യതയുള്ളതിനാൽ ചെന്നൈ, ചെങ്കൽപെട്ട്, കാഞ്ചീപുരം ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്. ഇന്നലെയും റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. തുടർച്ചയായുള്ള കനത്ത മഴയാണു നഗരത്തിലും സമീപ ജില്ലകളിലും ഇന്നും പ്രതീക്ഷിക്കുന്നത്. തിരുവള്ളൂർ ജില്ലയിൽ നേരത്തേ തന്നെ റെഡ് അലർട്ട് നൽകിയിട്ടുണ്ട്. 4 ജില്ലകളിലും ഇന്ന് ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്നു മേഖല കാലാവസ്ഥ കേന്ദ്രം അറിയിച്ചു. മണിക്കൂറിൽ 80 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. റാണിപ്പെട്ട്, വെല്ലൂർ, വില്ലുപുരം, തിരുവണ്ണാമലൈ, കാവേരി നദീതട ജില്ലകൾ എന്നിവിടങ്ങളിൽ ഓറ‍ഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

അവശ്യ സർവീസുകൾ മാത്രം
ജനത്തിനു കൂടുതൽ സുരക്ഷ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ചെന്നൈ, ചെങ്കൽപെട്ട്, കാഞ്ചീപുരം, തിരുവള്ളൂർ ജില്ലകളിൽ ഇന്ന് പൊതു അവധി നൽകിയത്. സർക്കാർ സ്ഥാപനങ്ങൾക്കു പുറമേ പൊതുമേഖലാ സ്ഥാപനങ്ങൾ, കോർപറേഷനുകൾ, ബോർ‍ഡുകൾ, ബാങ്കുകൾ, മറ്റു ധനകാര്യ സ്ഥാപനങ്ങൾ എന്നിവയ്ക്കെല്ലാം അവധി ബാധകമാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു കഴിഞ്ഞ ദിവസം തന്നെ അവധി നൽകിയിരുന്നു.

അണ്ണാ, മദ്രാസ്, അണ്ണാമലൈ സർവകലാശാലകൾ ഇന്ന് നടത്താനിരുന്ന പരീക്ഷകൾ മാറ്റിവച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും. ടിഎൻപിഎസ്‌സി ഇന്ന് നടത്താനിരുന്ന പരീക്ഷകളും മാറ്റി. 4 ജില്ലകളിലെയും ടാസ്മാക് മദ്യക്കടകൾക്കും അവധി നൽകി. ജനം പുറത്തിറങ്ങുന്നത് ഒഴിവാക്കുന്നതിനായി തിയറ്ററുകളും അടച്ചിടാൻ സാധ്യതയുണ്ട്.

അതേസമയം പാൽ, ശുദ്ധജല വിതരണം, ആശുപത്രി, മെഡിക്കൽ ഷോപ്പ്, ഇന്ധന പമ്പുകൾ, ഗതാഗതം, ഹോട്ടലുകൾ തുടങ്ങിയവ പതിവു പോലെ പ്രവർത്തിക്കും. സുരക്ഷ കണക്കിലെടുത്ത് അനാവശ്യമായി ആരും പുറത്തിറങ്ങരുതെന്ന് കാലാവസ്ഥാ വിഭാഗം കഴിഞ്ഞ ദിവസം തന്നെ നിർദേശം നൽകിയിരുന്നു. സർക്കാർ പൊതു അവധി കൂടി നൽകിയ സ്ഥിതിക്ക് ചെന്നൈയും സമീപ ജില്ലകളും ഇന്ന് ഏറെക്കുറെ അടഞ്ഞു കിടക്കും.

മുന്നറിയിപ്പുകൾ ശ്രദ്ധിക്കണം (മുഖ്യമന്ത്രി  എം.കെ.സ്റ്റാലിൻ)
ജനങ്ങൾക്ക് ആവശ്യമായ എല്ലാ മുന്നറിയിപ്പുകളും നൽകുന്നുണ്ട്. ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചു പ്രത്യേകം അറിയിക്കുന്നുണ്ട്. ശക്തമായ മഴ പെയ്യുമെന്നാണു പ്രതീക്ഷിക്കുന്നത്. അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ ആരും പുറത്തിറങ്ങരുത്

തമിഴകത്തെ ലക്ഷ്യമിട്ട് മിഷോങ് 
തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ഇന്നലെ പുലർച്ചെയാണു ചെന്നൈയിൽ നിന്നു 310 കിലോമീറ്റർ അകലെ തെക്കുകിഴക്കായി ചുഴലിക്കാറ്റായി മാറിയത്. ഇപ്പോൾ വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുന്ന ചുഴലിക്കാറ്റിന്റെ സ്ഥാനം ഇന്ന് ഉച്ചയ്ക്ക് മധ്യ പടിഞ്ഞാറ് ബംഗാൾ ഉൾക്കടലിൽ തെക്ക് ആന്ധ്രയ്ക്കും ഇതിനോടു ചേർന്നുള്ള വടക്കൻ തമിഴ്നാട്ടിലെ കടലോരത്തുമായിരിക്കും. ഇതാണ് ഇന്ന് ചെന്നൈ അടക്കമുള്ള വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനുമുള്ള കാരണം.

ചുഴലിക്കാറ്റ് വടക്കോട്ടു തന്നെ സഞ്ചരിച്ച് ആന്ധ്രയിലെ നെല്ലൂരിനും മച്ചിലിപട്ടണത്തിനും ഇടയിൽ നാളെ രാവിലെ കര തൊടുമെന്നാണ് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിരിക്കുന്നത്. നിലവിൽ ചുഴലിക്കാറ്റിന്റെ വേഗം 5 കിലോമീറ്റർ ആണ്. നാളെ കര തൊടുമ്പോൾ 100 കിലോമീറ്റർ വരെ വർധിക്കുമെന്നാണു കരുതുന്നത്. ഒഡീഷയുടെ തെക്കൻ ഭാഗങ്ങളിലും തീരപ്രദേശങ്ങളിലും കനത്ത മഴയ്ക്കു മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

നഗര വഴികളിൽ വെള്ളം
ഇന്നലെ രാവിലെ മുതൽ ഇടയ്ക്കിടെ പെയ്ത മഴ നഗരജീവിതത്തെ ബാധിച്ചു. നഗരത്തിൽ പലയിടങ്ങളിലും വെള്ളക്കെട്ട് അനുഭവപ്പെട്ടു. കോടമ്പാക്കം, മാമ്പലം തുടങ്ങിയ സ്ഥലങ്ങളിൽ ഇപ്പോൾതന്നെ വെള്ളക്കെട്ട് രൂക്ഷമാണ്. കൂടുതൽ മോട്ടർ പമ്പുകൾ ഉപയോഗിച്ചു വെള്ളക്കെട്ട് ഒഴിവാക്കുമെന്ന് കോർപറേഷൻ അറിയിച്ചിരുന്നെങ്കിലും കാര്യമായ ഗുണം ലഭിച്ചില്ല.

ഇന്നലെ രാവിലെ വരെയുള്ള കണക്കുകൾ പ്രകാരം ആലന്തൂരിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്– 5.6 സെന്റീമീറ്റർ. കോടമ്പാക്കത്ത് 5.4 സെന്റീമീറ്റർ, റോയപ്പേട്ടയിൽ 4.8 സെന്റീമീറ്റർ, അഡയാറിൽ 4.3 സെന്റീമീറ്റർ, മുഗളിവാക്കത്ത് 4.3 സെന്റീമീറ്റർ എന്നിങ്ങനെയും മഴ ലഭിക്കും.

മെട്രോ  സർവീസിൽ മാറ്റം
ഇന്ന് പൊതു അവധി ആയതിനാൽ മെട്രോ ട്രെയിനുകളുടെ സമയക്രമത്തിൽ നേരിയ മാറ്റം. പുലർച്ചെ 5–8, 11 മുതൽ വൈകിട്ട് 5 വരെ, രാത്രി 8–10 എന്നീ സമയങ്ങളിൽ 7 മിനിറ്റ് ഇടവേളയിലാകും സർവീസ്. രാവിലെ 8–11, വൈകിട്ട് 5–8 എന്നീ സമയങ്ങളിൽ 6 മിനിറ്റ് ഇടവേളയിൽ ട്രെയിനുകൾ ഓടും. രാത്രി 10 മുതൽ 11 വരെ 15 മിനിറ്റ് ഇടവേളയിൽ തന്നെയാകും സർവീസ്. '

ആരോഗ്യവും ശ്രദ്ധിക്കണം
മഴക്കാലത്ത് ആരോഗ്യ കാര്യത്തിലും ശ്രദ്ധ വേണമെന്ന് വിദഗ്ധ ഡോക്ടർമാർ മുന്നറിയിപ്പ് നൽകി. പനി, വയറിളക്കം തുടങ്ങിയ അസുഖങ്ങൾ ബാധിച്ച് ഒട്ടേറെ പേർ ചികിത്സ തേടുന്നുണ്ട്. കുട്ടികളെ കൂടുതലായി രോഗം ബാധിക്കുന്നുണ്ട്. മഴവെള്ളത്തിനൊപ്പം മലിനജലം കലരുന്നതാണു വയറിളക്കം അടക്കമുള്ള അസുഖങ്ങൾക്കു കാരണം.

ഔദ്യോഗിക വിവരങ്ങൾ ശ്രദ്ധിക്കാം
1. കാലാവസ്ഥ, സംസ്ഥാന ദുരന്ത നിവാരണ വിഭാഗം എന്നിവയുടെ നിർദേശങ്ങൾ 

പാലിക്കണം.

2. ഔദ്യോഗിക വിവരങ്ങൾക്കായി റേഡിയോ, ടിവി എന്നിവ 

ശ്രദ്ധിക്കുക.

3. താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ നേരത്തെ 

ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറണം.

4. പ്രധാനപ്പെട്ട വസ്തുക്കളും രേഖകളും നനയാത്ത 

രീതിയിൽ സൂക്ഷിക്കുക.

5. ഭക്ഷണം, വെള്ളം, പാൽ, മരുന്ന് തുടങ്ങിയ 

അവശ്യ വസ്തുക്കൾ കുറച്ചു ദിവസത്തേക്കു കരുതുക.

6. കയർ, മെഴുകുതിരി, ടോർച്ച്, എമർജൻസി, തീപ്പെട്ടി, ബാറ്ററി, ബാൻഡ് എയ്ഡ്, ഡ്രൈ ഫുഡ്, കുടിവെള്ളം, ഗ്ലൂക്കോസ് 

എന്നിവ അടങ്ങിയ എമർജൻസി കിറ്റ് സജ്ജമാക്കുക.

7. വീടിന്റെ ജനാലകൾ അടച്ചിടുക.

8. അപകടകരമായ സ്ഥലങ്ങളിലും ജലാശയങ്ങൾക്കു 

സമീപവും നിന്നുള്ള സെൽഫി ഒഴിവാക്കണം.

9. മരങ്ങൾക്ക് താഴെ വാഹനം പാർക്ക് ചെയ്യരുത്.

10. വൈദ്യുത തൂണുകളും ലൈനുകളും മരങ്ങളും വീഴാൻ സാധ്യതയുള്ളതിനാൽ അനാവശ്യമായി പുറത്തിറങ്ങുന്നത് ഒഴിവാക്കണം.

11. ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് പിൻവലിച്ചതായി ഔദ്യോഗിക അറിയിപ്പ് ഉണ്ടാകുന്നത് വരെ സുരക്ഷിതരായിരിക്കണം.

അടിയന്തര സഹായത്തിന് ബന്ധപ്പെടാം
സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻസ് സെന്റർ - 1070

വാട്സാപ്– 94458 69848

ജില്ലാ ഓപ്പറേഷൻ സെന്റർ - 1077

അവശ്യ സഹായത്തിനായി കോർപറേഷനും സർക്കാരും ഏർപ്പെടുത്തിയിട്ടുള്ള  ഹെൽപ്‌ലൈൻ നമ്പറുകൾ 

ചെന്നൈ:  044 25619204, 044 25619206, 044 25619207

ടോൾഫ്രീ നമ്പർ: 1913

വാട്സാപ്: 9445477205 

‌ജല വിതരണവും മലിനജല നിർമാർജനവുമായി  ബന്ധപ്പെട്ട പരാതികൾ അറിയിക്കാൻ:  044 45674567

വൈദ്യുതി തകരാറുകൾ സംബന്ധിച്ച പരാതികൾ അറിയിക്കാൻ: 9498794987

∙ ചെങ്കൽപെട്ട്: 044 27427412, 27427414

വാട്‌സാപ്: 9444272345

ടോൾ ഫ്രീ നമ്പർ: 1077

∙ വിഷജീവികൾ ശ്രദ്ധയിൽപെട്ടാൽ: 044-22200335

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com