ADVERTISEMENT

ചെന്നൈ ∙ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രതിസന്ധിയെ അതിജീവിച്ച് ജീവിതത്തിലേക്കു തിരിച്ചെത്തുകയാണ് ചെന്നൈ മക്കൾ.  2 നാൾ ആശങ്കയിൽ മുങ്ങിയെങ്കിലും മിഷോങ്ങിനു മുന്നിൽ മുട്ടുമടക്കാതെ, ജീവിതം വീണ്ടും കരയ്ക്കടുപ്പിക്കുന്ന തിരക്കിലാണു ജനം. എന്നാൽ ഇനിയുള്ള ദിവസങ്ങളിൽ  പ്രതിരോധം  സ്വീകരിക്കേണ്ടതുണ്ട്. 

ശുചിത്വം പാലിക്കാം; രോഗങ്ങൾ തടയാം
∙ മഴ ഒഴിഞ്ഞെങ്കിലും പലവിധ രോഗങ്ങൾക്കുള്ള സാധ്യതയേറെ. ജലം മലിനമായതിനാൽ പകർച്ചവ്യാധി അടക്കം വെള്ളവുമായി ബന്ധപ്പെട്ട രോഗങ്ങൾക്കു സാധ്യത കൂടുതലാണ്.
∙ ചൊറിച്ചിൽ അടക്കമുള്ള ത്വക്ക് രോഗങ്ങൾ തടയുന്നതിനായി കയ്യും കാലും സോപ്പ് ഉപയോഗിച്ച് എപ്പോഴും വൃത്തിയായി സൂക്ഷിക്കുക
∙ പൈപ്പുവെള്ളം കുടിക്കുന്നത് ഒഴിവാക്കുക
∙ തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക
∙ തണുത്ത ഭക്ഷണം ഒഴിവാക്കുക. പാകം ചെയ്ത ശേഷം മാത്രം കഴിക്കുക
∙ വെള്ളത്തിൽ നിന്നു കൊതുകുജന്യ രോഗങ്ങൾക്കു സാധ്യതയുള്ളതിനാൽ പ്രത്യേകം ശ്രദ്ധിക്കുക
∙ പനി അടക്കമുള്ള രോഗലക്ഷണങ്ങൾ ശ്രദ്ധയിൽപെട്ടാൽ ചികിത്സ തേടുക
∙ കഴിഞ്ഞ ദിവസങ്ങളിലെ മഴയിൽ നന‍ഞ്ഞവർക്ക് വരും ദിവസങ്ങളിൽ പനി, ജലദോഷം, ചുമ തുടങ്ങിയ അസുഖങ്ങൾക്കു സാധ്യതയുണ്ട്. അസുഖം മൂർച്ഛിക്കുന്നതിനു മുൻപ് ചികിത്സ തേടുക.

അപകടം പതിയിരിപ്പുണ്ട്
∙ മഴ മാറിയെങ്കിലും അപകട സാഹചര്യങ്ങൾ പൂർണമായി വിട്ടൊഴിഞ്ഞിട്ടില്ലെന്നു പ്രത്യേകം ഓർക്കുക
∙ പൊട്ടിക്കിടക്കുന്ന വൈദ്യുത ലൈൻ, കുഴി എന്നിവയുണ്ടാകാമെന്നതിനാൽ ചെറിയ വെള്ളക്കെട്ടുള്ള സ്ഥലങ്ങളിലൂടെ നടക്കുമ്പോൾ പോലും പ്രത്യേകം ശ്രദ്ധിക്കുക.
∙ വൈദ്യുത ഉപകരണങ്ങളിൽ നനവില്ലെന്ന് ഉറപ്പാക്കുക
∙ വീടുകൾക്കുള്ളിൽ വെള്ളം കടന്ന് സ്വിച്ച് ബോർഡുകൾ നനയാൻ സാധ്യതയുണ്ട്. പ്ലഗ് ചെയ്യുന്നതിന് മുൻപ് പ്രത്യേകം ശ്രദ്ധിക്കുക. അല്ലെങ്കിൽ വലിയ അപകടത്തിനു കാരണമാകും.

അശ്രദ്ധ ആപത്ത്
∙ കൊതുകുജന്യ രോഗങ്ങൾക്കുള്ള സാഹചര്യം ഒഴിവാക്കുക. വെള്ളം കെട്ടിക്കിടക്കാൻ അനുവദിക്കരുത്
∙ മുതിർന്നവരുടെ കണ്ണിൽപെടാതെ കുട്ടികൾ പുറത്തേക്ക് ഇറങ്ങുന്ന സാഹചര്യം ഒഴിവാക്കുക
∙ ദിവസവും നടക്കാനിറങ്ങുന്ന പ്രായമായവരെ ഒറ്റയ്ക്കു വിടാതിരിക്കു
∙ വെള്ളത്തിലായ ഇരുചക്രവാഹനങ്ങളും കാറും സ്റ്റാർട്ട് ചെയ്യുന്നതിനു പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ഓയിൽ പരിശോധിക്കുക. വെള്ളം കയറിയിട്ടുണ്ടെങ്കിൽ മെക്കാനിക്കിനെ സമീപിക്കുക.

സ്കൂളുകൾക്ക് അവധി; പരീക്ഷ മാറ്റി
വെള്ളക്കെട്ടും പകർച്ചവ്യാധി ഭീഷണിയും കണക്കിലെടുത്ത് ഇന്നു ചെന്നൈ ജില്ലയിലെയും ചെങ്കൽപ്പെട്ടിലെ 6 താലൂക്കുകളിലെയും കാഞ്ചീപുരം ജില്ലയിലെ കാഞ്ചീപുരം, കുന്ദ്രത്തൂർ താലൂക്കിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. ഇന്നും നാളെയുമായി നടത്താനിരുന്ന അർധവാർഷിക പരീക്ഷകളും മാറ്റിവച്ചതായി സ്കൂൾ വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. 

ദുരിതാശ്വാസത്തിനായി കൈകോർക്കാം
പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ സ്വകാര്യ വ്യക്തികളെയും സന്നദ്ധ സംഘടനകളെയും ക്ഷണിച്ച് സർക്കാർ. ഇവർക്കായി പ്രത്യേക ഹെൽപ് ഡെസ്ക് തുടങ്ങി. താഴെയുള്ള ഫോൺ നമ്പറുകളിൽ ബന്ധപ്പെട്ട് റജിസ്റ്റർ ചെയ്യാം. 9791149789, 9445461712, 9895440669,7397766651.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com