ADVERTISEMENT

ചെന്നൈ ∙ നഗരത്തെയും സമീപ ജില്ലകളെയും മുൾമുനയിൽ നിർത്തിയ ചുഴലിക്കാറ്റ് കര തൊട്ടപ്പോൾ ചെന്നൈയ്ക്കു മുകളിൽ തെളിഞ്ഞത് നീലാകാശം. ആന്ധ്രയിലെ നെല്ലൂരിനും മച്ചിലിപട്ടണത്തിനും ഇടയിലാണു മിഷോങ് കര തൊട്ടത്. നഗരത്തിൽ ചുഴലിക്കാറ്റിന്റെ ഭീഷണി ഒഴിഞ്ഞെന്ന സൂചന നൽകി തിങ്കൾ രാത്രി പത്തോടെ മഴയും കാറ്റും ഏതാണ്ട് അവസാനിച്ചിരുന്നു. ഇന്നലെ രാവിലെ തീർത്തും നല്ല കാലാവസ്ഥയായി മാറി. രാവിലെ മുതൽ തന്നെ വെയിൽ ലഭിച്ചു തുടങ്ങിയതും ആശ്വാസമായി. കഴിഞ്ഞ ദിവസങ്ങളിൽ പെയ്തതു പോലുള്ള മഴ ഇനി ഉണ്ടാകില്ലെന്നാണു പ്രതീക്ഷ. അതേസമയം 9നു കനത്ത മഴ ഉണ്ടാകുമെന്നാണു കാലാവസ്ഥ പ്രവചനം. എത്രത്തോളം ശക്തമാകുമെന്ന് ഇപ്പോൾ വ്യക്തമല്ല.

വെള്ളവും വെളിച്ചവുമില്ല; നെറ്റ്‌വർക്കും ഇല്ല

തിങ്കളാഴ്ച രാവിലെ നിലച്ച വൈദ്യുതി പുനഃസ്ഥാപിക്കുന്നതിന് ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും എല്ലായിടത്തും ലഭ്യമാക്കാനായിട്ടില്ല. ജലവിതരണം നിലച്ചതും നഗരവാസികളെ വലച്ചു. 24 മണിക്കൂറിലേറെ വൈദ്യുതി ഇല്ലാതായതോടെ മിക്ക താമസ കേന്ദ്രങ്ങളിലും വെള്ളം തീർന്നു. പാചകത്തിനുള്ള വെള്ളം മറ്റാവശ്യങ്ങൾക്കും ഉപയോഗിച്ചതോടെ അടുക്കളയിലും പ്രതിസന്ധിയായി. ഓൺലൈൻ ഭക്ഷണ വിതരണം ലഭ്യമല്ലാതിരുന്നതും പ്രശ്നമായി. മൊബൈൽ ഫോൺ നെറ്റ്‌വർക്കിലെ തടസ്സമാണു നഗരം നേരിട്ട മറ്റൊരു പ്രതിസന്ധി. ചിലയിടങ്ങളിൽ മാത്രമാണു നെറ്റ്‌വർക് തടസ്സമില്ലാതെ ലഭിക്കുന്നത്. മിക്കയിടത്തും റേഞ്ച് പൂർണമായി ലഭിക്കാതിരിക്കുക, കോൾ പോകാതിരിക്കുക, പെട്ടെന്നു ഡിസ്‌കണക്ട് ആകുക തുടങ്ങിയ പ്രശ്‌നങ്ങളുമുണ്ട്.

കരകയറാൻ നഗരം

മഴയും കാറ്റും അകന്നെങ്കിലും ദുരിതത്തിൽ നിന്നു നഗരവും പരിസര മേഖലകളും ഇനിയും കരകയറിയിട്ടില്ല. അമ്പത്തൂരിലെ തമിഴ്‌നാട് കോഓപ്പറേറ്റീവ് മിൽക് പ്രൊഡ്യൂസേഴ്‌സ് ഫെഡറേഷൻ ലിമിറ്റഡിന്റെ അമ്പത്തൂർ ഡയറി പൂർണമായും മുങ്ങിയ നിലയിലാണ്. 5 ലക്ഷം പാൽ യൂണിറ്റുകളുടെ ഉൽപാദനത്തെ ബാധിച്ചതായി ക്ഷീര വികസന മന്ത്രി ടി.മനോ തങ്കരാജ് പറഞ്ഞു. കൊളത്തൂർ, മുടിച്ചൂർ, പോരൂർ, പള്ളിക്കരണ, ഹാരിങ്ടൻ റോഡ് തുടങ്ങി പത്തിലേറെ ഇടങ്ങളിൽ രൂക്ഷമായ വെള്ളക്കെട്ടാണ് ഉള്ളത്. പലയിടങ്ങളിലും മരം വീണിട്ടുണ്ട്. വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നുണ്ടെങ്കിലും പൂർവ സ്ഥിതിയിലെത്താൻ ദിവസങ്ങൾ എടുത്തേക്കും. നഗരത്തിലെ വൈദ്യുതി വിതരണം രണ്ടാം ദിനവും പൂർണമായി പുനഃസ്ഥാപിച്ചിട്ടില്ല. മഴക്കെടുതിയിൽ പരുക്കേറ്റ 11 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. എല്ലാ മഴ ബാധിത പ്രദേശങ്ങളിലും ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തുന്നതിന് ഒട്ടേറെ ജില്ലാ ദുരന്ത പ്രതികരണ ടീമുകൾ (ഡിഡിആർടി) രൂപീകരിച്ചു.  

എല്ലാ മഴക്കാലത്തും പള്ളിക്കരണയിൽ വെള്ളക്കെട്ട് ഉണ്ടാകാറുണ്ടെങ്കിലും അതീവ ദയനീയമാണ് ഇത്തവണത്തെ സ്ഥിതി. ബോട്ടുകളിലും മറ്റു താൽക്കാലിക സംവിധാനങ്ങളിലുമാണ് ജനങ്ങളെ ഒഴിപ്പിക്കുന്നത്. പ്രദേശത്തെ തടാകങ്ങളും റോഡുമെല്ലാം വെള്ളത്തിൽ മുങ്ങിയതോടെ അപകട സാഹചര്യങ്ങളെ അതിജീവിച്ചാണു രക്ഷാപ്രവർത്തനം. കൊളത്തൂരിൽ മിക്ക വീടുകളിലും മുട്ടറ്റം വെള്ളത്തിലാണു പലരും കഴിയുന്നത്. പ്രധാന റോഡുകളും ഇടറോഡുകളും വെള്ളത്തിൽ മുങ്ങി. ഐടി കേന്ദ്രമായ പല്ലാവരം-തുരൈപ്പാക്കം 200 ഫീറ്റ് റേഡിയൽ റോഡ് വെള്ളത്തിലാണ്. ഒട്ടേറെ ഐടി കമ്പനികളുടെ പരിസരവും ‘ജലാശയം’ ആയി. ഏറെ വീടുകളും ഈ പ്രദേശത്തുണ്ട്. മുടിച്ചൂർ, പോരൂർ, മൂലകൊത്തളം, വേളാച്ചേരി-താംബരം റോഡ്, മൈലാപ്പൂർ, നസ്‌റത്ത്‌പെട്ട്, വ്യാസർപാടി, അണ്ണന്നൂർ എന്നിവിടങ്ങളും വെള്ളത്തിലാണ്.

61,666 ക്യാംപുകൾ; 11 ലക്ഷം ഭക്ഷണ പാക്കറ്റ്; പാലും

ചെന്നൈ ∙ പേമാരി നാശം വിതച്ച ചെന്നൈ ഉൾപ്പെടെ 9 ജില്ലകളിലായി 61,666 ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്നതായി മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ അറിയിച്ചു. ഏകദേശം 11 ലക്ഷം ഭക്ഷണ പാക്കറ്റുകളും ഒരു ലക്ഷം പാൽ പാക്കറ്റുകളും ഇതുവരെ വിതരണം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നഗരത്തിലെ വെള്ളപ്പൊക്ക ലഘൂകരണ പ്രവർത്തനങ്ങൾക്കായി ചെന്നൈ കോർപറേഷൻ മറ്റ് ജില്ലകളിൽ നിന്ന് 5000 തൊഴിലാളികളെ എത്തിച്ചിട്ടുണ്ട്. ഈ തൊഴിലാളികൾ രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസ സാമഗ്രികൾ വിതരണം ചെയ്യുന്നതിനുമായി പ്രത്യേക വാഹനങ്ങളും എത്തിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. 4000 കോടിയോളം രൂപ ചെലവിട്ടു നടപ്പാക്കിയ വെള്ളപ്പൊക്ക നിവാരണ പദ്ധതികൾ മൂലമാണു വേഗം ദുരിതത്തിൽ നിന്നു ചെന്നൈയ്ക്കു കരകയറാനായത്. 2015ലെ വെള്ളപ്പൊക്കവുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത്തവണ മികച്ച രീതിയിലാണ് സാഹചര്യം കൈകാര്യം ചെയ്തത്. 2015ൽ മനുഷ്യനിർമിത വെള്ളപ്പൊക്കമാണുണ്ടായത്. ഇത്തവണ പേമാരി മൂലമുണ്ടായ സ്വാഭാവിക വെള്ളപ്പൊക്കത്തെ സംസ്ഥാനം കാര്യക്ഷമമായി കൈകാര്യം ചെയ്തതായും മുഖ്യമന്ത്രി പറഞ്ഞു.

നിറയുന്നു, ജലസംഭരണികൾ

നഗരത്തിന്റെ ജലസ്രോതസ്സുകളായ പ്രധാന ജലസംഭരണികളിലെ ജലനിരപ്പ് ഏതാണ്ടു പൂർണതോതിലേക്ക് അടുക്കുന്നു. പൂണ്ടി സംഭരണിയിൽ 34 അടിയാണു നിലവിലെ ജലനിരപ്പ്. 35 അടിയാണു സംഭരണിയുടെ ശേഷി. 18.8 അടി ശേഷിയുള്ള ഷോളവാരത്തെ സംഭരണി ഏതാണ്ട് നിറഞ്ഞിരിക്കുകയാണ്. 21.2 അടി ശേഷിയുള്ള റെഡ്ഹിൽസിൽ 20 അടി, 24 അടി ശേഷിയുള്ള ചെമ്പരമ്പാക്കത്ത് 22.9 ശേഷി എന്നിങ്ങനെയാണു നിലവിലുള്ള ജലനിരപ്പ്. 8.5 അടി ശേഷിയുള്ള വീരാണത്ത് ഇപ്പോൾ 6.55 അടി ജലമുണ്ട്. നഗരത്തിലൂടെ ഒഴുകുന്ന കൂവം, അഡയാർ നദികളിലും ജലനിരപ്പ് ഉയരുന്നുണ്ട്. അഡയാർ നദിയിൽ സെക്കൻഡിൽ 40,000 ഘനയടി വെള്ളമാണ് ഒഴുകിയെത്തുന്നത്.

ട്രെയിൻ ഗതാഗതം ഇന്നു മുതൽ

സബേർബൻ ട്രെയിനുകൾ ഇന്നു മുതൽ സർവീസ് നടത്തുമെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു. എല്ലാ റൂട്ടുകളിലും പതിവു സർവീസുകളുണ്ടാകും. കനത്ത മഴയെ തുടർന്ന് കഴിഞ്ഞ 2 ദിവസങ്ങളിൽ ട്രെയിൻ സർവീസ് ഉണ്ടായിരുന്നില്ല. എന്നാൽ മെട്രോ ട്രെയിനുകൾ ഇന്നലെ പതിവു പോലെ സർവീസ് നടത്തി. വിമാനത്താവളവും തടസ്സമില്ലാതെ പ്രവർത്തിച്ചു. എംടിസി ബസുകൾ സർവീസ് നടത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും ബസുകൾ കാര്യമായി ഓടിയില്ല. നഗരത്തിൽ റോഡ്, ട്രെയിൻ അടക്കമുള്ള മുഴുവൻ ഗതാഗത മാർഗങ്ങളും ഇന്നു സാധാരണ പോലെ പ്രവർത്തിക്കുമെന്നാണു പ്രതീക്ഷ. ചെന്നൈ സെൻട്രലിൽ നിന്നു പുറപ്പെടേണ്ട ട്രെയിനുകളിൽ ചിലത് കഴിഞ്ഞ ദിവസങ്ങളിൽ റദ്ദാക്കുകയും മറ്റു സ്റ്റേഷനുകളിൽ നിന്നു പുറപ്പെടുകയും ചെയ്തിരുന്നു. പാളങ്ങളിലെ വെള്ളക്കെട്ട് പൂർണമായി ഒഴിവായാൽ ഇന്നു മുതൽ സെൻട്രൽ സ്റ്റേഷനിൽ നിന്നുള്ള സർവീസ് പുനഃസ്ഥാപിച്ചേക്കും. 

രക്ഷാപ്രവർത്തനവുമായി കര, നാവിക, വ്യോമസേന

പേമാരി പെയ്ത ദുരിതത്തിൽ കഴിയുന്ന ചെന്നൈക്കു സഹായവുമായി കര, നാവിക, വ്യോമസേനകൾ. മദ്രാസ് റെജിമെന്റിലെ ബറ്റാലിയൻ ക്യാപ്റ്റൻ പ്രവീൺ, സുബേദാർ മനോജ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണു കരസേനയ്ക്കായി ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കിറങ്ങിയത്. തുരൈപ്പാക്കം മേഖലയിൽ കുടുങ്ങിക്കിടക്കുന്നവരെയാണ് ഇവരുടെ നേതൃത്വത്തിൽ രക്ഷിച്ചത്. വ്യോമസേനയുടെ നേതൃത്വത്തിൽ വിവിധയിടങ്ങളിൽ ഭക്ഷണപ്പൊതികൾ വിമാനത്തിൽ നിന്ന് വിതരണം ചെയ്തു. 

ഇതിനൊപ്പം ദേശീയ, സംസ്ഥാന ദുരന്ത നിവാരണ സേനകളുടെയും ജില്ലാ ദുരന്ത പ്രതികരണ സംഘത്തിന്റെയും നേതൃത്വത്തിലും രക്ഷാപ്രവർത്തനം നടക്കുന്നുണ്ട്. നഗരത്തിനു പ്രാന്തപ്രദേശത്തുള്ള മുത്തിയാൽപെട്ടിൽ ഒറ്റപ്പെട്ടുപോയ 54 കുടുംബങ്ങളെ രക്ഷപ്പെടുത്തി. സാലിഗ്രാമിൽ നിന്നു നവജാത ശിശുവിനെയും അമ്മയെയും സുരക്ഷിത സ്ഥലത്തേക്കു മാറ്റി. താഴ്ന്ന പ്രദേശങ്ങളിൽ കുടുങ്ങിയ 250 പേരെ കോട്ടൂർപുരത്തെ ക്യാംപിലേക്കും മഴവെള്ളത്തിൽ കുടുങ്ങിയ ബസിൽ നിന്നു 22 യാത്രക്കാരെ പല്ലാവരത്തെ ക്യാംപിലേക്കും മാറ്റി.

3 കേരള ട്രെയിനുകൾ റദ്ദാക്കി

തിരുവനന്തപുരം∙ ചെന്നൈയിലെ പ്രളയത്തെ തുടർന്ന് ഇന്നലെ കേരളത്തിലേക്കുള്ള 3 ട്രെയിൻ സർവീസുകൾ റദ്ദാക്കി. ചെന്നൈ–തിരുവനന്തപുരം എസി സൂപ്പർ ഫാസ്റ്റ്, ചെന്നൈ–തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ്, ചെന്നൈ–ആലപ്പുഴ എക്സ്പ്രസ് സർവീസുകളാണ് റദ്ദാക്കിയത്. ചെന്നൈ–തിരുവനന്തപുരം മെയിൽ തിരുവള്ളൂരിൽ നിന്നും ചെന്നൈ–ഗുരുവായൂർ എക്സ്പ്രസ് വിഴിപ്പുറത്തു(വില്ലുപുരം) നിന്നുമാണ് സർവീസ് ആരംഭിച്ചത്. കേരളത്തിൽ നിന്നു ചെന്നൈയിലേക്കുള്ള സർവീസുകൾ മുടക്കമില്ലാതെ ആരംഭിച്ചു. 

അതേസമയം ചുഴലിക്കാറ്റ് ആന്ധ്ര തീരത്തോട് അടുക്കുന്ന സാഹചര്യത്തിൽ അതുവഴി കേരളത്തിലേക്കു വരുന്ന ഇൻഡോർ–കൊച്ചുവേളി, നിസാമുദ്ദീൻ–കന്യാകുമാരി, ഷാലിമർ–തിരുവനന്തപുരം സർവീസുകൾ വഴിതിരിച്ചു വിട്ടു. ചെന്നൈ–തിരുവനന്തപുരം റൂട്ടിലെ വിമാന സർവീസുകളും ഭാഗികമായി മുടങ്ങി. ഇരു ഭാഗത്തേക്കുമുള്ള ഓരോ ഇൻഡിഗോ സർവീസുകളും ചെന്നൈയിലേക്കുള്ള ഒരു എയർ ഇന്ത്യ സർവീസുമാണ് മുടങ്ങിയത്. ഈ റൂട്ടിലെ മറ്റു സർവീസുകൾ പതിവുപോലെ നടന്നു. 

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ചെന്നൈ, ചെങ്കൽപെട്ട്, കാഞ്ചീപുരം, തിരുവള്ളൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും അവധി നൽകി. അതേസമയം, കഴിഞ്ഞ ദിവസങ്ങളിലേതു പോലെ പൊതു അവധി പ്രഖ്യാപിച്ചിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com