ADVERTISEMENT

ചെന്നൈ∙ മിഷോങ് ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ രാത്രിയും മഴ തുടർന്നതോടെ ചെന്നൈ, കാഞ്ചീപുരം, ചെങ്കൽപ്പെട്ട്, തിരുവള്ളൂർ ജില്ലകൾക്ക് ഇന്നും പൊതു അവധി പ്രഖ്യാപിച്ചു. നഗരത്തിലെ പ്രധാന നദികളായ കൂവം, അഡയാർ എന്നിവ കരകവിഞ്ഞൊഴുകുകയാണ്. ബേസിൻ ബ്രിജ്, കൊറുക്കുപേട്ട്, അണ്ണാനഗർ, അയനാവരം, മാധവാരം, റെഡ്ഹിൽസ് തുടങ്ങി നഗരത്തിന്റെ എല്ലാ ഭാഗങ്ങളും വെള്ളത്തിൽ മുങ്ങി. 

ആവഡി, അമ്പത്തൂർ തുടങ്ങിയ കിഴക്കൻ പ്രദേശങ്ങൾ ഞായറാഴ്ച വൈകിട്ട് ആരംഭിച്ച കനത്ത മഴയിൽ തന്നെ വെള്ളക്കെട്ടിലായിരുന്നു. തെക്കൻ ചെന്നൈയിലും മധ്യ ചെന്നൈയിലും ഇന്നലെ പുലർച്ചെയോടെ ജനജീവിതം പൂർണമായും സ്തംഭിച്ചു. വേളാച്ചേരി, ഒഎംആർ, ഇസിആർ പള്ളിക്കരണ, താംബരം, മാങ്ങാട്, പൂനമല്ലി എന്നിവിടങ്ങളിലെല്ലാം റോഡുകളിൽ അരയ്ക്കു മുകളിൽ വെള്ളമുയർന്നു. 

കെകെ നഗർ, അശോക് നഗർ, വടപളനി, വൽസരവാക്കം, വിരുഗമ്പാക്കം, ടി നഗർ, തേനാംപെട്ട്, നുങ്കംപാക്കം, ചൂളൈമേട്, എഗ്‌മൂർ, പുരുഷവാക്കം, ചൂളൈ, ഒട്ടേരി തുടങ്ങിയ സ്ഥലങ്ങളിൽ വലിയ വാഹനങ്ങൾക്കു പോലും യാത്ര അസാധ്യമായി. മുഖ്യമന്ത്രി എം.കെ.സ്റ്റാലിനുമായി ഫോണിൽ സംസാരിച്ച ആഭ്യന്തര മന്ത്രി അമിത് ഷാ കേന്ദ്ര സഹായം ഉറപ്പു നൽകി. ചെന്നൈ കോർപറേഷന്റെ നേതൃത്വത്തിൽ കാൽലക്ഷത്തോളം തൊഴിലാളികളും ദുരന്തനിവാരണ സേനയുടെ അറുന്നൂറോളം പേരടങ്ങുന്ന 20 ൽ അധികം ടീമുകളും രക്ഷാപ്രവർത്തനത്തിൽ സജീവമാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com