ADVERTISEMENT

ചെന്നൈ ∙ മഴക്കെടുതിയിൽ നിന്നു കരകയറാൻ ശ്രമിക്കുന്ന ചെന്നൈ നിവാസികളെ പിഴിഞ്ഞ് കരിഞ്ചന്തക്കാർ. പാലും വെള്ളവും റൊട്ടിയും ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കൾ ലഭിക്കാതെ ജനങ്ങൾ ബുദ്ധിമുട്ടുന്നതിനിടെയാണു ജനങ്ങളെ ചൂഷണം ചെയ്യാൻ ഒരു സംഘം രംഗത്തെത്തിയത്. ചൂളൈമേട് പെരിയാർ റോഡിലെ ചില കടകളിൽ മെഴുകുതിരി 110 രൂപയ്ക്കാണു വിറ്റതെന്നു പ്രദേശവാസിയായ വീട്ടമ്മ പറഞ്ഞു. 

രണ്ട് ദിവസത്തിലേറെയായി ചെന്നൈയിലും പരിസര പ്രദേശങ്ങളിലും പാലിനു കടുത്ത ക്ഷാമമാണ്. പുലർച്ചെ മുതൽ പാൽ പാക്കറ്റ് വാങ്ങാൻ കടകളിൽ ക്യൂ നിൽക്കുകയും അത് ലഭിക്കാതെ മടങ്ങുകയും ചെയ്യേണ്ട വന്നതായി നാട്ടുകാർ പരാതിപ്പെട്ടു. ചില കടകളിൽ അര ലീറ്റർ പാക്കറ്റ് പാലിന് 100 രൂപ വരെ നൽകിയാണു പലരും വാങ്ങിയത്. അതേസമയം, മഴക്കെടുതി ബാധിക്കാത്ത എല്ലാ ഫാക്ടറികളിലും പാലിന്റെ ഉൽപാദനം വർധിപ്പിച്ചതായും പുറത്തുള്ള ജില്ലകളിൽ നിന്നു ചെന്നൈ നഗരത്തിൽ പാൽ എത്തിക്കുമെന്നും ആവിൻ അറിയിച്ചു.  

ചെന്നൈ നിവാസികൾ ഏറെ ആശ്രയിക്കുന്ന കാൻ വെള്ളത്തിന്റെ ലഭ്യതക്കുറവാണു നഗരവാസികളെ അലട്ടുന്ന മറ്റൊരു പ്രശ്നം. മിക്ക കടകളിലും കാൻ വെള്ളം കിട്ടാനില്ല. പാചക ആവശ്യങ്ങൾക്ക് 20 രൂപയുടെ ഒരു ലീറ്റർ കുപ്പി വാങ്ങിയാണു തൽക്കാലം മുന്നോട്ടു പോകുന്നത്. എന്നാൽ കുടിക്കുന്നതിനും പാചകത്തിനുമായി കുറഞ്ഞത് പത്തു കുപ്പികളെങ്കിലും ഒരു ദിവസം വേണ്ടി വരുമെന്നും കാനിനെ അപേക്ഷിച്ച് ഇതു വലിയ നഷ്ടമാണെന്നും നഗരവാസികൾ പറയുന്നു.  

ദുരിതമൊഴിയാതെ അമ്പത്തൂർ; കരകാണാതെ വേളാച്ചേരി 
ചെന്നൈ ∙ മഴയ്ക്ക് ശമനമുണ്ടായെങ്കിലും, വേളാച്ചേരി, താംബരം, മുടിച്ചൂർ, മേടവാക്കം, മടിപ്പാക്കം, സൈതപ്പേട്ട, ഗിണ്ടി, പഴയ വണ്ണാരപ്പേട്ട, തിരുവൊട്ടിയൂർ, തുടങ്ങിയ പ്രദേശങ്ങളിൽ അതിന്റെ ആഘാതം ഇതുവരെ വിട്ടുമാറിയിട്ടില്ല. ചെന്നൈ സെമ്മഞ്ചേരി, പെരുമ്പാക്കം പ്രദേശം പൂർണമായും വെള്ളത്താൽ ചുറ്റപ്പെട്ടതിനാൽ അവശ്യസാധനങ്ങൾ വാങ്ങാൻ കിലോമീറ്ററുകളോളം നടക്കേണ്ട സ്ഥിതിയാണ്.

പ്രളയം ഏറ്റവും കൂടുതൽ ബാധിച്ച വേളാച്ചേരിയിൽ ദുരിതബാധിതർക്ക് ഹെലികോപ്റ്ററിൽ ഭക്ഷണം എത്തിക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്.  വെള്ളക്കെട്ട് രൂക്ഷമായതിനാൽ ഭക്ഷണവും കുടിവെള്ളവും ഉൾപ്പെടെയുള്ള പ്രാഥമിക ആവശ്യങ്ങൾക്ക് പോലും പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്. അമ്പത്തൂർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിന്റെ സ്ഥിതിയും പരിതാപകരമാണ്. യന്ത്രസാമഗ്രികൾ നശിച്ചെന്നും കഴുത്തോളം വെള്ളത്തിലാണ് ആളുകൾ യാത്ര ചെയ്യുന്നതെന്നും സമീപവാസികൾ പറയുന്നു. വണ്ണാരപ്പേട്ടയിൽ വെള്ളവും വൈദ്യുതിയുമില്ലാത്തതിനെ തുടർന്ന് ജനങ്ങൾ റോഡ് ഉപരോധിച്ചതോടെ  സംഘർഷാവസ്ഥയാണ്.

ഇരുനൂറോളം പേർ സർക്കാർ ബസുകൾ തടഞ്ഞ് പ്രതിഷേധിച്ചു. കൊരട്ടൂർ, മടിപ്പാക്കം, രാം നഗർ, കുബേരൻ നഗർ പ്രദേശങ്ങളിൽ ദുരിതം ഒഴിഞ്ഞിട്ടില്ല. താംബരത്തെ കൃഷ്ണ നഗർ മേഖലയിൽ അഗ്നിരക്ഷാ സേനയും ദുരന്തനിവാരണ സേനയും രക്ഷാപ്രവർത്തനം നടത്തി. താംബരം സിഡിഒ കോളനി, രാഘവേന്ദ്ര നഗർ, ഗുഡ്‌വിൽ നഗർ, എഫ്‌ഐസി നഗർ എന്നിവിടങ്ങളിലെ താമസക്കാരെ മാറ്റിപ്പാർപ്പിച്ചു. പെരുങ്ങലത്തൂർ ഭാരതി നഗർ മേഖലയിലും വെള്ളക്കെട്ടു തുടരുകയാണ്.

വെള്ളവും ഭക്ഷണവുമില്ലാതെ മലയാളികളും
ചെന്നൈ ∙ നഗരത്തെ വിറപ്പിച്ച ചുഴലിക്കാറ്റിന്റെ കെടുതികളിൽ വലഞ്ഞ് മലയാളികളും. നഗരത്തിനകത്തും പുറത്തും താമസിക്കുന്ന മലയാളികളിൽ ചിലർ വെള്ളക്കെട്ടിൽ നിന്നു പുറത്തുകടക്കാനാകാതെ കുടുങ്ങിയപ്പോൾ മറ്റു ചിലർ ഭക്ഷണം കിട്ടാതെ വലഞ്ഞു.  ഷെണോയ് നഗറിലെ വീടിനു ചുറ്റും വെള്ളക്കെട്ട് ഉണ്ടായെന്നും 2 ദിവസം പുറത്തുകടക്കാൻ സാധിച്ചില്ലെന്നും കരുണാകരൻ പറഞ്ഞു. വെള്ളം കൂടിയതിനാൽ മറ്റുള്ളവർക്കു സഹായം ലഭ്യമാക്കാനും സാധിച്ചില്ല.

കൂവം നദിയിൽ നിന്നുള്ള മലിനജലം കലർന്നതിനാൽ രോഗങ്ങൾ അടക്കമുള്ള ദുരിതങ്ങൾ വെല്ലുവിളിയായി. വാഹനവും വീട്ടുസാധനങ്ങളുമെല്ലാം നശിച്ചു. ഭയവും ആശങ്കയും കാരണം 2 ദിവസം ഉറങ്ങാൻ പോലും കഴിഞ്ഞില്ല. ഒടുവിൽ രക്ഷയ്ക്കായി എത്തിയ ബോട്ടിൽ കയറി സുരക്ഷിത സ്ഥലത്തേക്കു രക്ഷപ്പെട്ടു. പോരൂരിലുള്ള മകളുടെ വീട്ടിലാണ് ഇപ്പോഴുള്ളതെന്നും കരുണാകരൻ പറഞ്ഞു.

ചുറ്റും വെള്ളമായിരുന്നെന്നും ഭക്ഷണമോ വെള്ളമോ കിട്ടാതെ ബുദ്ധിമുട്ടിയെന്നും വേളാച്ചേരി പത്മാവതി നഗറിൽ താമസിക്കുന്ന സുഹേഷ് പറഞ്ഞു. ഒട്ടേറെ മലയാളികളാണു പ്രദേശത്തുള്ളത്. ആശങ്കപ്പെടുത്തുന്ന സാഹചര്യമാണ്. വലിയ ബുദ്ധിമുട്ടാണു നേരിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.‌

ഓണാകാതെ ഓൺലൈൻ  
ചെന്നൈ ∙ മഴ മാറി കാലാവസ്ഥ അനുകൂലമായിട്ടും ഓൺലൈൻ ഡെലിവറി സേവനം പുനരാരംഭിക്കാത്തതിൽ നിരാശരായി നഗരവാസികൾ. ഭക്ഷണം, വെള്ളം, പച്ചക്കറി, പലചരക്ക് അടക്കം വിവിധ ആവശ്യങ്ങൾക്കായി ഏറെ പേരാണ് ഓൺലൈൻ ഡെലിവറിയെ ആശ്രയിക്കുന്നത്. ആപ് തുറക്കുമ്പോൾ ഡെലിവറി ഇപ്പോൾ ലഭ്യമല്ല എന്നാണു കാണിക്കുന്നതെന്ന് നഗരവാസികൾ പറയുന്നു.ഇന്നലെ മുതൽ സ്വകാര്യ സ്ഥാപനങ്ങൾ ഉൾപ്പെടെ പ്രവർത്തിച്ചുതുടങ്ങിയതോടെ പലരും ഭക്ഷണം ഓൺലൈനായി ഓർഡർ ചെയ്യാൻ ശ്രമിച്ചിരുന്നു. എന്നാൽ ലഭ്യമല്ലെന്ന മറുപടിയാണു കിട്ടിയത്. 

ഇന്നലെ നഗരത്തിലെ മിക്ക ഹോട്ടലുകളും തുറന്നെങ്കിലും ഊണ് അടക്കമുള്ളവ കുറച്ചു മാത്രമേ തയാറാക്കുന്നുള്ളൂ. സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരിൽ മിക്കവരും ഉച്ചഭക്ഷണത്തിന് ഹോട്ടലിനെയാണ് ആശ്രയിച്ചത്. സാധാരണ ദിവസങ്ങളിൽ ഉച്ചയ്ക്ക് 2 വരെ ഊണ് കിട്ടുമെങ്കിലും ഇന്നലെ 1.30നു മുൻപേ പലയിടത്തും ഊണും ബിരിയാണിയുമെല്ലാം തീർന്നു. സാധനങ്ങളുടെ ലഭ്യതക്കുറവും ആവശ്യക്കാരെത്തിയില്ലെങ്കിലോ എന്ന സംശയവുമാണ് വിഭവങ്ങളുടെ അളവ് പരിമിതപ്പെടുത്താൻ കാരണമെന്നാണു മനസ്സിലാകുന്നത്. ഇന്നുമുതൽ ഇവയെല്ലാം സാധാരണ നിലയിലേക്കു തിരിച്ചെത്തുമെന്നാണു ജനങ്ങളുടെ പ്രതീക്ഷ.

കുഴിയിൽ വീണ 2 യുവാക്കളെ രക്ഷിക്കാനായില്ല
വേളാച്ചേരിയിൽ 40 അടി താഴ്ചയുള്ള കുഴിയിൽ വീണ 2 യുവാക്കളെ 50 മണിക്കൂറുകൾ പിന്നിട്ടിട്ടും രക്ഷിക്കാനായില്ല. കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാൻ പ്രത്യേക ഉപകരണങ്ങളൊന്നും ഇല്ലെന്ന് പറഞ്ഞ് ഉദ്യോഗസ്ഥർ കയ്യൊഴിഞ്ഞെന്നാണ് ആരോപണം. കുടുങ്ങിക്കിടക്കുന്ന രണ്ടുപേരും ജീവനോടെയുണ്ടെന്ന എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ടതായി അധികൃതർ പറഞ്ഞു. വേളാച്ചേരി സ്വദേശി ജയശീലൻ, സിഎൻജി ഗ്യാസ് സ്റ്റേഷനിലെ ജീവനക്കാരനായ നരേഷ് എന്നിവരാണു കുടുങ്ങിയത്. നിർമാണ പ്രവർത്തനങ്ങൾക്കിടെ മണ്ണിടിഞ്ഞാണ് ഇരുവരും അപകടത്തിൽപെട്ടത്. കുഴിയിൽ വീണ 3 പേരെ നേരത്തേ രക്ഷിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com